ഉരുള്‍പൊട്ടലില്‍ ഉണ്ടായ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട വിവിധ ഇന്‍ഷ്വറന്‍സ് ക്ലെയിമുകള്‍ കിട്ടാന്‍വേണ്ടി ദുരന്തബാധിതരെ സഹായിക്കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് രൂപംനല്‍കി. മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ കെ ഗോപിനാഥ് ചെയര്‍മാനായ പ്രത്യേക ദൗത്യസംഘത്തിനാണ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതല. അര്‍ഹമായ ക്ലെയിമുകള്‍ വേഗത്തില്‍ ലഭ്യമാക്കാനുള്ള നടപടികളാണ് പ്രത്യേക ദൗത്യസംഘം സ്വീകരിക്കുന്നത്.
ഇതിനായി വിവിധ വകുപ്പുകളുമായി ചേര്‍ന്ന് വിവരണശേഖരണം നടത്തും. ദുരന്തത്തിന് ഇരയായവര്‍ എടുത്തിട്ടുള്ള ഇന്‍ഷ്വറന്‍സ് പോളിസികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇതിനായി തയ്യാറാക്കും. ദുരന്തത്തിന് ഇരയായവരുടെ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്ന ബന്ധുക്കള്‍, ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ നടപ്പിലാക്കുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികള്‍, സ്ഥാപനങ്ങള്‍, ഏജന്‍സികള്‍, ഇന്‍ഷ്വറന്‍സ് ഏജന്റുമാര്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ടാണ് വിവരങ്ങള്‍ ശേഖരിക്കുക. ഗ്രാമപഞ്ചായത്തുകള്‍, വില്ലേജ് ഓഫീസുകള്‍ എന്നിവയുടെ സഹകരണവും ഇതിനായി ഉപയോഗപ്പെടുത്തും.
ലൈഫ് പോളിസികള്‍, വാഹനങ്ങള്‍, വീട്, കൃഷി, മൃഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഇന്‍ഷ്വറന്‍സുകള്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി കണ്ടെത്തും. തുടര്‍ന്ന് ഇന്‍ഷ്വറന്‍സ് ക്ലെയിമുകള്‍ക്ക് അര്‍ഹതയുള്ളവരുടെ പട്ടിക തയ്യാറാക്കും. ശേഖരിച്ച വിവരങ്ങള്‍ സംസ്ഥാനതല നോഡല്‍ ഓഫീസര്‍ മുഖേന നടപടികള്‍ക്കായി കൈമാറും. ലീഡ് ബാങ്ക് ജില്ലാ മാനേജര്‍, വ്യവസായ കേന്ദ്രം ജില്ലാ മാനേജര്‍, ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍, എന്നിവര്‍ ടാസ്‌ക് ഫോഴ്‌സില്‍ അംഗങ്ങളാണ്. സിവില്‍ സ്റ്റേഷന്‍ ആസൂത്രണ ഭവന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സ്ഥിതിവിവരണ കണക്ക് വിഭാഗം ഓഫീസ് കേന്ദ്രീകരിച്ചാണ് ടാസ്‌ക് ഫോഴ്സിന്റെ പ്രവര്‍ത്തനം. ഫോണ്‍ 7012022929, 6238694256.
ദുരന്തബാധിതര്‍ക്ക് മാനസിക പിന്തുണ നല്‍കാന്‍ പ്രൊഫഷനല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം
മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ അതിജീവിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മാനസിക പിന്തുണ നല്‍കാന്‍ കൗണ്‍സിലര്‍മാരെ നിയോഗിക്കുന്നു. ഈ മേഖലയില്‍ പ്രൊഫഷനല്‍ യോഗ്യതയുള്ളവര്‍ക്കു മാത്രമായിരിക്കും സന്നദ്ധ സേവനത്തിന് അവസരം. തെരഞ്ഞെടുക്കപ്പെടുന്നവരെ വിവിധ ക്യാമ്പുകളില്‍ സേവനത്തിനായി നിയോഗിക്കും. യോഗ്യതയും താല്‍പര്യവുമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ ഉള്‍പ്പെടെയുള്ള ബയോഡാറ്റ [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കണം.
എം.എസ്.സി സൈക്കോളജി, എം.എ സൈക്കോളജി, എം.എസ്.ഡബ്ല്യു (മെഡിക്കല്‍/സൈക്യാട്രി) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയില്ലാത്തവരെയും ഔദ്യോഗികമായി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടാത്തവരെയും ക്യാമ്പുകളില്‍ കൗണ്‍സലിംഗിന് അനുവദിക്കില്ലെന്ന് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കൗണ്‍സലിംഗ് നോഡല്‍ ഓഫീസര്‍ കെ. കെ. പ്രജിത്ത് അറിയിച്ചു.
content highlights;Task force-provide insurance claims assistance-mundakai land slide disaster victims