ഭൂവനേശ്വർ : ഒഡീഷയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. ഭൂവനേശ്വർ റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു സംഭവം. ട്രെയിന്‍റെ രണ്ട് ബോഗികളാണ് പാളം തെറ്റിയത്. ഇന്ന് രാവിലെ 8.30നായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
റെയിൽവേ ഉദ്യോഗസ്ഥർ എത്തി സ്ഥിതിഗതികൾ വിലയിരുത്തി. ട്രെയിൻ ഗതാഗതം പുനരാരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ ഡിവിഷണൽ റെയിൽവേ മാനേജർ എച്ച് എസ് ബജ്വ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ട്രെയിൻ വളരെ സാവധാനത്തിൽ സഞ്ചരിച്ചിരുന്നതിനാൽ അപകടമുണ്ടായില്ലെന്നും പാളം തെറ്റാനുള്ള കാരണങ്ങൾ അന്വേഷിച്ചുവരികയാണെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഭുവനേശ്വർ സ്റ്റേഷൻ യാർഡിലാണ് പാളം തെറ്റിയത്. അതിനാൽ സ്ഥിതിഗതികൾ ഏകോപിപ്പിക്കുന്നത് എളുപ്പമായതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുഡ്സ് ട്രെയിനുകൾ പാളം തെറ്റുന്ന നിരവധി സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 21-ന് പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ റാണാഘട്ടിലെ ഗുഡ്സ് ട്രെയിൻ പാളം തെറ്റിയിരുന്നു. 20-ന് ഉത്തർപ്രദേശിലെ ഗാസിയാബാദിനും മൊറാദാബാദിനും ഇടയിൽ ഗുഡ്സ് ട്രെയിനിന്റെ ഏഴ് കോച്ചുകളാണ് പാളം തെറ്റിയത്.