കോട്ടയം ചെറിയപള്ളിയിലെ പള്ളിമേടയുടെ പടിക്കെട്ടിനെ മറയ്ക്കുന്ന പലകയിലെ കോലെഴുത്തിലുള്ള പുരാതന ലിഖിതം വായിക്കാനായി. മുൻകാലത്ത് ആരൊക്കെയോ വായിച്ചിട്ടുണ്ടെങ്കിലും കൃത്യമായി എഴുതി സൂക്ഷിക്കാത്തതിനാൽ അതിൻ്റെ ഉള്ളടക്കം പൊതുവേ അജ്ഞാതമായിരുന്നു. ബാബിലോണിയയിൽ നിന്നെത്തി ചെറിയപള്ളിയിൽ ഇരുപത്തിരണ്ടു വർഷക്കാലം മേൽപ്പട്ടക്കാരനായിരുന്ന് ഇവിടെ തന്നെ കാലം ചെയ്ത് കബറടക്കപ്പെട്ട മാർ ഗബ്രിയേൽ മെത്രാപ്പോലിത്തയുടെ ചരമവിവരങ്ങളാണ് ഈ ലിഖിതത്തിൽ. രണ്ടുനൂറ്റാണ്ടുകളായി പ്രയോഗിച്ചുകൊണ്ടിരിക്കുന്ന ഇനാമൽ പെയിൻറ് പാളികളിൽ പെട്ട് പലകയിൽ കൊത്തിയ അക്ഷരങ്ങൾ മറഞ്ഞിരുന്നു. ചെറിയ പള്ളിയിലെ ചുവർചിത്രങ്ങൾക്ക് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സംരക്ഷണപ്രവർത്തനങ്ങൾ ചെയ്ത ജിജുലാൽ പെയിൻറ് പാളികൾ നീക്കി തെളിച്ചെടുത്തു.കേരള പുരാവസ്തു വകുപ്പിലെ കെ.കൃഷ്ണരാജ് ഈ ലിഖിതം വായിച്ച് തന്നു.
“നമ്മുടെ കർത്താവിൻ കാലം 1730 മത് കുംഭമാസം 18 ന് ഞായറാഴ്ച നമ്മുടെ മാർ കബ്രിയേൽ മെത്രാപ്പോലീത്ത ഈ ലോകത്തിൽ നിന്ന് ആ ലോകത്ത് പോയി”എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മാർ ഗബ്രിയേൽ മെത്രാൻ്റെ ഒരു ടെമ്പറാ ചിത്രം വർഷങ്ങൾക്കു മുമ്പ് കണ്ടെത്തിയത് ഡോ. മേലേടത്ത് കുര്യൻ തോമസ് സ്ഥിരീകരിച്ചിരുന്നു.
മെസെപ്പൊട്ടോമിയയിലെ നിനവേ സ്വദേശിയായ മാർ ഗബ്രിയേൽ പശ്ചിമേഷ്യയിൽ വളരെ ആരാധ്യനായിരുന്ന സന്യാസിശ്രേഷ്ഠനായിരുന്നു. ബാബിലോണിയയിലെ പാത്രിയർക്കീസായ മാർ ഏലിയായുടെ നിർദ്ദേശാനുസരണം AD 1705 ൽ മാർ ഗബ്രിയേൽ കൊല്ലത്ത് കപ്പലിറങ്ങി. അതിനും ഒരു നൂറ്റാണ്ടുമുമ്പ് AD1597ൽ പൗരസ്ത്യ സുറിയാനി സഭാ നേതൃത്വത്തിൻ്റെ പ്രതിനിധിയായി കേരളത്തിൽ സേവനമനുഷ്ഠിച്ച മാർ അബ്രഹാം എന്ന മെത്രാപ്പോലീത്ത അങ്കമാലിയിൽ വച്ച് കാലം ചെയ്ത അവസരം മുതലെടുത്ത് പോർച്ചുഗീസ് മതനേതൃത്വം AD 1599ൽ ഉദയംപേരൂർ സുന്നഹദോസിൽ വച്ച് മലങ്കരനസ്രാണികളെ പൂർണ്ണമായും മാർപ്പാപ്പയുടെ കീഴിൽ വരുത്തുകയും തങ്ങളുടെ പദ്രുവാദോ എന്ന സഭാനയത്തെ അനുസരിക്കാൻ ബാധ്യസ്ഥരാക്കുകയും ചെയ്തിരുന്നു. AD 1653 ലെ കൂനൻകുരിശ് പ്രതിജ്ഞയോടെ ഒരു വിഭാഗം അതിൽ നിന്ന് പുറത്തു കടന്നു. അവർ പാശ്ചാത്യ സുറിയാനി വിഭാഗമായ യാക്കോബായ വിശ്വാസധാരയുടെ ഭാഗമായി തീർന്നു. അതോടെ പൗരസ്ത്യ സുറിയാനിസഭയുടെ സ്വാധീനം നാമമാത്രമായി.
ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനും പറങ്കിബന്ധനത്തിൽ മോചിതയായവരെ നയിക്കാനുമാണ് മാർ ഗബ്രിയേൽ മെത്രാപ്പോലീത്തയെ അസീറിയൻ സഭ ഇവിടേയ്ക്ക് അയയ്ക്കുന്നത്. മാർ ഗബ്രിയേലിൽ വരവ് ആദ്യമൊക്കെ നസ്രാണികളിലെ ഇരുകൂറുകാരും അംഗീകരിച്ചുവെങ്കിലും ഇരു സഭാ നേതൃത്വങ്ങളും നെസ്തോറിയൻ പാഷാണ്ഡതയ്ക്കെതിരെ നടത്തിയ പ്രചാരണങ്ങളുടെ ഭാഗമായി വിശ്വാസികളിൽ ഒരു പക്ഷവും അദ്ദേഹത്തെ നിരാകരിക്കാൻ ഇടയായി.
പൗരസ്ത്യ സുറിയാനി സഭ അഞ്ചാം നൂറ്റാണ്ടിൽ കോൺസ്റ്റാൻറ്റിനോപ്പിളിലെ പാത്രിയർക്കീസ് ആയിരുന്ന നെസ്തോറിയസ് എന്ന വേദശാസ്ത്ര പണ്ഡിതൻ്റെ ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് നിലനിന്നിരുന്നത്. വേദവിരോധി എന്നു മുദ്രകുത്തി മറ്റു പാത്രിയാർക്കുകൾ അദ്ദേഹത്തെ പുറത്താക്കി. ക്രിസ്തുവിൻ്റെ വ്യക്തിത്വത്തിന് രണ്ടു മുഖങ്ങൾ നൽകി എന്നതിനാണ് നെസ്തോറിയസ് കുറ്റാരോപിതനാകുന്നത്. തുടർന്ന്
നെസ്തോറിയസ് കിഴക്കൻ സിറിയയിലും പേർഷ്യയിലും കച്ചവടസമൂഹങ്ങൾക്കിടയിൽ സ്വാധീനം നേടിയതോടെയാണ് അവിടെ നെസ്തോറിയൻ സിദ്ധാന്തത്തിന് മേൽക്കൈയുണ്ടാകുന്നത്. അഞ്ചാം നൂറ്റാണ്ടു മുതൽ കേരളത്തിലെ വാണിജ്യരംഗത്ത് പേർഷ്യൻ മിഷണറിമാരുടെ ഇടപെടൽ ഉണ്ടായതോടെ മാർത്തോമാ നസ്രാണി കളിലും അവരുടെ സ്വാധീനമുണ്ടായി. ഒമ്പതാം നൂറ്റാണ്ടിൽ തരിസാപ്പള്ളി ചെപ്പേട് മുഖേന വ്യാപാരരംഗത്ത് അവകാശങ്ങൾ നേടിയ മണിഗ്രാമക്കാരുടെ തലവൻമാരായ മാർ സാപോറും മാർ അഫ്രോത്തും പൗരസ്ത്യ സുറിയാനിക്കാരായിരുന്നു. പത്തു നൂറ്റാണ്ടുകളോളം ബാബിലോണിയയിലെ പാത്രിയർക്കീസ് കാലാകാലം അയയ്ക്കുന്ന മെത്രാന്മാരാണ് പ്രധാനമായും കേരളത്തിലെ നസ്രാണികളെ സുറിയാനി ആരാധനാരീതികളിൽ ഉറപ്പിച്ചു നിർത്തിയത്. തങ്ങളുടേതായ നെസ്തോറിയൻ ദൈവശാസ്ത്ര സമീപനരീതികൾ തദ്ദേശീയരിൽ അടിച്ചേൽപ്പിച്ചില്ല എന്നതും പരമ്പരാഗത വിശ്വാസങ്ങളിൽ കാര്യമായ അഴിച്ചുപണികൾ നടത്തിയില്ല എന്നതും ജസ്യൂട്ടുകൾ കൊണ്ടുവന്ന മതപരിഷ്കരണങ്ങളിൽനിന്ന് അവരെ വേറിട്ടുനിർത്തി.
