പാരിസ്: പാരിസ് ഒളിംപിക്‌സ് ഗുസ്തിയില്‍ അയോഗ്യയാക്കിയ നടപടിക്കെതിരെ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ ലോക കായിക കോടതി വിധി പറയുന്നത് വീണ്ടും നീട്ടി. ആഗസ്റ്റ് 16 വെള്ളിയാഴ്ചത്തേയ്ക്കാണ് വിധി പറയാൻ നീട്ടിയിരിക്കുന്നത്.
100 ഗ്രാം ഭാരം കൂടിയതിന്റെ പേരിൽ ഫോഗട്ടിനെ ഒളിമ്പിക്സ് ഫൈനലിൽനിന്ന് അയോഗ്യയാക്കിയതിനെതിരെയാണ് രാജ്യാന്തര തർക്കപരിഹാര കോടതിയെ സമീപിച്ചത്. വിധി പറയാൻ ആസ്ട്രേലിയൻ ആർബിട്രേറ്റർക്ക് കൂടുതൽ സമയം അനുവദിക്കുകയായിരുന്നു.
ഫൈനലിൽ എത്തിയശേഷമാണ് വിനേഷ് അയോഗ്യയാക്കപ്പെട്ടത് എന്നതിനാൽ വെള്ളി മെഡൽ പങ്കിടാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് അപ്പീൽ നൽകിയത്. ഒളിമ്പിക്സ് ഗുസ്തി 50 കിലോഗ്രാം ഫൈനൽ മത്സരത്തിന്റെ അന്നാണു വിനേഷ് ഫോഗട്ടിന്റെ ശരീരം ഭാരം കൂടിയെന്നു കാണിച്ച് താരത്തെ അയോഗ്യയാക്കിയത്.
അപ്പീലിൽ കഴിഞ്ഞ ദിവസം തന്നെ വാദം പൂർത്തിയായിരുന്നു. വെള്ളിയാഴ്ച രാത്രി ഇന്ത്യൻ സമയം 9.30നാണ് ഇനി വിധി പറയുക. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ചൊവ്വാഴ്ച രാത്രി നടത്താനിരുന്ന വാർത്തസമ്മേളനവും മാറ്റിവെച്ചിട്ടുണ്ട്.
പാരിസ് ഒളിംപിക്സ് അവസാനിച്ചപ്പോൾ ഇന്ത്യ ആറ് മെഡലോടെ 71-ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഒരു വെള്ളിയും അഞ്ച് വെങ്കലവുമാണ് ഇന്ത്യൻ സംഘത്തിന്റെ നേട്ടം. വിനേഷ് ഫോഗട്ടിന് അയോഗ്യത ലഭിച്ചതോടെയാണ് ടോക്കിയോ ഒളിംപിക്സിലെ ഏഴ് മെഡലുകൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്ക് കഴിയാതെ പോയത്.