ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബിൽ പരിശോധിക്കാനുള്ള സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) രൂപീകരിച്ചു. 31 അംഗ സമിതിയിൽ 17 പേരും ഭരണപക്ഷ എംപിമാരാണ്. ലോക്സഭയിൽ നിന്ന് ഇരുപത്തൊന്നും രാജ്യസഭയിൽ നിന്ന് പത്തും എം.പിമാരാണ് സമിതിയിലുള്ളത്. അടുത്ത പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യ ആഴ്ച സമിതി റിപ്പോർട്ട് സമർപ്പിക്കും. കേന്ദ്രന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവാണ് ഇരുസഭയിലും അംഗങ്ങളെ പ്രഖ്യാപിച്ചത്.
ബി.ജെ.പി. എം.പിമാരായ ജഗദംബിക പാല്‍, നിഷികാന്ത് ദുബേ, തേജസ്വി സൂര്യ, അപരാജിത സാരംഗി, സഞ്ജയ് ജയ്സ്വാള്‍, ദിലീപ് സൈകിയ, അഭിജിത്ത് ഗംഗോപാധ്യായ, ഡി.കെ. അരുണ എന്നിവര്‍ ലോക്സഭയില്‍നിന്നുള്ള ഭരണകക്ഷി അംഗങ്ങളാണ്. ഗൗരവ് ഗൊഗോയി, ഇമ്രാന്‍ മസൂദ്, മൊഹമ്മദ് ജാവേദ് എന്നിവരാണ് കോണ്‍ഗ്രസില്‍നിന്ന് സമിതിയില്‍ ഉള്ളത്.
സമാജ്‌വാദി പാര്‍ട്ടിയില്‍നിന്ന് മൊഹിബുല്ല നദ്വി, തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് കല്യാണ്‍ ബാനര്‍ജി, ഡി.എം.കെയില്‍നിന്ന് എ. രാജ എന്നിവര്‍ സമിതി അംഗങ്ങളാണ്. ടി.ഡി.പിയില്‍നിന്ന് ലാവു ശ്രീകൃഷ്ണ ദേവരായലു, ജെ.ഡി.യുവില്‍നിന്ന് ദിലേശ്വര്‍ കാമത്ത്, ഉദ്ധവ് ശിവസേനയില്‍നിന്ന് അരവിന്ദ് സാവന്ത്, എന്‍.സി.പി. ശരദ്ചന്ദ്ര പവാറില്‍നിന്ന് സുരേഷ് ഗോപിനാഥ് മഹത്രെ, ശിവസേനയില്‍നിന്ന് നരേഷ് മഹ്സ്‌കേ, എല്‍.ജെ.പി. രാം വിലാസില്‍നിന്ന് അരുണ്‍ ഭാരതി, എ.ഐ.എം.ഐ.എം. എം.പി. അസദുദ്ദീന്‍ ഒവൈസി എന്നിവരാണ് ലോക്സഭയില്‍നിന്നുള്ള മറ്റ് അംഗങ്ങള്‍.
രാജ്യസഭയില്‍നിന്ന് ബി.ജെ.പി. എം.പിമാരായ ബ്രിജ് ലാല്‍, മേധ വിശ്രം കുല്‍കര്‍ണി, ഗുലാം അലി, രാധാമോഹന്‍ദാസ് അഗര്‍വാള്‍ എന്നിവരും കോണ്‍ഗ്രസില്‍നിന്ന് സയ്യിദ് നാസര്‍ ഹുസൈനും തൃണമൂല്‍ പ്രതിനിധിയായി മുഹമ്മദ് നദീമുല്‍ ഹഖും അംഗങ്ങളാവും. വൈ.എസ്.ആര്‍. കോണ്‍ഗ്രസില്‍നിന്ന് വി. വിജയസായ് റെഡ്ഡി, ഡി.എം.കെയില്‍നിന്ന് എം. മൊഹമ്മദ് അബ്ദുള്ള, ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് സഞ്ജയ് സിങ്, രാഷ്ട്രപതി നാമനിര്‍ദേശം ചെയ്ത ഡി. വീരേന്ദ്ര ഹെഗ്ഡെ എന്നിവരും സമിതിയിലുണ്ടാവും.
വ്യാഴാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്‍ ശക്തമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം ജെപിസിക്ക് വിടുകയായിരുന്നു. 1995ലെ നിലവിലുള്ള വഖഫ് നിയമത്തില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനാണ് നിര്‍ദിഷ്ട ഭേദഗതികള്‍ ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ സഭയില്‍ തറപ്പിച്ചുപറഞ്ഞു. അതേസമയം ബില്‍ മുസ്ലീങ്ങളെ ലക്ഷ്യമിടുന്നതാണെന്നും ഭരണഘടനയ്ക്കെതിരായ ആക്രമണമാണെന്നും പ്രതിപക്ഷം വാദിച്ചു.