ഇളനീര് മികച്ച ഒരു എനര്‍ജി ഡ്രിങ്ക് എന്നാണ് അറിയപ്പെടുന്നത്. പ്രകൃതിദത്തമായ ഈ ശീതളപാനീയം ആരോഗ്യത്തിന് ഏറെ നല്ലതാണ്. പൊട്ടാസ്യം, മാംഗനീസ്, വിറ്റാമിന്‍ സി, കാത്സ്യം, ഫൈബറുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഇളനീര്‍. ശരീരത്തെയും മനസിനെയും ഒരുപോലെ തണുപ്പിക്കാന്‍ ഇളനീരിന് കഴിയും. പ്രകൃതിദത്തമായ ശീതളപാനീയമായ ഇളനീരിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ശരീരത്തില്‍ ജലാംശം കുറയുന്നത് പരിഹരിക്കുന്നതിനുളള ഏറ്റവും നല്ല മാര്‍ഗമാണ് ഇളനീര് ഡയറ്റില്‍ പതിവായി ഉള്‍പ്പെടുത്തുക എന്നത്.
ജീവകങ്ങളും ധാതുലവണങ്ങളുമൊക്കെ ഇളനീരില്‍ വേണ്ടുവോളം അടങ്ങിയിരിക്കുന്നു. ശരീരത്തിന് തണുപ്പേകാനും ഞൊടിയിടയില്‍ ഉന്മേഷവും ഓജസ്സും പ്രദാനം ചെയ്യാനും ഇളനീരോളം പോന്ന മറ്റൊരു പാനീയമില്ലെന്ന് തന്നെ പറയാം. ഇളനീരില്‍ ധാരാളം വെള്ളം അടങ്ങിയിരിക്കുന്നു. തേങ്ങാ വെള്ളത്തേക്കാള്‍ മധുരവുമാണ് ഇളനീര്‍ വെള്ളത്തിന്. ഇതിലെ പോഷകാംശമാണ് ഇതിന് കാരണം. ഒരു കപ്പ് തേങ്ങാ വെള്ളത്തില്‍ 46 കലോറിയും 3 ഗ്രാം ഫൈബറും ഉയര്‍ന്ന ഇലക്ട്രോലൈറ്റും പ്രത്യേകിച്ച് പൊട്ടാസ്യവും ഉണ്ട്. അതേസമയം, ഇളം തേങ്ങാ വെള്ളത്തില്‍ വിറ്റാമിന്‍ സിയും ഇരുമ്പും അടങ്ങിയിട്ടുണ്ട്. ക്ഷീണിച്ചിരിക്കുമ്പോഴൊക്കെ ഇളനീരോ തേങ്ങാവെള്ളമോ കുടിക്കുമ്പോള്‍ നല്ല എനര്‍ജി കിട്ടും.
ഇളനീര്‍ കുടിക്കുന്നത് കൊണ്ടുളള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം;
ഒരു ഗ്ലാസ് ഇളനീരില്‍ ഏകദേശം അര ഗ്ലാസ് പാലിന് തുല്യമായ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. മറ്റേതൊരു പാനീയത്തേക്കാളും വേഗത്തില്‍ ദാഹവും ക്ഷീണവും ശമിപ്പിക്കുന്ന ഇളനീരില്‍ ഗ്ലൂക്കോസും അടങ്ങിയിട്ടുണ്ട്. ദഹന ശക്തിയെ വര്‍ധിപ്പിക്കാന്‍ കഴിവുള്ള ഇളനീര്‍ കുഞ്ഞുങ്ങള്‍ക്ക് പോലും നല്ല ഭക്ഷണമാണ്. മുലപ്പാലിന്റെ അളവ് കുറഞ്ഞാല്‍ അല്ലെങ്കില്‍ മൂലയൂട്ടാന്‍ സാധിക്കാതെ വന്നാല്‍ പശുവിന്‍ പാലില്‍ സമം കരിക്കിന്‍ വെള്ളം ചേര്‍ത്ത് നല്‍കാം. നന്നായി പഴുത്ത നേന്ത്രപ്പഴം ഉടച്ച് ഇളനീരില്‍ കലര്‍ത്തി നല്‍കുകയും ചെയ്യാം.
വയറിളക്കം, ഛര്‍ദി, കോളറ എന്നിവമൂലമുണ്ടാകുന്ന ജലനഷ്ടം പരിഹരിക്കാന്‍ ഇളനീരിന് കഴിയും. ആന്റിബയോട്ടിക്ക് ധാരാളം കഴിക്കുന്നവര്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ ഉളളവരില്‍ ഇളനീര്‍ വളരെ പ്രയോജനം ചെയ്യും. തടി കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ നിര്‍ബന്ധമായും കരിക്കിന്‍ വെള്ളം കുടിക്കുക. കരിക്കിന്‍ വെള്ളം ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കി തടി കുറയ്ക്കാന്‍ സഹായിക്കുന്നു. ഭക്ഷണത്തിലെ നല്ല അംശങ്ങള്‍ വേഗത്തില്‍ ആഗിരണം ചെയ്യുന്നതിനും കരിക്കിന്‍ വെള്ളം ഗുണകരമാണ്.
മൂത്രാശയ രോഗങ്ങളില്‍ വൃക്കകളിലേക്ക് രക്തപ്രവാഹം കൂട്ടാന്‍ കരിക്കിന്‍ വെള്ളത്തിന് കഴിയും. മാനസികസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് കരിക്കിന്‍ വെള്ളം. ദഹനക്കേട്, അള്‍സര്‍, ആമാശയ അര്‍ബുദം, മഞ്ഞപ്പിത്തം, മൂലക്കുരു എന്നീ രോഗബാധിതര്‍ കരിക്കിന്റെ കാമ്പ് കഴിക്കുന്നതും നല്ലതാണ്. കരിക്കിന്‍ വെള്ളം ഉപയോഗിച്ച് മുഖം കഴുകിയാല്‍ മുഖത്തെ പാടുക്കള്‍ മാറും.