Features

‘മോസ്റ്റ് ഫിയര്‍ലെസ് മാന്‍’ മേജര്‍ ഋഷി ?: ആ മുഖംമൂടി പറഞ്ഞ കഥ /’Most fearless man’ Major Rishi?: The story told by that mask

'മരണമുഖത്തു' നഷ്ടപ്പെട്ടത് 'സ്വന്തംമുഖം', തീവ്രവാദികളുടെ വെടിയുണ്ടയില്‍ തെറിച്ചുപോയത് താടിയെല്ല്, അറ്റുപോയത് മൂക്കും...

മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ജനങ്ങളെ സഹായിക്കാനിറങ്ങി കൈയ്യടി നേടിയ ഇന്ത്യന്‍ സൈന്യം കൃത്യനിര്‍വ്വഹണം കഴിഞ്ഞ് മടങ്ങിയിരിക്കുന്നു. ഓരോ മുണ്ടക്കൈക്കാരും സൈന്യത്തോട് കടപ്പെട്ടവരായി തീര്‍ന്നിരിക്കുന്നു. വലിയ ദുരന്തത്തില്‍ പകച്ചു നിന്ന സംസ്ഥാന സര്‍ക്കാരിനെയും രക്ഷാദൗത്യ സംഘങ്ങളെയും സഹായിക്കാന്‍ രാജ്യം കാക്കുന്നവര്‍ എത്തിയതോടെ എല്ലാം വളരെ വേഗത്തിലായി. ദുരന്തം മുറിച്ചു മാറ്റിയ രണ്ടു പ്രദേശങ്ങളെ ബന്ധിപ്പിച്ച ബെയ്‌ലി പാലം, ഒറ്റപ്പെട്ടു പോയവരെ രക്ഷിക്കാന്‍ അതിസാഹസ എര്‍ലിഫ്റ്റിംഗ്, ദുര്‍ഘടമായ പ്രദേശങ്ങള്‍ താണ്ടി മരണത്തിന്റെ മുഖത്തു ചവിട്ടി ദുരന്ത ബാധിതരെ ജീവിതത്തിലേക്ക് എത്തിച്ചതു വരെ സൈന്യത്തിന്റെ ക്രെഡിറ്റില്‍ തന്നെ.

പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ നിന്നും നിയോഗിക്കപ്പെട്ട സൈന്യത്തിന്റെ കൂടെ ഒരു മേജര്‍ ഉണ്ടായിരുന്നു. മുഖം മാസ്‌ക്കു കൊണ്ടു മറച്ചൊരു മേജര്‍. അദ്ദേഹത്തിന്റെ പേരാണ് മേജര്‍ ഋഷി രാജലക്ഷ്മി. മുണ്ടക്കൈയില്‍ ഇറങ്ങിയ സൈന്യത്തിന്റെ ത്യാഗോജ്വലമായ സേവന കഥകള്‍ മാധ്യമങ്ങള്‍ പാണന്റെ റോളില്‍ പാടി പുകഴ്ത്തി കഴിഞ്ഞതാണ്. ബെയ്‌ലി പാലം നിര്‍മ്മി്കാന്‍ നേത്ൃത്വം നല്‍കിയ വനിതാ സൈനികയടക്കം പ്രശംസാപാത്രമായിരുന്നു. മേജര്‍ ഋഷിയും മാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു. ദൗത്യം കഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോള്‍ ഓഫ് റോഡേഴ്‌സിനെ കെട്ടിപ്പിടിച്ച് വികാര നിര്‍ഭരമായി യാത്ര പറഞ്ഞതാണ് വാര്‍ത്തകളില്‍ നിറഞ്ഞത്.

