ഫിലിം ഫെയർ അവാർഡ് സൗത്ത്; മികച്ച നടൻ മമ്മൂട്ടി, മികച്ച നടൻ ക്രിട്ടിക്സ് ജോജു ജോർജ്
ചുരുങ്ങിയ കാലം കൊണ്ട് മികച്ച അഭിനേതാവ് എന്ന നിലയിൽ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയ താരമാണ് ജോജു. ഓരോ തവണയും വ്യത്യസ്ത കഥാപാത്രവുമായി എത്തിയ ജോജുവിന്റെ ഇരട്ടയിലെ പോലീസ് വേഷം ഏറെ ശ്രദ്ധയും കൈയടിയും നേടിയിരുന്നു. ഇപ്പോഴിതാ ശോഭ ഫിലിം ഫെയർ അവാർഡ് സൗത്ത് മലയാളത്തിൽ മികച്ച നടൻ (ക്രിട്ടിക്സ്) സ്വന്തമാക്കിയിരിക്കുകയാണ് ജോജു. പ്രേക്ഷകരുടെ കൈയ്യടി നേടിയ ‘ഇരട്ട’ ചിത്രത്തിലെ മിന്നും പ്രകടനത്തിന് ആണ് ജോജു മികച്ച നടൻ (ക്രിട്ടിക്സ്) പുരസ്‌കാരം നേടിയത്. മികച്ച നടൻ (ലീഡിങ് റോൾ) പുരസ്‌കാരം സ്വന്തമാക്കിയത് മമ്മൂട്ടിയാണ്. നൻപകൽ നേരത്ത് മയക്കം ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിയെ തെരെഞ്ഞെടുത്തത്.
നവാഗതനായ രോഹിത് എം ജി കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഇരട്ട വേഷത്തിലായിരുന്നു ജോജു എത്തിയിരുന്നത്. രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന കഥാപാത്രങ്ങൾ ജോജു അനായാസേനയാണ് സ്‌ക്രീനിലെത്തിച്ചത്. തിയറ്ററിൽ നേടിയതിനേക്കാൾ കൂടുതൽ സ്വീകാര്യത ചിത്രത്തിന് ഒ ടി ടിയിൽ ലഭിച്ചിരുന്നു. മൂന്ന് വർഷത്തോളം സമയമെടുത്തു ചെയ്ത സിനിമയ്ക്ക് അർഹിക്കുന്ന അംഗീകാരം തേടിയെത്തിയിരിക്കുന്നത്.
ശോഭ ഫിലിം ഫെയർ അവാർഡ് സൗത്ത് മലയാളത്തിലെ മറ്റ് പുരസ്‍കാരങ്ങൾ: മികച്ച സിനിമ – 2018, മികച്ച സിനിമ (ക്രിട്ടിക്സ്) – കാതൽ ദി കോർ, മികച്ച സംവിധായകൻ – ജൂഡ് ആന്റണി (2018), മികച്ച നായിക – വിൻസി അലോഷ്യസ് (പുരുഷപ്രേതം), മികച്ച നായിക (ക്രിട്ടിക്സ്) – ജ്യോതിക (കാതൽ ദി കോർ), മികച്ച സഹനടൻ – ജഗദീഷ് (പുരുഷപ്രേതം), മികച്ച സഹനടി – പൂർണിമ ഇന്ദ്രജിത് (തുറമുഖം), അനശ്വര രാജൻ (നേര്), മികച്ച മ്യൂസിക് ആൽബം – ആർ ഡി എക്സ് (സാം സി എസ്), മികച്ച ഗാനരചയിതാവ് – അൻവർ അലി (എന്നും എൻ കാവൽ – കാതൽ ദി കോർ), മികച്ച പിന്നണി ഗായകൻ – കപിൽ കപിലൻ (നീല നിലവേ – ആർഡിഎക്സ്), മികച്ച പിന്നണി ഗായിക – കെ എസ് ചിത്ര (മുറ്റത്തെ മുല്ല – ജവാനും മുല്ലപ്പൂവും)