ന്യൂഡൽഹി : ജയിൽ നിന്ന് പുറത്തിറങ്ങിയ ഗുണ്ടാത്തലവന് വൻ സ്വീകരണം ഒരുക്കി അനുയായികൾ. പിന്നാലെ വീണ്ടും ഗുണ്ടാത്തലവനെ ജയിലിലടച്ച് പൊലീസ്. ജയിൽ മോചിതനായതിന് ശേഷം അനുയായികൾ ആഘോഷ റാലിയോടെയാണ് വരവേറ്റത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായതിന് പിന്നാലെയാണ് ഗുണ്ടാത്തലവനെ വീണ്ടും ജയിലിലടച്ചത്.
മഹാരാഷ്ട്രയിലെ നാസികിലാണ് സംഭവം. നിരവധി കേസുകളിൽ പ്രതിയായ ഹര്‍ഷദ് പാടണ്‍കര്‍ ജൂലായ് 23 നാണ് ജയിൽമോചിതനായത്. ഇതിന് പിന്നാലെ ഇയാളുടെ അനുയായികൾ തെരുവിൽ റാലി നടത്തി വരവേൽക്കുകയായിരുന്നു. ബഥേൽ നഗർ മുതൽ അംബേദ്കർ ചൗക്ക് വരെ നടത്തിയ റാലിയിൽ പതിനഞ്ചോളം ഇരുചക്ര വാഹനങ്ങൾ അണിനിരന്നു.
വാഹനങ്ങൾ അണിനിരക്കുന്നതും ഹര്‍ഷദ് പാടണ്‍കര്‍ സൺറൂഫിലൂടെ അണികളെ അഭിവാദ്യം ചെയ്യുന്നതും വീഡിയോയിലുണ്ട്. അനധികൃതമായി റാലി നടത്തിയതിനും കുഴപ്പങ്ങൾ സൃഷ്ടിച്ചതിനുമാണ് അറസ്റ്റ്. ഹർഷദിനെ കൂടാതെ ആറ് സഹായികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകശ്രമം, അതിക്രമം, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഹർഷാദ്.