‘എനിക്കൊരു ഹഗ്ഗ് തരൂ’ എന്നു പറഞ്ഞ് രണ്ടുകൈയ്യും വിരിച്ചു നിന്ന മേജറിനടുത്തേക്ക് പോകാന്‍ മടിച്ച ഓഫ് റോഡേഴ്‌സിനെ ‘വാടാ’ എന്നു വിളിച്ച് ചേര്‍ത്തു പിടിച്ചാണ് മേജര്‍ യാത്ര പറഞ്ഞത്. ഓഫ് റോഡേഴ്‌സ് മേജറിന് സല്യൂട്ടും നല്‍കി. അതി വൈകാരികമായ ആ കാഴ്ചയും മേജറിന്റെ സ്‌നേഹ പ്രകടനവും രാജ്യത്തെയും രാജ്യത്തിലെ സാധാരണ ജനങ്ങളെയും എത്രമാത്രമാണ് ചേര്‍ത്തു നിര്‍ത്തുന്നത്. ഒരു സൈനികന് ഇതില്‍ കൂടുതല്‍ മറ്റെന്താണ് കിട്ടേണ്ടത്. അപ്പോഴും ആരും അദ്ദേഹത്തിന്റെ മുഖത്തെ മാസ്‌ക് മാറ്റി കണ്ടില്ല. മേജറും സംഘവും മുണ്ടക്കൈ വിട്ടതോടെ അദ്ദേഹത്തിന്റെ മറച്ച മുഖത്തെ കുറിച്ചുള്ള അന്വേഷണമായിരുന്നു മാധ്യമങ്ങളും അഭ്യുദയകാംഷികളും നടത്തിയത്.

ഇന്ത്യയുടെ മുഖം കുനിഞ്ഞു പോകാതിരിക്കാന്‍ നടത്തിയ ധീരമായ പോരാട്ടത്തിന്റെ കഥയാണ് പിന്നീട് മേജര്‍ ഋഷിയുടേതായി കേള്‍ക്കുന്നത്. പാക്കിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ മുസ്ലീംതീവ്രവാദികളുടെ തോക്കുകള്‍ക്ക് ആ മുഖം തകര്‍ക്കാന്‍ കഴിഞ്ഞു. പക്ഷേ, രാജ്യസ്‌നേഹം കൊണ്ടു നിറച്ച ആ ഉരുക്ക് മനസ്സ് തകര്‍ക്കാന്‍ കഴിഞ്ഞില്ല. കശ്മീരില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടി ‘മരണമുഖത്തു’ നിന്നു തിരികെ കയറുമ്പോള്‍ മേജര്‍ ഋഷിക്കു നഷ്ടമായത് ‘സ്വന്തം മുഖമാണ്’. എന്നിട്ടും, പോര്‍മുഖത്ത് രാജ്യത്തിനു വേണ്ടി പൊരുതുകയായിരുന്നു ആ വീരസൈനികന്‍. ത്രസിപ്പിക്കുന്ന പോരാട്ടവീര്യത്തിന്റെ കഥ അത്രയേറെ ഹൃദയസ്പര്‍ശിയാണ്. ‘ഋ’ല്‍ തുടങ്ങുന്ന അധികം പേരുകള്‍ മലയാളത്തിലില്ല. അപൂര്‍വമായ ആ അക്ഷരം കൊണ്ടു തുടങ്ങുന്ന പേരുകാരന്‍ എന്നതു മാത്രമല്ല അത്യപൂര്‍വമായൊരു പോരാട്ടത്തിന്റെയും തിരിച്ചുവരവിന്റെയും പേരാണ് മുതുകുളം വടക്ക് മണിഭവനത്തില്‍ ഋഷി എന്ന മേജര്‍ ഋഷി.

