ഡല്‍ഹി : ഡല്‍ഹി: ന്യൂസ് മിനിറ്റ് സ്ഥാപക ധന്യ രാജേന്ദ്രനെതിരായ അപകീർത്തികരമായ പ്രസ്താവനകൾ അടങ്ങിയ യൂട്യൂബ് വീഡിയോകളും ലേഖനങ്ങളും നീക്കം ചെയ്യാന്‍ ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി.
കര്‍മ ന്യൂസ്, ജനം ടിവി, ജന്‍മഭൂമി മാധ്യമങ്ങളോടാണ് ധന്യക്കെതിരായി പ്രസിദ്ധീകരിച്ച വാര്‍ത്തകളും വീഡിയോകളും നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചത്. പത്ത് ദിവസത്തിനകം നീക്കം ചെയ്യണമെന്നാണ് ഉത്തരവ്. പ്രസ്തുത ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതില്‍ മാധ്യമസ്ഥാപനങ്ങള്‍ പരാജയപ്പെട്ടാല്‍ യുട്യൂബിനെ സമീപിക്കാനും ധന്യക്കും ന്യൂസ് മിനിറ്റിനും സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.
പ്രമുഖ അമേരിക്കൻ വ്യവസായി ജോർജ് സോറോസിന്റെ ഏജന്റുകളാണ് എന്നാരോപിച്ച് ധന്യക്കും ഡിജിറ്റൽ വാർത്താ പ്രസിദ്ധീകരണങ്ങളുടെ കൂട്ടായ്മയായ ഡിജി പബ്ബിനെതിരേയും നൽകിയ വീഡിയോകളും ലേഖനങ്ങളും പിൻവലിക്കാനാണ് ഉത്തരവിട്ടത്. ധന്യ നൽകിയ മാനനഷ്ടക്കേസിലായിരുന്നു ജസ്റ്റിസ് വികാസ് മഹാജന്റെ ഇടക്കാല ഉത്തരവ്.
ധന്യക്കെതിരായ ആരോപണങ്ങൾ തെളിയിക്കാനോ അതുമായി ബന്ധപ്പെട്ട സ്രോതസുകൾ വ്യക്തമാക്കാനോ എതിർപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്നും ഉന്നയിച്ചത് വെറും ആരോപണങ്ങൾ മാത്രമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. 2023 മാർച്ച് 25ന് സ്വതന്ത്ര മാധ്യമ ചാനലുകൾ ചേർന്ന് ‘കട്ടിങ് സൗത്ത് 2023’ എന്ന പേരിൽ ഒരു കോൺക്ലേവ് സംഘടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യയിൽ ആഭ്യന്തര സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ജോർജ്ജ് സോറോസിൻറെ ഏജൻറാണ് ധന്യയെന്ന് ആരോപിച്ച് കേരളത്തിലെ സംഘപരിവാർ അനുകൂല മാധ്യമങ്ങൾ വാർത്തകളും വീഡിയോകളും പുറത്തു വിട്ടത്.