വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരല്‍മല-മുണ്ടക്കൈ മേഖലകളില്‍ ശക്തമായ മഴ. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് പ്രദേശത്ത് മഴ കനത്തത്. ഉരുൾപൊട്ടലിനുശേഷം, ചൂരൽമലയേയും മുണ്ടക്കൈയേയും തമ്മിൽ ബന്ധിപ്പിക്കാനായി കണ്ണാടിപ്പുഴയ്ക്ക് കുറുകെ നിർമിച്ച താൽകാലിക നടപ്പാലം മഴയിലും കുത്തൊഴുക്കിലും തകർന്നു.
മഴ പെയ്യുന്നതിനിടെ പുഴയിലുണ്ടായ കുത്തൊഴുക്കിൽ പശു അകപ്പെട്ടു. ഫയർ ഫോഴ്സ് സേനാംഗങ്ങൾ നടത്തിയ കഠിനാധ്വാനത്തിലൂടെ പശുവിനെ കരയ്ക്ക് കയറ്റി. കുത്തൊഴുക്കിൽ പല തവണ പുഴയിൽ മുങ്ങിത്താഴ്ന്ന പശുവിന് പരിക്കേറ്റതായാണ് വിവരം. മൃഗഡോക്ടറുടെ സേവനം ലഭ്യമാക്കാൻ ശ്രമം തുടങ്ങി.
ബെയ്‌ലി പാലത്തിന് അപ്പുറം മുണ്ടക്കൈ ഭാഗത്ത് നിരവധി കന്നുകാലികള്‍ മേയുന്നുണ്ടായിരുന്നു. പുഴയിലൂടെ മറുകരയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇതില്‍ ഒന്ന് ഒഴുക്കില്‍പ്പെട്ടത് എന്നാണ് കരുതുന്നത്.
ശക്തമായ കുത്തൊഴുക്കിനെ വകവെക്കാതെ പുഴയില്‍ ഇറങ്ങിയ രക്ഷാപ്രവര്‍ത്തകര്‍ വടം ഉപയോഗിച്ച് കെട്ടിയാണ് പശുവിനെ കരയ്ക്കുകയറ്റിയത്. കരക്കെത്തിച്ച പശുവിന് നടക്കുന്നതിന് ബുദ്ധിമുട്ടുണ്ടായിരുന്നു. കാലിൽ മുറിവേറ്റിട്ടുണ്ട്. ഇതിനാലാണ് ഇതെന്ന് സംശയിക്കുന്നു. കഴുത്തിലുണ്ടായിരുന്ന കയർ അഴിച്ച് പശുവിനെ സ്വതന്ത്രയാക്കിയെങ്കിലും അത് നിൽക്കാതെ നിലത്ത് കിടന്നു. ചെളിവെള്ളം പശു ധാരാളം കുടിച്ചിട്ടുള്ളതായാണ് സംശയം. പശുവിന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുമെന്നാണ് വിവരം.