2017, ഫുല്‍വാമയിലെ ദ്രാല്‍

ദക്ഷിണ കശ്മീരിലെ ഫുല്‍വാമ ജില്ലയിലെ ദ്രാല്‍ പ്രദേശം. നാട്ടുകാര്‍ക്കായി സംഘടിപ്പിച്ചിരിക്കുന്ന ഒരു മെഡിക്കല്‍ ക്യാമ്പിന്റെ തിരക്ക്. സൈനിക സംഘമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പെട്ടെന്നാണ് കമാന്‍ഡിങ് ഓഫിസറുടെ സന്ദേശം മേജര്‍ ഋഷിക്കും സൈനികര്‍ക്കും ലഭിക്കുന്നത്. ദ്രാലിലെ ഒരു വീട്ടില്‍ സായുധരായ രണ്ടു തീവ്രവാദികള്‍ കടന്നുകൂടിയിരിക്കുന്നു എന്നാണ് വിവരം. അപ്പോള്‍ത്തന്നെ ഒരു പോരാട്ടത്തിന് ഒരുങ്ങിക്കഴിഞ്ഞിരുന്നു മേജര്‍ ഋഷിയുടെ നേതൃത്വത്തിലുള്ള സൈനികര്‍. ക്യാമ്പ് മതിയാക്കി ഉടന്‍ പോരാട്ട ഭൂമിയിലേക്ക് പോകാന്‍ സൈന്യം തയ്യാറായി.

ഋഷിയുടെ നേതൃത്വത്തില്‍ സൈനികര്‍ എത്തുമ്പോള്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന വീടു കണ്ടെത്തി. കുന്നിന് മുകളില്‍ മൂന്നുനില വീട്. പാറക്കെട്ടും കുത്തനെ ചെരിവുമുള്ള പ്രദേശം. അടുത്തടുത്തു വീടുകള്‍. സൈനിക നീക്കം ദുഷ്‌ക്കരമാക്കുന്ന പശ്ചാത്തലം. എന്നാല്‍, പ്രതികൂല സാഹചര്യങ്ങളെല്ലാം മറികടന്ന് സൈന്യവും പൊലീസും വീടുവളഞ്ഞു. ആളപായം ഉണ്ടാകാതിരിക്കാന്‍ അടുത്തള്ള വീടുകളില്‍ നിന്നും ആള്‍ക്കാരെ ഒഴിപ്പിച്ചു. കീഴടങ്ങാനുള്ള സൈന്യം തീവ്രവാദികള്‍ക്കു മുന്നറിയിപ്പു നല്‍കി. പക്ഷെ, വീടിനുള്ളില്‍ നിന്നും പ്രതികരണമുണ്ടായില്ല. സൈന്യം ആക്രമിക്കാന്‍ തയ്യാറെടുത്തതോടെ വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ പുറത്തേക്കോടി രക്ഷപ്പെട്ടു.

വീടിന്റെ പിന്‍ഭാഗം മോര്‍ട്ടാര്‍ ആക്രമണത്തിലൂടെ സൈന്യം തീയിട്ടു. എന്നിട്ടും തീവ്രവാദികള്‍ പുറത്തിറങ്ങിയില്ല. ഇതോടെ വീട് തകര്‍ത്തു തീവ്രവാദികളെ വധിക്കാന്‍ സൈന്യം തീരുമാനിച്ചു. സ്‌ഫോടനത്തിലൂടെ വീടു തകര്‍ക്കുകയാണു ലക്ഷ്യം. ആ ദൗത്യം മേജര്‍ ഋഷിതന്നെ ഏറ്റെടുത്തു. കരിങ്കല്ലും പാറക്കെട്ടുകളും നിറഞ്ഞ പ്രദേശമായതിനാല്‍ കശ്മീരിലെ വീടുകളുടെ അടിത്തറ വളരെ ശക്തമാണ്. അതിനാല്‍ സ്‌ഫോടക വസ്തു തറയില്‍ വച്ചാല്‍ ഉദ്ദേശിച്ച പ്രഹരശേഷി ലഭിക്കില്ല. അതിനാല്‍ വീടിനുള്ളില്‍ ്ഫടകവസ്തു എത്തിച്ച് പൊട്ടിക്കുക, ഇതായിരുന്നു പ്ലാന്‍. അതിനായി നേരത്തേ ഒഴിപ്പിച്ച സമീപത്തെ വീടുകളിലൊന്നില്‍ നിന്ന് ഒരുമേശ സംഘടിപ്പിച്ചു. സ്‌ഫോടക വസ്തു അതില്‍ സ്ഥാപിച്ചു. 10 കിലോയുള്ള സ്‌ഫോടക വസ്തുവുമായി, വീടിനുള്ളിലേക്ക് ഋഷി കയറി.

