പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ തടഞ്ഞ് നിർത്താൻ സാധിക്കില്ല. എന്നാൽ ഇത് അമിതമായി കാണപ്പെടാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. ചർമ്മത്തിന് ആവശ്യമായ രീതിയിലുള്ള പോഷകങ്ങളും അതുപോലെ സംരക്ഷണം ഉറപ്പ് വരുത്തേണ്ടത് ഏറെ പ്രധാനമാണ്. പ്രത്യേകിച്ച് 40 വയസൊക്കെ കഴിയുമ്പോൾ നല്ല സംരക്ഷണം നൽകാൻ ശ്രമിക്കണം. ജീവിതശൈലിയിലും ഭക്ഷണശൈലിയിലും അൽപ്പം ശ്രദ്ധ നൽകിയാൽ ചർമ്മത്തിൻ്റെ യുവത്വം നിലനിർത്താം. വൈറ്റമിൻ സിയുടെ മികച്ച ഉറവിടമാണ് നെല്ലിക്ക. ഇത് ചർമ്മത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാറുണ്ട്. കറുത്ത പാടുകൾ, വീക്കം, പിഗ്മൻ്റേഷൻ എന്നിവയൊക്കെ മാറ്റാൻ നെല്ലിക്ക നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ സിയും ഇയും ചർമ്മത്തിനെ പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളിൽ നിന്ന് തടയുന്നു. ചർമ്മത്തിന് ആവശ്യമായ ജലാംശം നിലനിർത്താനും നെല്ലിക്ക സഹായിക്കാറുണ്ട്. മാത്രമല്ല മുഖക്കുരുവും അതുമൂലമുണ്ടാകുന്ന പാടുകളും ഇല്ലാതാക്കാനും നെല്ലിക്ക സഹായിക്കും. ചർമ്മത്തിൻ്റെ തിളക്കം കൂട്ടാൻ ബെസ്റ്റാണ് തേൻ. ഇതിൽ അടങ്ങിയിട്ടുള്ള ആൻ്റി ഫംഗൽ, ആൻ്റി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിന് തിളക്കവും ഭംഗിയും നൽകാൻ സഹായിക്കും. ചർമ്മത്തിനെ മോയ്ചറൈസ് ചെയ്ത് നിർത്താൻ തേൻ ഏറെ നല്ലതാണ്. കൂടാതെ പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ ഇല്ലാതാക്കാനും തേൻ സഹായിക്കാറുണ്ട്. തേൻ ചർമ്മത്തിൽ പുരട്ടുന്നതും അതുപോലെ ഉള്ളിൽ കഴിക്കുന്നതും പല ഗുണങ്ങളാണ് നൽകുന്നത്. ചർമ്മ സംരക്ഷണത്തിൽ ഒഴിച്ച് കൂടാനാവത്തതാണ് തേൻ എന്ന് തന്നെ പറയാം. ചർമ്മത്തിന് ഏറെ നല്ലതാണ് മഞ്ഞൾ. ചർമ്മത്തിലെ നിറ വ്യത്യാസം മാറ്റി നല്ല ഭംഗി നൽകാനും ചർമ്മത്തെ ക്ലെൻസ് ചെയ്യാനും മഞ്ഞൾ സഹായിക്കാറുണ്ട്. ഇതിലെ ആൻ്റി ഇൻഫ്ലമേറ്റി ഗുണങ്ങൾ ചർമ്മത്തിലെ അണുബാധകളെ ഒക്കെ മാറ്റുന്നു. അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ മാറ്റാനും മഞ്ഞൾ ഏറെ നല്ലതാണ്.