കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ നിധിയിലേക്ക് വണ്ടർല ഹോളിഡേയ്‌സ് 10 ലക്ഷം രൂപ സംഭാവന നൽകി. ഉരുൾപൊട്ടൽ മൂലം വ്യാപകമായ നാശനഷ്ടങ്ങളും ജീവനാശവും അനുഭവിക്കുന്ന വയനാടിന്റെ ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഈ സംഭാവന വിനിയോഗിക്കും. വണ്ടർല കൊച്ചി പാർക്ക് മേധാവി രവികുമാർ എം. എ., വണ്ടർല കൊച്ചി പി ആർ ഒ അനിൽ പി. ജോയ് എന്നിവർ പത്തു ലക്ഷം രൂപയുടെ ചെക്ക് എറണാകുളം ജില്ലാ കളക്ടർ എൻ. എസ്. കെ ഉമേഷിൻറെ സാന്നിധ്യത്തിൽ സംസ്ഥാന നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി. രാജീവിനു കൈമാറി.
ദുരന്തത്തിൽപ്പെട്ടവർക്ക് ഭക്ഷണം, വെള്ളം, പാർപ്പിടം, വൈദ്യസഹായം എന്നിവയുൾപ്പെടെയുള്ള അടിയന്തര സഹായങ്ങൾ ഉറപ്പാക്കാൻ വേണ്ടി ഈ തുക ഉപയോഗിക്കും. കൂടാതെ, വയനാട്ടിലെ അടിസ്ഥാന സൗകര്യങ്ങളും ഉപജീവനവും പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള ദീർഘകാല പുനരധിവാസ സംരംഭങ്ങൾക്ക് ഈ സംഭാവന സഹായകമാകും. ഏറെ വെല്ലുവിളികൾ നിറഞ്ഞ ഈ കാലത്ത് സമൂഹത്തിനൊപ്പം നിൽക്കാനും ദുരിതാശ്വാസ പ്രവർത്തങ്ങൾക്കും പുനർനിർമ്മാണ പ്രക്രിയയ്ക്കും കൈത്താങ്ങാകുവാനും വണ്ടർല ഹോളിഡേയ്സ് പ്രതിജ്ഞാബദ്ധയുടെ ഭാഗമാണിത്.