ഡെറാഡൂണ്‍ : ഹിന്ദുത്വ സംഘങ്ങളുടെ ഭീഷണിയെ തുടര്‍ന്ന് രായ്ക്കുരാമാനം കിട്ടിയ സാധനങ്ങള്‍ കെട്ടിപ്പെറുക്കി വീടുവിട്ടിറങ്ങിയ മുസ്‌ലിം കുടുംബങ്ങള്‍ പുരോലയിലെ വീടുകളിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു. ഒരു വര്‍ഷംമുന്‍പ് ദേശീയ മാധ്യമങ്ങളിലടക്കം വലിയ വാര്‍ത്താ തലക്കെട്ടായിരുന്നു ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുള്ള ഈ ചെറുപട്ടണം. ‘ലവ് ജിഹാദ്’ ആരോപിച്ച് ഹിന്ദുത്വ സംഘങ്ങള്‍ മുസ്‌ലിം കുടുംബങ്ങളെ ഒന്നാകെ ഭീഷണിപ്പെടുത്തി പുരോലയില്‍നിന്ന് ആട്ടിപ്പായിക്കുകയായിരുന്നു.
2023 ജൂണ്‍, ജൂലൈ മാസങ്ങളില്‍ ആയിരുന്നു സംഭവം. ഒരു വര്‍ഷം കഴിഞ്ഞ് ആ ആരോപണം വ്യാജമായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഉത്തരകാശി ജില്ലാ സെഷന്‍സ് കോടതി. ഇതിനു പിന്നാലെ മുസ്‌ലിം കുടുംബങ്ങളും സ്വന്തം വീടുകളിലേക്കു മടങ്ങാനൊരുങ്ങുകയാണെന്ന വാര്‍ത്തയാണിപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സന്തോഷത്തോടെ ജീവിച്ച പഴയ പുരോലയിലേക്കല്ല തങ്ങള്‍ മടങ്ങുന്നതെന്ന സത്യം അവര്‍ ഉള്‍ക്കൊണ്ടുകഴിഞ്ഞിട്ടുണ്ട്. സ്വന്തം അയല്‍ക്കാര്‍ക്കിടയില്‍ പോലും സംശയത്തിന്റെയും പകയുടെയും കനല്‍ എരിഞ്ഞുകത്തുന്നുണ്ടെന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നത്. ഇനിയൊരു മടക്കമുണ്ടാകില്ലെന്ന ഭീതിയില്‍ അന്നു കിടപ്പാടം വിറ്റ് രക്ഷപ്പെടുകയായിരുന്നുവെന്നാണ് പുരോലയില്‍ ടെക്‌സ്റ്റൈല്‍ സ്ഥാപനം നടത്തുന്ന സോനു ഖാന്‍ ‘ദ ഹിന്ദു’വിനോട് പറഞ്ഞത്. കുറേകാലം ഒരു ബന്ധുവിന്റെ വീട്ടിലാണു കഴിഞ്ഞത്. പിന്നീട് ഒരു ഹിന്ദു സുഹൃത്ത് തന്നെ അവന്റെ വീട്ടില്‍ അഭയം നല്‍കി. ഇപ്പോള്‍ തന്റെ കടയിലേക്ക് ഇപ്പോള്‍ ഹിന്ദുക്കള്‍ വരുന്നത് അപൂര്‍വമാണെന്നും സോനു വെളിപ്പെടുത്തുന്നുണ്ട്.
സ്വന്തം സുഹൃത്തുക്കളായിരുന്നു അന്ന് തങ്ങള്‍ക്കെതിരെ പ്രകടനം നയിച്ചതെന്ന് സോനുവിന്റെ സഹോദരന്‍ സാഹില്‍ ഖാന്‍ പറയുന്നു. അതിന്റെ ഞെട്ടലും നിരാശയും ഒരുകാലത്തും തന്നെ വിട്ടുപോകില്ല. ഇനി പുരോലയിലേക്കു മടങ്ങിയെത്താനാകുമെന്ന് എനിക്കു തോന്നുന്നില്ലെന്നും യുവാവ് പറയുന്നു. പട്ടണത്തില്‍നിന്ന് 110 കി.മീറ്റര്‍ ദൂരത്തുള്ള ഒരു വീട്ടിലാണ് അന്ന് സാഹില്‍ അഭയം തേടിയത്.