ആലപ്പുഴ തകഴി കുന്നുമ്മയില്‍ നവജാതശിശുവിനെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയായ യുവതിയുടെ മൊഴി പുറത്ത്. അവിവാഹിതയായതിനാല്‍ നാണക്കേട് ഭയന്നാണ് പ്രസവ വിവരം മറച്ചുവെച്ചതാണെന്നാണ് യുവതിയുടെ മൊഴി. കുഞ്ഞ് ജനിച്ച ഉടന്‍ കരഞ്ഞിരുന്നില്ലെന്നും യുവതി പറയുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി തിരുവനന്തപുരത്ത് ജോലി ചെയ്യുകയാണ് യുവതി.
ദുരൂഹതകള്‍ ഏറെയുള്ള സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. അമ്മയും ആണ്‍സുഹൃത്തും ചേര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ, അമ്മ കുഞ്ഞിനെ കൊന്ന് കാമുകന് നല്കിയതാണോ തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് ഉത്തരം കണ്ടെത്തേണ്ടത്. യുവതി പൊലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. രാജസ്ഥാനില്‍ പഠിക്കുമ്പോഴാണ് യുവതിയും ആണ് സുഹൃത്തും തമ്മില്‍ അടുപ്പത്തിലായത്.
തകഴി കുന്നുമ്മയില്‍ മുട്ടിച്ചിറ കോളനിയിലെ പാടശേഖരത്തോട് ചേര്‍ന്ന് കുഴിച്ചിട്ട നിലയിലായിരുന്നു നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുക. കേസിലെ രണ്ടാം പ്രതിയായ യുവതിയുടെ ആണ് സുഹൃത്തിനെ പൊലീസ് റിമാന്‍ഡ് ചെയ്തു. കുഞ്ഞിനെ കൊലപ്പെടുത്തിയിട്ടില്ലെന്നാണ് യുവതിയുടെ ആണ് സുഹ്യത്ത് അന്വേഷണ ഉദ്യോഗസ്ഥരോട് ആവര്‍ത്തിക്കുന്നത്. കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കാനാണ് ആണ് സുഹൃത്തിനോട് പറഞ്ഞതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ മാത്രമേ കുഞ്ഞ് കൊല്ലപ്പെട്ടതാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ.
ഈ മാസം ആറാം തീയതി പുലര്‍ച്ചെയാണ് യുവതിയുടെ പ്രസവം നടന്നത്. മൃതദേഹം മറവ് ചെയ്തത് ഏഴാം തീയതിയാണെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. നവജാത ശിശുവിന്റെ ദുരൂഹ മരണം പുറം ലോകത്തെത്തുന്നതില്‍ നിര്‍ണായകമായത് ഡോക്ടറുടെ സംശയമാണ്. വയറുവേദനയെ തുടര്‍ന്ന് യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ മാത്രമേ ചികിത്സ നല്‍കാനാകൂ എന്നറിയിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിയതോടെയാണ് യുവതിയുടെ പ്രസവം നടന്ന വിവരം പുറത്തറിയുന്നത്. കുഞ്ഞിനെക്കുറിച്ച് ചോദിച്ചപ്പോള്‍ യുവാവിന്റെ കൈവശം അമ്മത്തൊട്ടിലില്‍ നല്‍കാനായി ഏല്‍പ്പിച്ചെന്നാണ് അറിയിച്ചതെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. പിന്നീടാണ് കുഞ്ഞിനെ കുഴിച്ച് മൂടിയതാണെന്ന് യുവതി സമ്മതിക്കുന്നത്.
സംഭവത്തില്‍ തകഴി സ്വദേശികളായ രണ്ടു യുവാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തോമസ് ജോസഫ് (24) അശോക് ജോസഫ് (30) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. തോമസ് ജോസഫിന്റെ പൂച്ചക്കല്‍ സ്വദേശിനിയായ പെണ്‍സുഹൃത്ത് കഴിഞ്ഞ 7 ന് പ്രസവിച്ച പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് പ്രതികള്‍ മറവു ചെയ്തത്. രാജസ്ഥാനില്‍ ഹോട്ടല്‍ മാനേജ്മെന്റ് പഠിക്കാന്‍ പോയിടത്തു നിന്നാണ് യുവതിയും തോമസ് ജോസഫും പരിചയത്തില്‍ ആകുന്നത്.