ഇന്ന് കേരളത്തിലെ പലയിടത്തും കാണുന്ന ഒരു മെഷീനാണ് സ്മാർട്ട് ബിൻ. ഇവൻ നാട്ടിൽ ഇപ്പോൾ പുതിയതാണ്. വന്നിട്ട് കുറച്ചു മാസങ്ങളായെങ്കിലും നാട്ടിൽ സാധാരണ കണ്ടു വരാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ഇവൻ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് നോക്കാം.
കളക്ഷൻ യൂണിറ്റിന്റെ അടുത്തേക്ക് അജൈവമാലിന്യം നിക്ഷേപിക്കാനെത്തുമ്പോൾ സെൻസറിന്റെ സഹായത്തോടെ മാലിന്യമിടാനുള്ള മൂടി തുറക്കും. 10 സെക്കൻഡാണ് ഇത് തുറന്നിരിക്കുക. കൈ മൂടിക്കിടയിൽ കുടുങ്ങുമെന്ന പേടി വേണ്ട. കൈ പൂർണമായും മാറ്റിയാൽ മാത്രമേ മൂടി അടയുകയുള്ളൂ. കാറുകളിൽ ഉപയോഗിക്കുന്ന ആന്റി പിഞ്ച് സുരക്ഷാസംവിധാനമാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്.
2.5 ലക്ഷം രൂപയാണ് സ്മാർട്ട് ബിന്നിന്റെ ആകെ ചെലവ്. നിലവിൽ വൈദ്യുതിയിൽ പ്രവർത്തിക്കുകയാണ്. ഇത് സൗരോർജത്തിലും പ്രവർത്തിപ്പിക്കാവുന്നതാണ്. 8.5 അടി ഉയരവും 2.5 അടി വീതിയും ആഴവുമാണിതിനുള്ളത്.
100 ലിറ്ററാണ് സംഭരണശേഷി. സ്റ്റീലിലാണ് പുറംഭാഗം നിർമിച്ചിരിക്കുന്നത്. എൽ.ഇ.ഡി. സ്ക്രീനുള്ളത് മറ്റൊരാകർഷണമാണ്. അതിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കും. 180 ഡിഗ്രി നിരീക്ഷണ ക്യാമറയുണ്ട്. മൊബൈൽ ചാർജിങ് പോർട്ടും സജ്ജീകരിച്ചിട്ടുണ്ട്.
അടുത്ത് നിൽക്കുന്നവരുടെ ശബ്ദം റെക്കോഡ് ചെയ്യുന്ന സംവിധാനവുമുണ്ട്. കൂടാതെ കമ്പനിയിലിരുന്ന് ഇത് പരിശോധിക്കുന്നവർക്ക് ബിന്നിന് മുന്നിലുള്ളവരോടു സംസാരിക്കാനും കഴിയും. നഗരത്തിലെ വേർതിരിക്കാനാകാത്ത മാലിന്യവും ഡയപ്പർ, പ്ലാസ്റ്റിക്, റെക്‌സിൻ, തെർമോക്കോൾ തുടങ്ങിയവയും ഹരിതകർമസേന ശേഖരിക്കുന്നവയിൽ റീസൈക്കിൾ ചെയ്യാനാകാത്തവയും ‘സ്‌മാർട്ട് മെഷീൻ’ സംസ്‌കരിച്ച് ഇന്ധനമാക്കും. നിലവിൽ ഹരിതകർമ്മസേന ശേഖരിക്കുന്ന പുനരുപയോഗിക്കാനാകാത്ത അജൈവവസ്‌തുക്കൾ കേരളത്തിന് പുറത്തുള്ള സിമന്റ് കമ്പനികൾക്ക് അങ്ങോട്ട് പണം നൽകിയാണ് ഒഴിവാക്കുകയാണ്. സ്‌മാർട്ട് മെഷീൻ വന്നതോടെ പുനരുപയോഗിക്കാനാകാത്ത മാലിന്യവും പണമായി മാറും. കഴിയുന്നത്ര വേഗത്തിൽ സ്‌മാർട്ട് മെഷീനുകൾ മറ്റു ജില്ലകളിലും പ്രവർത്തനം ആരംഭിക്കണമെന്ന് മന്ത്രി എം ബി രാജേഷ് നിർദ്ദേശം നൽകിയിരുന്നു.
STORY HIGHLIGHTS: SMARTBIN, KERALA