ന്യൂഡൽഹി : മൂന്ന് കോടി വീടുകൾ കൂടി പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ അധികമായി ഒരുങ്ങുന്നു. 2024 -25 ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗ്രാമ, നഗര മേഖലകളിൽ കൂടുതൽ ഊർജ്ജിതമായി പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
നഗരമേഖലകളിലെ ഭവന പദ്ധതികൾ ത്വരിതപ്പെടുത്താൻ 2.2 ലക്ഷം കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. നഗരങ്ങളിലെ പാവപ്പെട്ട, ഇടത്തരം കുടുംബങ്ങളിൽപെട്ട ആളുകൾക്കായി ഒരു കോടി വീടുകൾ നിർമിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇതിനായി 10 ലക്ഷം കോടി രൂപ മുടക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
2015 ജൂണിലാണ് പ്രധാനമന്ത്രി ആവാസ് യോജന പ്രഖ്യാപിച്ചത്. ഫെബ്രുവരിയിൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ 80,671 കോടി രൂപയാണ് പദ്ധതിക്കായി മാറ്റിവച്ചിരുന്നത്. മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റായിരുന്നു ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. തൊഴിൽമേഖലയ്‌ക്ക് പുതിയ ഊർജ്ജം നൽകുന്നതുൾപ്പെടെയുളള നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്.