സുറിയാനി നസ്രാണികളെ റോമൻ സഭയുടെ കീഴിലാക്കി അവരിൽ ആരോപിക്കപ്പെട്ട നെസ്തോറിയൻ സ്വാധീനം അഴിച്ചു മാറ്റുക എന്ന ദൗത്യമാണ് ഉദയംപേരൂർ സുന്നഹദോസിൽ ഉണ്ടായതെങ്കിൽ കൂനൻകുരിശ് പ്രതിജ്ഞയെ തുടർന്ന് പാശ്ചാത്യസുറിയാനി ഓർത്തഡോക്സ് (യാക്കോബായ) സഭാനേതൃത്വവും അതു തന്നെ തുടർന്നു. ഇരു സഭാനേതൃത്വവും നെസ്തോറിയൻ പാഷാണ്ഡത എന്നു വിളിച്ച് ഈ വിശ്വാസധാരയ്ക്ക് വിലക്ക് ഏർപ്പെടുത്തി. ഇത്തരമൊരു സാഹചര്യം നിലനിൽക്കുമ്പോഴാണ് മാർ ഗബ്രിയേലിനെ കിഴക്കൻ സുറിയാനി സഭ കേരളത്തിലേക്ക് അയയ്ക്കുന്നത്.
ചങ്ങനാശ്ശേരി സെൻറ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ മേൽപ്പട്ടക്കാരനായി സ്ഥാനമേറ്റ മാർ ഗബ്രിയേൽ നെസ്തോറിയൻ എന്ന കാരണത്താൽ തന്നെ മൂന്നു വർഷത്തിനുള്ളിൽ അവിടെ അസ്വീകാര്യനായി തീർന്നതോടെ അന്നത്തെ തെക്കുംകൂർ രാജാവായ ഉദയമാർത്താണ്ഡവർമ്മയുടെ അവസരോചിതമായ ഇടപെടലിലൂടെ കോട്ടയത്തേയ്ക്ക് വരുത്തുകയും കോട്ടയം ചെറിയപള്ളിയിൽ മേൽപ്പട്ടക്കാരനായി അവരോധിക്കുകയും ചെയ്തു. ചങ്ങനാശ്ശേരി പള്ളിയുടെ വടക്കുപടിഞ്ഞാറു ഭാഗത്ത് അങ്ങാടിയുടെ സമീപത്തായി മാർ ഗബ്രിയേൽ താമസിച്ചിരുന്ന മന്ദിരം സ്ഥിതി ചെയ്തിരുന്ന സ്ഥലം മെത്രാൻപറമ്പ് എന്ന് ഇന്നും അറിയപ്പെടുന്നു.
കോട്ടയത്ത് ചെറിയപള്ളിയും പാശ്ചാത്യ സുറിയാനി (അന്ത്യോഖ്യ) സഭയുടെ നേതൃത്വം അംഗീകരിച്ചിരുന്ന നാലാം മാർത്തോമയുടെ അധികാര പരിധിയിൽ പെട്ടതായിരുന്നു എന്നതിനാൽ അവിടെയും മാർ ഗബ്രിയേൽ മെത്രാന് എതിർപ്പുകൾ ഉണ്ടായി. എന്നാൽ തെക്കുംകൂർ രാജാവിൻ്റെ പിന്തുണ കൊണ്ടും നസ്രാണികൾ ഉൾപ്പെടെ പട്ടണവാസികളുടെ അകമഴിഞ്ഞ ആദരവുകൊണ്ടും മാർ ഗബ്രിയേൽ അതിനെയെല്ലാം മറികടന്നിരുന്നു. ദൈവശാസ്ത്രപരമായ വ്യതിയാനമാണ് അദ്ദേഹത്തെ എതിർത്തവർ കാരണമായി ഉയർത്തിപ്പിടിച്ചതെങ്കിലും സഭാവിശ്വാസികളുടെ മേൽ അദ്ദേഹത്തിനുണ്ടായിരുന്ന വലിയ സ്വാധീനമാണ് അവരെ ഭയപ്പെടുത്തിയത് എന്നു കരുതാവുന്നതാണ്.
