Kerala

നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ദീപ്തി മോൾ കുറ്റം സമ്മതിച്ചു | woman doctor’s shocking confession

ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ദീപ്തി മോൾ ജോസ് ഒടുവിൽ കുറ്റം സമ്മതിച്ചു. വെടിവയ്പ് കേസിൽ പങ്കില്ലെന്നു സമർഥിക്കാൻ ഒട്ടേറെ കള്ളങ്ങൾ നിരത്തി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു.ആശുപത്രി ഐസിയുവിൽ ഡ്യൂട്ടിക്കു നിന്ന ദീപ്തിയെ കാണാനായി വഞ്ചിയൂർ എസ്എച്ച്ഒ എച്ച്.എസ് ഷാനിഫ് മഫ്തിയിൽ എത്തുമ്പോൾ തിയറ്ററിലുള്ള രോഗിയുടെ ബന്ധുവാണെന്നാണ് ദീപ്തി ആദ്യം കരുതിയത്. ഒരു വിവരം അറിയാനുണ്ടെന്നു പറഞ്ഞു തൊട്ടടുത്ത മുറിയിലേക്കു ദീപ്തിയെ വിളിച്ചപ്പോഴും പൊലീസ് ആണെന്ന് ഇവർ തിരിച്ചറിഞ്ഞിരുന്നില്ല. ഒടുവിൽ പൊലീസ് ഉദ്യോഗസ്ഥനാണെന്നും വെടിവയ്പ് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടു ചില കാര്യങ്ങൾ അറിയാനുണ്ടെന്നും എസ്എച്ച്ഒ പറഞ്ഞതോടെ ദീപ്തി അമ്പരന്നു.

 

വെടിവയ്പിന് ഇരയായ എൻഎച്ച്എം പിആർഒ ഷിനിയെ അറിയുമോ എന്നായിരുന്നു ആദ്യ ചോദ്യം. അറിയില്ലെന്നു ദീപ്തിയുടെ മറുപടി. ഇവരുടെ ഭർത്താവ് സുജീത്തിനെ പരിചയമുണ്ടോ എന്നു ചോദിച്ചപ്പോഴും അറിയില്ലെന്നാണ് ആദ്യം പറഞ്ഞത്. ഒടുവിൽ, കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ ഇരുവരും ജോലി ചെയ്തിരുന്നതു മുതലുള്ള സൗഹൃദത്തെക്കുറിച്ചുള്ള വിവരങ്ങളും ആക്രമണവുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകളും നിരത്തി പൊലീസ് ചോദ്യം ചെയ്തതോടെ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു.

Content highlight : woman doctor’s shocking confession