കൽപ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചിലില്‍ കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങള്‍ എയര്‍ ലിഫ്റ്റ് ചെയ്തു. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി 11-ാമത്തെ ദിവസമായ വെളളിയാഴ്ച കണ്ടെത്തിയ മൂന്ന് പൂര്‍ണ മൃതദേഹങ്ങളാണ് വീണ്ടെടുത്തത്.
കാന്തന്‍പാറ വെള്ളച്ചാട്ടത്തിന് സമീപം ആനയടിക്കാപ്പില്‍ നിന്നാണ് മൂന്ന് മൃതദേഹങ്ങള്‍ ശനിയാഴ്ച രാവിലെയോടെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ എയര്‍ ലിഫ്റ്റ് ചെയ്ത് മേപ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
ദുഷ്‌കരമായ മലയിടുക്കില്‍നിന്ന് ശ്രമകരമായാണ് മൃതദേഹങ്ങള്‍ എയര്‍ ലിഫ്റ്റ് ചെയ്തത്. രണ്ട് തവണ ഹെലികോപ്റ്റര്‍ സ്ഥലത്തെത്തിയെങ്കിലും പ്രതികൂല സാഹചര്യത്തെ തുടര്‍ന്ന് തിരികെവരികയായിരുന്നു. ഒരു ശരീരഭാഗം കൂടി ഇനി വീണ്ടെടുക്കണം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വയനാട് സന്ദര്‍ശന പശ്ചാത്തലത്തില്‍ ഹെലികോപ്റ്ററിലെ ദൗത്യ സംഘത്തിന് അടിയന്തരമായി മടങ്ങേണ്ടിവന്നതാണ് കാരണം. ശരീര ഭാഗം വീണ്ടെടുക്കുക ഞായറാഴ്ചയാകും.
ഇന്നലെ സന്നദ്ധ പ്രവര്‍ത്തകരും രക്ഷാദൗത്യ സംഘവും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ പിപിഇ കിറ്റ് ഇല്ലാതിരുന്നതിനാലാണ് മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്യാന്‍ വൈകിയത്.വീണ്ടെടുത്ത മൃതദേഹങ്ങള്‍ അഴുകിയിരുന്നതിനാല്‍ തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണുളളത്.
ഇതോടെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ലഭിച്ച മൃതദേഹങ്ങളുടെ എണ്ണം 229 ആയി. 198 ശരീരഭാഗങ്ങളും വിവിധ ഇടങ്ങളില്‍നിന്നായി കണ്ടെടുത്തു.