എല്ലാ മാസവും അടയ്ക്കേണ്ട ബില്ലുകളും റീചാർജുകളും കൃത്യമായ തിയ്യതിയിൽ ഓർമിപ്പിക്കുന്ന സംവിധാനമുണ്ടെങ്കിൽ കൊള്ളായിരുന്നല്ലേ. എന്നാൽ അങ്ങനെ ഒരു സംവിധാനം കൂടിയുണ്ട്. ഗൂഗിൾ പേ (Google Pay) ആപ്പിൽ ഉപയോഗപ്രദമായതും എന്നാൽ പലരും ഉപയോഗിക്കാത്തതുമായ നിരവധി ഫീച്ചറുകളുണ്ട്. ഇത്തരത്തിൽ ഒന്നാണ് പേയ്മെന്റ് റിമൈൻഡർ.
കറന്റ് ബില്ലുകൾ, ഫോൺ റീചാർജുകൾ, ഡിടിഎച്ച് റീചാർജുകൾ എന്നിങ്ങനെയുള്ള പേയ്മെന്റുകൾ അതാത് ദിവസം കൃത്യമായി അറിയിക്കാൻ ഈ ഫീച്ചറിന് സാധിക്കും. പേയ്‌മെന്റ് റിമൈൻഡർ ഫീച്ചർ ഉപയോഗിച്ചാൽ ബില്ലുകൾ കൃത്യമായി അടയ്ക്കാം മാത്രമല്ല റീചാർജ് ചെയ്യാുള്ള തിയ്യതി മറന്ന് ഫോണിൽ ഡാറ്റ കിട്ടാത്ത അവസ്ഥ പോലും ഉണ്ടാകില്ല. ബില്ലുകൾ മാത്രമല്ല, വാടക തുക, മെയിന്റനൻസ്, പത്ര ബില്ലുകൾ തുടങ്ങിയ പേയ്‌മെന്റുകൾക്കായി നിങ്ങൾക്ക് റിമൈൻഡർ സെറ്റ് ചെയ്യാൻ സാധിക്കും. സാധാരണ പിയർ പേയ്‌മെന്റുകൾക്കായി റിമൈൻഡറുകൾ സെറ്റ് ചെയ്യാൻ മാത്രമേ ഗൂഗിൾ പേയിലൂടെ സാധിക്കുകയുള്ളു. ഓട്ടോമാറ്റിക്കായി പണം അക്കൌണ്ടിൽ നിന്നും പോവുകയില്ല. നിങ്ങൾക്ക് നോട്ടിഫിക്കേഷനായി പണം അടയ്ക്കേണ്ട തിയ്യതിയാണ് എന്ന് ഓർമിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. റിമൈൻഡർ സെറ്റ് ചെയ്താലും പേയ്മെന്റ് നിങ്ങൾ തന്നെ ചെയ്യേണ്ടി വരും. അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കായി തുക കുറയ്ക്കുന്നതിന് പകരം പണമടയ്ക്കാനുള്ള നോട്ടിഫിക്കേഷൻ മാത്രം ലഭിക്കും.
● നിങ്ങളുടെ ഐഒഎസ്, ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണിൽ ഗൂഗിൾ ആപ്പ് തുറക്കുക.
● താഴെയായി കാണുന്ന റെഗുലർ പേയ്‌മെന്റ്സ് ഓപ്ഷൻ ടാപ്പ് ചെയ്യുക.
● പേയ്‌മെന്റ് ഓപ്ഷന് താഴെ പേയ്‌മെന്റ് കാറ്റഗറി ടാപ്പ് ചെയ്യുക.
● സീ ഓൾ ടാപ്പ് ചെയ്‌ത് നിങ്ങൾക്ക് ആവശ്യമായ വിഭാഗം തിരഞ്ഞെടുക്കുക.
● റിക്കറിങ് പേയ്മെന്റുകൾക്കായി കുറച്ച് വിവരങ്ങൾ നൽകേണ്ടതുണ്ട്.
● കോൺടാക്റ്റ് ലിസ്റ്റിൽ നിന്ന് പണം അയക്കേണ്ട കോൺടാക്റ്റ് തിരഞ്ഞെടുക്കുക.
● സ്റ്റാർട്ട് ഡേറ്റ് തിരഞ്ഞെടുക്കുക.
● പേയ്‌മെന്റ് ഫ്രീക്വൻസി തിരഞ്ഞെടുക്കുക.
● തുക തിരഞ്ഞെടുക്കുക.
● എളുപ്പം തിരിച്ചറിയാനായി പേയ്‌മെന്റിന് ഒരു പേര് നൽകുക.