കൊച്ചു വേളി റെയില്‍വേ സ്റ്റേഷന്‍ ഇനി മുതല്‍ തിരുവനന്തപുരം നോര്‍ത്ത് എന്നും നേമം തിരുവനന്തപുരം സൗത്ത് എന്നും അറിയപ്പെടും. രണ്ട് സ്റ്റേഷനുകളുടെയും പേരു മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. പേരു മാറ്റം അനുവദിച്ചു കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് സംസ്ഥാനത്തിന് ലഭിച്ചു. ഇതോടെ, ഈ രണ്ടു സ്റ്റേഷനുകളെയും തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ സാറ്റലൈറ്റ് ടെര്‍മിനലുകളാക്കാനുള്ള നടപടികള്‍ സജീവമാകും. ഏറെ നാളായുള്ള ആവശ്യം സംസ്ഥാനത്തിന്റെ നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അംഗീകരിച്ചത്. സംസ്ഥാനത്തെ റെയിലവേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്‍ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്കും റെയില്‍വേ ഉന്നതര്‍ക്കും കത്തെഴുതിയിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് 9 കിലോ മീറ്റര്‍ വീതം അകലെയാണ് നേമം, കൊച്ചുവേളി സ്റ്റേഷനുകള്‍. സെന്‍ട്രലില്‍ നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിനുകളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ പതിനഞ്ചോളം ട്രെയിനുകള്‍ നിലവില്‍ കൊച്ചുവേളിയില്‍ നിന്നാണ് സര്‍വീസ് തുടങ്ങുന്നത്. ദിവസം ഏഴായിരത്തോളം യാത്രക്കാര്‍ ഈ സ്റ്റേഷനെ ആശ്രയിക്കുന്നു എന്നാണ് കണക്ക്. കൊച്ചുവേളിയില്‍ നിന്ന് സര്‍വീസ് നടത്തുന്നതില്‍ ഭൂരിപക്ഷവും ദീര്‍ഘദൂര ട്രെയിനുകളാണ്. എന്നാല്‍, കൊച്ചുവേളി എന്ന പേര് കേരളത്തിനു പുറത്തുള്ളവര്‍ക്ക് ഒട്ടും പരിചിതമല്ല. അതിനാല്‍, തിരുവനന്തപുരം സെന്‍ട്രലിലേക്ക് റിസര്‍വേഷന്‍ ലഭിക്കാത്തവര്‍ യാത്ര വേണ്ടെന്നു വെക്കുന്ന സാഹചര്യമായിരുന്നു. പേരു മാറ്റം വന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും. യാത്രക്കാരുടെ എണ്ണവും വരുമാനവും വര്‍ദ്ധിക്കാന്‍ വഴിയൊരുങ്ങും. നിലവില്‍ ആറ് പ്ലാറ്റ്ഫോമുകളാണ് ഇവിടെയുള്ളത്. കോച്ച് കെയര്‍ സെന്ററും മറ്റും ഒരുങ്ങുന്നുണ്ട്. നേമം ടെര്‍മിനല്‍ വികസനത്തിനും പേരു മാറ്റം വലിയ സഹായമാകും.
Content Highlights; Kochuveli will now become Thiruvananthapuram North and Nemam South.