കേരളത്തിലേക്ക് എത്തും മുമ്പു തന്നെ മാർപ്പാപ്പയിൽ തനിക്കുള്ള വിശ്വാസം അറിയിച്ച് മാർ ഗബ്രിയേൽ പിന്തുണ നേടിയിരുന്നു. ഇവിടെയെത്തിയ ശേഷം വരാപ്പുഴയിലെ കർമ്മലീത്ത സന്യാസിസമൂഹത്തോടും അദ്ദേഹം സമ്പർക്കം വെച്ചിരുന്നു. എന്നാൽ മാർത്തോമ നാലാമൻ അദ്ദേഹത്തെ ഒരു നുഴഞ്ഞുകയറ്റക്കാരനായാണ് കണ്ടത്. തൻ്റെ ഭദ്രാസനത്തിൽ നിന്ന് മാർ ഗബ്രിയേലിനെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് മാർത്തോമാ നാലാമൻ കൊച്ചിയിലെ ഡച്ചു ഗവർണർക്ക് കത്തെഴുതി. ഇതിനിടെ ചമ്പക്കുളത്തും പള്ളിപ്പുറത്തുമൊക്കെ ചില വൈദികർക്ക് മാർ ഗബ്രിയേൽ പട്ടം നൽകിയിരുന്നു. മാർത്തോമാ ക്രിസ്ത്യാനികളുടെ പാരമ്പര്യമനുസരിച്ച് ദേശക്കുറിയുണ്ടെങ്കിൽ മാത്രമേ വൈദികപ്പട്ടം നൽകയുള്ളൂ എന്നതിനാൽ തന്നെ മാർ ഗബ്രിയേലിന് വിശ്വാസസമൂഹത്തിലുണ്ടായിരുന്ന സ്വാധീനം വ്യക്തമാകുന്നതാണ്.
ഡച്ചുകാരിൽനിന്ന് നടപടി ഒന്നും ഉണ്ടാകാതിരുന്നതിനാൽ മാർ ഗബ്രിയേൽ മെത്രാനെ തിരിച്ചുവിളിക്കുന്നതിനായി 1720 ൽ അന്തോഖ്യയിലെ പാത്രിയർക്കീസിന് മാർത്തോമാ നാലാമൻ കത്തെഴുതി.
“നമ്മുടെ കർത്താവിൻ്റെ 1709-ാം വർഷത്തിൽ മാർ ഏലിയാ കാതോലിക്കോസ് അയച്ച നിനവേ സ്വദേശിയായ ഒരു മെത്രാപ്പോലീത്ത ഇവിടെയെത്തി. ക്രിസ്തുവിന് രണ്ടു തരം വ്യക്തിത്വം ഉണ്ടെന്ന വിശ്വാസത്തിൻ്റെ വക്താവായതിനാൽ മത്തായി വെട്ടിക്കുട്ടേൽ എന്ന വൈദികനും കുറച്ചു റോമൻ കത്തോലിക്കരുമല്ലാതെ ഞങ്ങളാരും അയാളിൽ വിശ്വസിക്കുന്നില്ല. അയാൾക്ക് മറുപടി നൽകാനുള്ള അറിവും ഞങ്ങൾക്കില്ല. ആയതിനാൽ അങ്ങയെ ഇതറിയിക്കുന്നു” ഇങ്ങനെയായിരുന്നു ആ കത്ത്. അന്തോഖ്യ പാത്രിയർക്കീസിലും മാർപ്പാപ്പയിലും മാർ ഗബ്രിയേലിനുണ്ടായിരുന്ന സ്വാധീനം നിമിത്തമാകണം ഈ കത്തിനും മറ്റു പരിശ്രമങ്ങൾക്കും ഫലമൊന്നുമുണ്ടായില്ല.
