കേരളത്തിൽ 250 ഓളം ആളുകളുടെ ജീവൻ എടുത്തിട്ടും അടങ്ങാതെ കലിതുള്ളി നിൽക്കുകയാണ് പ്രകൃതി. ഇപ്പോൾ കിട്ടുന്ന വാർത്ത ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം മൂലമുണ്ടായ ദുരന്തത്തിൽ 44 പേരെ കാണാതായെന്നാണ്.
രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നിരവധി വീടുകൾ തകർന്നതായാണ് വിവരം. ഷിംലയിൽ മാത്രം 36 പേരെയാണ് കാണാതായത്.ഉത്തരാഖണ്ഡിലെ കേദാർനാഥിലും ഹിമാചൽ പ്രദേശിലെ ഷിംലയിലെ സമേജ് ഖഡിലും മേഘസ്ഫോടനത്തെ തുടർന്ന് അതീവ ജാഗ്രത. ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിലെ ഗൻസാലിയിൽ രണ്ട് പേർ മരിച്ചു. ഭാനു പ്രസാദ് (50), ഭാര്യ നീലം ദേവി (45) എന്നിവരാണ് മരിച്ചത്. നൗതർ തോടിന് സമീപത്തെ ഭക്ഷണശാലയും കലുങ്കും ഒലിച്ചുപോയതിന് പിന്നാലെയായിരുന്നു മരണം. പ്രദേശത്തെ നിരവധി വീടുകൾ ഒലിച്ചുപോയി. പെട്ടെന്നുണ്ടായ കനത്ത മഴയെ തുടർന്ന് മന്ദാകിനി നദിയിലെ ജലനിരപ്പ് കുത്തനെ ഉയർന്നു. ഇരുന്നൂറോളം തീർത്ഥാടകർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് റോഡുകളും പാലങ്ങളും തകർന്നിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന രക്ഷാ പ്രവർത്തനം തുടരുകയാണെന്ന് സംസ്ഥാനത്തെ മന്ത്രി ജഗത് സിംഗ് നേഗി അറിയിച്ചു.
അതേസമയം ദില്ലിയിലെ മഴക്കെടുതിയിൽ മൂന്ന് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വടക്കൻ ദില്ലിയിൽ വീട് തകർന്ന് വീണ് ഒരാൾ മരിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്. ഗാസിയാബാദിൽ അമ്മയും മകനും വെള്ളക്കെട്ടിൽ വീണു മരിച്ചു. മഴ മുന്നിറിയിപ്പിനെ തുടർന്ന് ദില്ലി കനത്ത ജാഗ്രതയിലാണ്. ഇന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഇന്നലെ രാത്രി പെയ്ത മഴയിൽ നഗരത്തിൽ ജന ജീവിതം സ്തംഭിച്ചു. പലയിടത്തും രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായി. കേദാർനാഥിൽ മേഘവിസ്ഫോടനത്തെ തുടർന്ന് നിരവധി തീർത്ഥാടകർ കുടുങ്ങിയിട്ടുണ്ട്.
Content highlight : cloud burst disaster in Himachalpradesh