Travel

സ്വര്‍ഗം പോലൊരു കടല്‍ത്തീരം; രത്നക്കല്ലുകള്‍ കൈകൊണ്ട് പെറുക്കിയെടുക്കാം | wonders-gemstone-beach-new-zealand

ന്യൂസിലന്‍ഡിലെ സൗത്ത് ഐലന്‍ഡ്‌ കടല്‍ത്തീരത്തിനൊരു പ്രത്യേകതയുണ്ട്. ഇവിടെങ്ങും പല നിറത്തിലുള്ള കല്ലുകള്‍ കാണാൻ സാധിക്കും. വെറും കല്ലുകളല്ല ഇവ, അമൂല്യമായ രത്നക്കല്ലുകള്‍ വരെ ഈ തീരത്ത് അങ്ങിങ്ങായി ചിതറിക്കിടക്കുന്നു. അതിനാല്‍, ‘ജെംസ്റ്റോണ്‍ ബീച്ച്’ എന്നാണ് ഇതിനെ വിളിക്കുന്നത്. ഗാർനെറ്റ്, ക്വാർട്സ്, ജാസ്പർ, നെഫ്രൈറ്റ് എന്നിങ്ങനെയുള്ള സെമി പ്രെഷ്യസ് രത്നക്കല്ലുകള്‍ തുടങ്ങി, ഇന്ദ്രനീലക്കല്ലുകള്‍ വരെ ഇവിടെ നിന്നും കിട്ടിയിട്ടുണ്ട്. ഒറെപുക്കി എന്ന കൊച്ചു പട്ടണത്തിനരികെ, ടിവേവേ തീരത്താണ് ഈ കല്ലുകള്‍ പൊതുവേ കാണുന്നത്. സൗത്ത് ഐലൻഡിലെ പ്രധാന നഗരമായ ക്രൈസ്റ്റ് ചർച്ചിൽ നിന്ന് എട്ട് മണിക്കൂറും ക്വീൻസ്ടൗണിൽ നിന്ന് ഏകദേശം മൂന്ന് മണിക്കൂറും അകലെയാണ് ഇത്.

ക്വീൻസ്‌ടൗൺ, ഫിയോർഡ്‌ലാൻഡ്, ടെ അനൗ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന സതേൺ സീനിക് റൂട്ട് വഴിയാണ് ഇവിടേക്ക് എത്തുന്നത്. സൗത്ത് ഐലൻഡിലെ ഹിമാനി തടാകങ്ങളും ഫിയോർഡ്‌ലാൻഡ് നാഷണൽ പാർക്കും ഈ വഴിയിലാണ്. കൂടാതെ, ലോകത്തിലെ ഏറ്റവും ചെറുതും അപൂർവ്വവുമായ നീല പെന്‍ഗ്വിനുകളായ കൊറോറകളെ ഈ യാത്രയില്‍ കാണാം. കടല്‍ത്തിരകളുടെ ലാളനമേറ്റ്, കിടക്കുന്ന ഈ കല്ലുകളില്‍ പലതും മിനുസമുള്ള പ്രതലത്തോടും ഉരുണ്ട ആകൃതിയോടും കൂടിയതാണ്. കല്ലുകളെപ്പോലും മിനുസപ്പെടുത്താന്‍ കഴിവുള്ളത്ര ശക്തിയേറിയ തിരകളാണ് ഇവിടെ അടിക്കുന്നത്. വേലിയിറക്കമുള്ള സമയങ്ങളിലാണ് കല്ലുകള്‍ കണ്ടെത്താനുള്ള ഏറ്റവും മികച്ച സമയം.

എപ്പോഴും ആഞ്ഞടിക്കുന്ന തിരകള്‍ കാരണം രാജ്യത്തെ ഏറ്റവും മികച്ച സര്‍ഫിങ് പ്രദേശങ്ങളില്‍ ഒന്നുകൂടിയാണ് ഇവിടം. കൂടാതെ, തിരകളില്‍ നിന്നും മത്സ്യബന്ധനം നടത്തുന്ന ‘സര്‍ഫ്കാസ്റ്റിങ്’ രീതിക്കും ഇവിടം പ്രശസ്തമാണ്. ഒരുകാലത്ത് ന്യൂസിലാൻഡിലെ ഏറ്റവും സമ്പന്നമായ പട്ടണങ്ങളിലൊന്നായിരുന്നു ഒറെപുക്കി. ഏകദേശം മൂവായിരത്തോളം ആളുകള്‍ അധിവസിച്ചിരുന്ന ഈ പട്ടണം, സ്വര്‍ണഖനികള്‍ക്ക് പ്രസിദ്ധമായിരുന്നു. ഇന്നാകട്ടെ ഇതൊരു ഉപേക്ഷിക്കപ്പെട്ട നഗരമാണ്. പഴയ പ്രതാപത്തിന്റെ ഓർമപ്പെടുത്തലുകളായി, സ്റ്റോറുകളും സ്വർണ ഖനന അവശിഷ്ടങ്ങളും ഇവിടെ കാണാം. പതിനാലാം നൂറ്റാണ്ടില്‍ ന്യൂസിലൻഡിലെത്തിയ തദ്ദേശീയ പോളിനേഷ്യൻ ജനതയാണ് മാവോറികള്‍. ഒറെപുക്കിയില്‍ എത്തിയ അവര്‍, തങ്ങളുടെ ആയുധങ്ങള്‍ മിനുക്കാനും മൂർച്ച കൂട്ടാനും ബീച്ചിലെ രത്നക്കല്ലുകൾ ഉപയോഗിച്ചു. ചരിത്രമനുസരിച്ച്, പത്തൊന്‍പതാം നൂറ്റാണ്ടില്‍, ഇവിടെ ആഞ്ഞടിച്ച സുനാമിയില്‍ ഒട്ടേറെ മാവോറികള്‍ കൊല്ലപ്പെട്ടു.

പിന്നീട്, 1865 ൽ കടൽത്തീരങ്ങളിലെ കറുത്ത മണലിൽ സ്വർണ്ണം കണ്ടെത്തിയതോടെ ഒറെപുക്കിയുടെ ‘യൂറോപ്യന്‍ ജീവിതം’ ആരംഭിച്ചു. പിന്നീട് ഇവിടെ ഖനനപ്രവര്‍ത്തനങ്ങള്‍ സജീവമായി. ഖനനജോലികള്‍ക്കായി, 1885 മേയ് 25 ന് ഒറെപുക്കിയിലേക്ക് ഒരു ബ്രാഞ്ച് ലൈൻ റെയിൽവേ തുറന്നു. പിന്നീട് അടച്ചെങ്കിലും ഒറെപുക്കി സ്റ്റേഷൻ കെട്ടിടം ഇപ്പോഴും നിലനിൽക്കുന്നു. സോമില്ലിങ്, കൽക്കരി ഖനനം, ഷെയ്ൽ വർക്കുകൾ, പ്ലാറ്റിനം വേർതിരിച്ചെടുക്കാനുള്ള ഒരു സ്മെൽറ്റർ, ഒരു ഫ്ളാക്സ് മിൽ, കൃഷി എന്നിവ ഇന്നും പ്രധാന വ്യവസായങ്ങളായി നിലനിൽക്കുന്നു. ഒറെപുക്കി പ്രൈമറി സ്കൂൾ 2003 ൽ അടച്ചുപൂട്ടി. 2014 ഓടെ, പുതിയ വീടുകൾ പണിയുകയും പഴയവ പുതുക്കിപ്പണിയുകയും ഒറെപുക്കി ബീച്ച് കഫേ തുറക്കുകയും ചെയ്തു.