കൊച്ചി : സൂപ്പര്‍ ലീഗ് കേരളയിലേക്ക് തൃശ്ശൂരിനായി മാജിക് എഫ് സി പ്രഖ്യാപിച്ച് ലിസ്റ്റിന്‍ സ്റ്റീഫന്‍. ‘കാല്‍പന്തുകളിയുടെ മായിക ലോകത്തിലേക്ക് സ്വാഗതം’ എന്ന ടാഗ് ലൈനോടെയാണ് ഫ്രാഞ്ചൈസി പ്രഖ്യാപിച്ചത്. കൊച്ചിയില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ മുന്‍ ഫുട്‌ബോള്‍ താരം ഐ എം വിജയന്‍ ഫ്രാഞ്ചൈസിയുടെ ലോഗോ പ്രകാശനവും പ്രശസ്ത സിനിമാ താരം നരേന്‍ സോഷ്യല്‍ മീഡിയ ലോഞ്ചും നിര്‍വഹിച്ചു. മാജിക് ഫ്രെയിംസ് ഉടമ ലിസ്റ്റിന്‍ സ്റ്റീഫന്‍, മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം സി കെ വിനീത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇതോടെ സിനിമ മേഖലയില്‍ നിന്ന് സൂപ്പര്‍ ലീഗ് കേരളയിലേക്ക് പങ്കെടുക്കുന്നവരുടെ പ്രാധിനിധ്യം കൂടി.
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് രൂപീകരിച്ച ആറ് ക്ലബുകളാണ് സൂപ്പര്‍ ലീഗ് ആദ്യ സീസണില്‍ കരുത്ത് പരീക്ഷിക്കുക. ഐഎഎസ്എല്‍ മാതൃകയിലാകും ലീഗ്. ‘കേരളത്തിലെ ജനങ്ങള്‍ക്ക് ഫുട്‌ബോളിനോട് അതിയായ സ്‌നേഹമുണ്ടെന്നും തൃശൂരിനെ പ്രതിനിധീകരിച്ച് സൂപ്പര്‍ ലീഗ് കേരള യിലേക്ക് തൃശ്ശൂര്‍ മാജിക് എഫ് സി പ്രഖ്യാപിക്കുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും’ മാജിക് ഫ്രയിംസ് ഉടമ ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.
ലോക നിലവാരത്തിലേക്ക് ഉയരാന്‍ കഴിയുന്ന മികച്ച ഫുട്‌ബോള്‍ താരങ്ങള്‍ കേരളത്തില്‍ ഉണ്ട്. അവസരവും പ്രോത്സാഹനവും മികച്ച സൗകര്യങ്ങളും നല്‍കി അവരെ ദേശീയ, അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് സൂപ്പര്‍ ലീഗ് കേരള ലക്ഷ്യമിടുന്നത്. വിദേശത്ത് നിന്നുള്ള മികച്ച കളിക്കാര്‍, പരിശീലകര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരുടെ സഹായം ലീഗിലെ ടീമുകള്‍ക്ക് ഉണ്ടാകും. കേരളത്തില്‍ നിന്ന് വളരെ ചുരുക്കം കളിക്കാര്‍ക്ക് മാത്രമാണ് നിലവില്‍ ഇത്തരത്തില്‍ വിദേശ താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ സാധിക്കുന്നത്. എന്നാല്‍, സൂപ്പര്‍ ലീഗ് കേരള വരുന്നതോടെ നമ്മുടെ സംസ്ഥാനത്തെ മികച്ച താരങ്ങള്‍ക്ക് വിദേശ പ്രതിഭകളോടൊപ്പം കളിച്ചു തങ്ങളുടെ കഴിവ് മികച്ചതാക്കാന്‍ കഴിയും. ഏഷ്യന്‍ താരങ്ങള്‍ക്കൊപ്പം മധ്യേഷ്യ, ആഫ്രിക്ക, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള കളിക്കാരുടെയും പരിശീലകരുടെയും സേവനം ഉണ്ടാകും.
STORY HIGHLIGHTS: Listin Stephen announced Magic FC for Thrissur in Super League Kerala