കര്‍ണ്ണാടകയിലെ ഉഡുപ്പിയിലുള്ള ഒരു ഹൈന്ദവ ആരാധനാകേന്ദ്രമാണ് ഉഡുപ്പി ശ്രീകൃഷ്ണ മഠം (ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം). ഒരു ആശ്രമാന്തരീക്ഷത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രധാന ക്ഷേത്രത്തിന് സമീപത്തായി ഏകദേശം ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള ആരാധനാകേന്ദ്രങ്ങളുണ്ട്. പലപ്പോഴും ഈ ക്ഷേത്രത്തെ രണ്ടാമത്തെ മഥുര എന്ന് വിളിക്കാറുണ്ട്. ചന്ദ്രമൗലീശ്വര്‍ ക്ഷേത്രം, അനന്തേശ്വര്‍ ക്ഷേത്രം, ആനെഗുഡ്ഡെ വിനായക ക്ഷേത്രം എന്നിവയാണ് വിനോദസഞ്ചാരികള്‍ക്കിടയിലെ പ്രശസ്തമായ മറ്റ് ചില ക്ഷേത്രങ്ങള്‍.
ഭഗവാനെ നേരിട്ട് കാണുകയോ ആരാധിക്കുകയോ ചെയ്യുന്നില്ല എന്നതാണ് ഉഡുപ്പി കൃഷ്ണ മന്ദിറിന്റെ പ്രത്യേകത. നവഗ്രഹ കിടികി എന്ന് വിളിക്കപ്പെടുന്ന ഒമ്പത് ദ്വാരങ്ങളുള്ള ഒരു ജാലകത്തിലൂടെയാണ് ഇവിടെയെത്തിയാല്‍ ശ്രീകൃഷ്ണനെ കാണാന്‍ സാധിക്കുന്നത്. ഇങ്ങനെ ഒന്‍പത് ദ്വാരങ്ങളിലൂടെ വിഗ്രഹം ദര്‍ശിക്കുന്നതിന് പിന്നില്‍ ഒരു കഥയുണ്ടെന്നാണ് വിശ്വാസികള്‍ പറയുന്നത്; അബ്രാഹ്‌മണനായ കനകദാസര്‍ തികഞ്ഞ ഒരു കൃഷ്ണഭക്തനായിരുന്നു. അദ്ദേഹത്തിന് ക്ഷേത്രത്തില്‍ പോയി കണ്ണനെ കാണണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു.
പക്ഷേ അയിത്തം കല്‍പ്പിച്ചവര്‍ക്ക് ക്ഷേത്രത്തിനു മുന്നിലെ വഴിയില്‍ പോലും വരാന്‍ അനുവാദം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കൃഷ്ണഭക്തനായ കനകദാസര്‍ ദിവസവും ക്ഷേത്രത്തിന്റെ പുറകിലിരുന്ന് കണ്ണനെ മനസ്സില്‍ കണ്ട് കീര്‍ത്തനങ്ങള്‍ പാടുക പതിവായിരുന്നു. ഓരോ ദിവസം കഴിയുന്തോറും അദ്ദേഹത്തിന് കണ്ണനെ കാണാനുള്ള കൊതി കൂടിക്കൂടി വന്നു. അങ്ങനെ അദ്ദേഹം നിറകണ്ണുകളോടെ ഒരു ദിവസം കൃഷ്ണ നീ ബേഗനേ.. എന്ന ഗാനം ആലപിച്ചു. ആ ഭക്തന്റെ സങ്കടം സഹിക്കാന്‍ വയ്യാതെ ആയപ്പോള്‍ ദര്‍ശനം നല്‍കാന്‍ ഭഗവാന്‍ തീരുമാനിച്ചു. തുടര്‍ന്ന് കണ്ണന്‍ പുറകിലേക്ക് തിരിഞ്ഞു. തന്റെ കയ്യിലുള്ള മത്തുകൊണ്ട് ചുവരില്‍ ദ്വാരങ്ങള്‍ ഉണ്ടാക്കി കനകദാസര്‍ക്ക് ദര്‍ശനം നല്‍കി.
പിന്നീട് ആ വിഗ്രഹത്തെ പഴയത് പോലെ തിരികെ വയ്ക്കാന്‍ ആര്‍ക്കും ധൈര്യം വന്നില്ല. അതുകൊണ്ട് ശ്രീകോവിലില്‍ പിന്തിരിഞ്ഞിരിക്കുന്ന ഉടുപ്പി കൃഷണന്‍ ഭക്ത വാത്സല്യത്തിന്റെ പ്രതീകമായി ഇന്നും നിലകൊള്ളുന്നു. ജാതീയമായ വേര്‍തിരിവിന്റെ ഒരു ഐതിഹ്യകഥ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉണ്ടെങ്കിലും, ഇപ്പോള്‍ ക്ഷേത്രപ്രവേശനത്തിന് നിയന്ത്രണങ്ങളൊന്നുമില്ല. വിദേശീയര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തടസ്സമില്ലാതെ പ്രവേശിക്കാം. ഭക്ഷണശാലയിലും വിവേചനമില്ല.
STORY HIGHLIGHTS: Udupi Sri Krishna Temple