ഡച്ചു ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധിയായി കൊച്ചിയിൽ എത്തിച്ചേർന്ന പ്രൊട്ടസ്റ്റൻറ് പുരോഹിതനായ ജെകോബസ് കാൻറർ വിഷർക്ക് മാർ ഗബ്രിയേൽ മാർത്തോമാ നസ്രാണികളുടെ ചരിത്രമുൾപ്പെടുന്ന ദീർഘമായ ഒരു കത്ത് അയച്ചുകൊടുത്തു. മലബാറിൻ്റെ ചരിത്രവും സാംസ്കാരികതയുമൊക്കെ ഗവേഷണബുദ്ധിയോടെ പഠിക്കുക എന്ന ഉദ്ദേശത്തോടെയാണ് വിഷർ എത്തിയത്. വിഷർ തൻ്റെ കണ്ടെത്തലുകൾ Letters from Malabar എന്ന വിശ്രുത ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൻ്റെ ആദ്യപകുതിയിലെ കേരളീയ സമൂഹത്തെക്കുറിച്ച് മനസിലാക്കാൻ ഏറെ സഹായിക്കുന്ന ഗ്രന്ഥമാണിത്. മാർ ഗബ്രിയേൽ എഴുതിയ ലഘുചരിത്രക്കുറിപ്പ് കേരളനസ്രാണിസമൂഹത്തെക്കുറിച്ച് പഠിക്കുന്നവർക്ക് ആശ്രയിക്കാവുന്ന ഒരു പ്രധാന രേഖയാണ്.
AD 1719ൽ കാൻറർ വിഷർ കോട്ടയത്തെത്തി മാർ ഗബ്രിയേൽ മെത്രാപ്പോലീത്തയെ സന്ദർശിച്ചു. തൻ്റെ ഗ്രന്ഥത്തിൽ ചേർത്ത പതിനാറാമത്തെ കത്തിൽ മാർത്തോമാ നസ്രാണികളെ കുറിച്ചും അവരുടെ മെത്രാപ്പോലീത്തയായ മാർ ഗബ്രിയേലിനെ കുറിച്ചും സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.
“മാർ ഗബ്രിയേൽ നീണ്ട വെള്ളത്താടിയുള്ള നന്നായി വെളുത്ത മനുഷ്യനാണ്. വയോധികനും കാഴ്ചയിൽ സാത്വികനുമായ അദ്ദേഹം ബാഗ്ദാദിൽ നിന്നാണ് എത്തിയിരിക്കുന്നത്. പഴയ യഹൂദ പുരോഹിന്മാരെ ഓർമ്മിപ്പിക്കുമാറുള്ള വസ്ത്രവിധാനങ്ങളും വലിയ തലക്കെട്ട് പോലുള്ള തൊപ്പിയുമാണ് ധരിച്ചിരിക്കുന്നത്. അദ്ദേഹം അതീവമാന്യനും ദൈവഭയമുള്ളവനുമാണ്; വേഷഭൂഷാദി ആഡംബരങ്ങളിൽ തീരെ ആസക്തനുമല്ല. അദ്ദേഹത്തിൻ്റെ കഴുത്തിലണിഞ്ഞ മാലയിൽ ഒരു പൊൻകുരിശ് തൂങ്ങുന്നു. മറ്റു എല്ലാ വിധ ഭൗതിക ആസക്തികളിൽ നിന്നും വിരക്തനായ അദ്ദേഹം മാംസഭക്ഷണത്തെ പാടേ വർജ്ജിച്ചിരിക്കുന്നു.” ഇങ്ങനെ മാർ ഗബ്രിയേലിനെ വിഷർ വരച്ചുകാട്ടുന്നു.
