തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിൽ നിന്ന് ഫണ്ട് ദുരുപയോഗം ചെയ്തു എന്ന ആരോപണത്തിൽ പ്രതികരിച്ച് നടനും തമിഴ് ഫിലിം പ്രൊഡ്യൂസർ കൗൺസിൽ പ്രസിഡൻ്റുമായ വിശാൽ. എക്സ് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. വിശാൽ 12 കോടി രൂപയുടെ ഫണ്ട് ദുരുപയോഗം ചെയ്‌ത് നഷ്‌ടമുണ്ടാക്കിയെന്ന് കൗൺസിൽ ആരോപിച്ചതായി ഇന്ത്യ ഗ്ലിറ്റ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ വിശാലിനൊപ്പം പ്രവർത്തിക്കുന്ന നിർമ്മാതാക്കളുമായും സാങ്കേതിക പ്രവർത്തകരുമായും ചർച്ച ചെയ്ത് സത്യവാസ്ഥ അന്വേഷിക്കുമെന്ന് സംഘടനയുടെ പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പരാതിക്ക് പിന്നാലെയാണ് വിശാൽ പോസ്റ്റുമായി രംഗത്തെത്തിയത്. ഫണ്ട് താൻ ദുരുപയോഗം ചെയ്തിട്ടില്ലെന്നും സിനിമയെടുക്കാതെ നിർമ്മാതാക്കൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ തങ്ങളുടെ ജോലി നോക്കി പോകൂ എന്നും നടൻ പോസ്റ്റിൽ പറയുന്നു.
നിങ്ങളുടെ ടീമിലെ കതിരേശൻ ഉൾപ്പെടുന്ന ഒരു കൂട്ടായ തീരുമാനമാണിതെന്ന് പറയുന്നു. പ്രൊഡ്യൂസേഴ്‌സ് കൗൺസിലിലെ പ്രായമായ, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ ഉൾപ്പെടെയുള്ള ക്ഷേമപ്രവർത്തനങ്ങൾക്കായി ഫണ്ട് ഉപയോഗിച്ചിട്ടുണ്ടെന്നും കൗൺസിൽ അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കുമുള്ള ക്ഷേമ പ്രവർത്തനത്തിന് ഫണ്ട് എടുത്തിട്ടുണ്ടെന്ന് നിങ്ങൾക്ക് അറിയില്ലേ. നിങ്ങൾ നിങ്ങളുടെ ജോലികൾ ശരിയായി ചെയ്യുക, ഈ മേഖലയ്ക്കു വേണ്ടി വളരെയധികം പ്രവർത്തിക്കാനുണ്ട്. വിശാൽ എപ്പോഴും ഇനിയങ്ങോട്ടും സിനിമകൾ ചെയ്തുകൊണ്ടേയിരിക്കും. സിനിമകൾ നിർമ്മിക്കാതെ നിർമ്മാതാക്കൾ എന്ന് വിളിക്കപ്പെടുന്ന നിങ്ങളെല്ലാവരും എന്നെ തടയാൻ ശ്രമിച്ചോളൂ, എന്നായിരുന്നു നടന്റെ പോസ്റ്റ്.
https://twitter.com/VishalKOfficial/status/1816832712193573070
ഹരി സംവിധാനം ചെയ്യുന്ന രത്നം ആണ് വിശാലിന്റെ ഏറ്റവും പുതിയ റിലീസ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. നിലവിൽ വിശാൽ ആദ്യമായി സംവിധായകനാകുന്ന സിനിമയുടെ തിരക്കിലാണ്. മിഷ്കിൻ സംവിധാനം ചെയ്ത് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ‘തുപ്പരിവാലന്റെ’ സീക്വൽ ‘തുപ്പരിവാലൻ 2’ ആണ് ഇത്. സിനിമയുടെ ചിത്രീകരണം ലണ്ടനിൽ ആരംഭിച്ചു.