കോട്ടയത്തെ കുന്നിൻപുറത്തുള്ള ചെറിയപള്ളിയിൽ വച്ച് മെത്രാനെ കണ്ടുവെന്നും തദവസ്സരത്തിൽ നാലു മൈൽ പടിഞ്ഞാറുള്ള തൻ്റെ കൊട്ടാരത്തിൽ നിന്ന് തെക്കുംകൂർ രാജാവായ ആദിത്യവർമ്മ എത്തി തനിക്ക് ഇരുകൈയിലും വീരശൃംഖല അണിയിച്ചുവെന്നും വിഷർ കൂട്ടി ചേർക്കുന്നു. മാർത്തോമാ നാലാമൻ മാർ ഗബ്രിയേലിനോട് വിരോധത്തോടെയുള്ള പെരുമാറ്റം തുടർന്നു എങ്കിലും കോട്ടയത്ത് അദ്ദേഹത്തിൻ്റെ സ്വീകാര്യത നിലനിന്നു. കേരളത്തിലെത്തി വൈകാതെ തന്നെ മലയാളഭാഷ സ്വായത്തമാക്കിയും സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങളിൽ ഇടപെട്ട് അവരെ സ്വാന്തനിപ്പിച്ചും ആചാര അനുഷ്ഠാനങ്ങളിലും വിശ്വാസത്തിലും അവരോട് ചേർന്നുനിന്നും ആദരവ് നേടിയ മെത്രാൻ ഉദയമാർത്താണ്ഡവർമ്മയ്ക്കും തുടർന്നു വന്ന ആദിത്യവർമ്മയ്ക്കും ആരാധ്യൻ കൂടിയായിരുന്നു. ഒരു പക്ഷേ രാജാക്കൻമാരുടെ പിന്തുണ കൂടി അദ്ദേഹത്തെ ചെറിയപള്ളിയിൽ മേൽപ്പട്ടസ്ഥാനത്ത് ഇളക്കം വരാതെ ഇരിക്കുന്നതിന് സഹായിച്ചിരിക്കാം.
AD 1728 ൽ മാർത്തോമാ നാലാമൻ കാലം ചെയ്തതിനെ തുടർന്ന് മാർത്തോമാ അഞ്ചാമൻ അഭിഷിക്തനായി. അദ്ദേഹവും മെത്രാനോട് വിരോധം വച്ചു പുലർത്തി. AD 1730ൽ (കൊ.വ. 905 കുംഭം 18) മാർ ഗബ്രിയേൽ മെത്രാപ്പോലീത്ത കാലം ചെയ്തു. ചെറിയപള്ളിയുടെ മദ്ബഹയിലാണ് അദ്ദേഹത്തെ കബറടക്കിയത്. ഒരു വർഷത്തിന് ശേഷം ഈ കബർ തുറന്നു നോക്കിയപ്പോൾ അദ്ദേഹത്തിൻ്റെ ഭൗതികശരീരത്തിന് ഒട്ടും ജീർണ്ണത ബാധിച്ചിരുന്നില്ല എന്നത് വാമൊഴിയായി ഇന്നും പ്രചരിക്കുന്നു.
നെസ്തോറിയൻ ദൈവശാസ്ത്ര സിദ്ധാന്തം ദൈവവിരോധമാണ് എന്ന് അന്നത്തെ സഭാ നേതൃത്വം പ്രചരിപ്പിച്ചതോടെ നെസ്തോറിയൻ അടയാളങ്ങൾ നശിപ്പിച്ചു കളയാൻ പ്രേരിപ്പിക്കപ്പെട്ടു.1825 നോടടുത്ത് മാർ ഗബ്രിയേലിൻ്റെ കബറിടം പൊളിച്ച് നീക്കം ചെയ്തു. അന്നുവരെ നടന്നുവന്നിരുന്ന മെത്രാൻ്റെ ശ്രാദ്ധപ്പെരുന്നാൾ നിർത്തലാക്കി. കബറിടത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന തടിക്കൂടിൻ്റെ പലക പള്ളിമേടയുടെ പടിക്കെട്ടിൻ്റെ വശങ്ങൾ മറയ്ക്കാൻ ഉപയോഗിച്ചു. ആ പലകയൊന്നിലാണ് ചരമദിനം രേഖപ്പെടുത്തിയ ലിഖിതം കാണപ്പെടുന്നത്.