ഏതു നിമിഷവും തീവ്രവാദികളില്‍ നിന്നും പ്രത്യാക്രമണം പ്രതീക്ഷിച്ചിരുന്നു. വീടിന്റെ മുകള്‍ നിലയില്‍ നിലയുറപ്പിച്ചിരുന്ന തീവ്രവാദികള്‍ ഗോവണിപ്പടിക്കു മുകളില്‍ നിന്നുകൊണ്ട് ഋഷിക്കു നേരെ വെടിയുതിര്‍ത്തു. ആദ്യ വെടിയുണ്ട ഹെല്‍മറ്റില്‍ ഉരസി ഋഷിയുടെ മൂക്കു തകര്‍ത്തു കടന്നു പോയി. രണ്ടാമത്തേതായിരുന്നു കൂടുതല്‍ മാരകമായി മുറിവേല്‍പ്പിച്ചത്. താടിയെല്ലു തകര്‍ത്ത രണ്ടാം വെടിയുണ്ട മുഖത്തിന്റെ സ്ഥാനത്ത് അവശേഷിപ്പിച്ചതു മാംസക്കഷ്ണങ്ങള്‍ മാത്രം. മുഖത്തു വെടിയുണ്ടകളേറ്റതായി ഋഷിക്കു മനസ്സിലായി. രക്തം ചീറ്റി മുഖമാകെ പടര്‍ന്നു. കാഴ്ച മങ്ങി. ഒന്നും കാണാന്‍ കഴിയുന്നില്ല. എന്നാല്‍, ബോധം നശിച്ചില്ല. വെടിയേറ്റു വീണതോടെ തന്നെ രക്ഷപ്പെടുത്താനായി കൂടുതല്‍ സൈനികര്‍ വീടിനുള്ളില്‍ പ്രവേശിച്ചാല്‍ അവര്‍ക്കും വെടിയേല്‍ക്കാന്‍ സാധ്യതയുണ്ടെന്നു മനസ്സിലാക്കിയ ഋഷി പുറത്തേക്ക് ഇഴഞ്ഞു നീങ്ങിത്തുടങ്ങി. എത്ര ദൂരം ഇഴഞ്ഞുവെന്ന് ഓര്‍മ്മയില്ല. സൈനികര്‍ നില്‍ക്കുന്ന ഭാഗത്തേക്ക് എത്തുന്നതിനു മുമ്പുതന്നെ കമാന്‍ഡിംഗ് ഓഫിസര്‍ മുന്നോട്ട്‌വന്ന് സുരക്ഷിത സ്ഥാനത്തേക്കു വലിച്ചുമാറ്റി.

പോരാട്ടം നടന്ന ദ്രാലില്‍ നിന്ന് 35 കിലോമീറ്ററോളമുണ്ട് ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക്. അവിടുത്തെ ഫിസിയോ തെറപ്പിസ്റ്റ് ഋഷിയുടെ ഭാര്യ ക്യാപ്റ്റന്‍ അനുപമയാണ്. ഭര്‍ത്താവിന് ആക്രമണത്തില്‍ പരുക്കേറ്റ വിവരം അനുപമ അറിഞ്ഞിരുന്നു. ഉള്ളുവിങ്ങുന്ന വേദനയോടെ അവര്‍തന്നെയാണ് ആശുപത്രിയില്‍ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയത്. ഋഷിയുമായി ആംബുലന്‍സ് ആശുപത്രിയിലെത്തി. അനുപമ ഒന്നേ ആ മുഖത്തേക്കു നോക്കിയുള്ളൂ. തളര്‍ന്നു താഴെവീണു. അത്ര ഭീകരമായിരുന്നു മുഖത്തിന്റെ അവസ്ഥ. ദ്രാലില്‍ നിന്നു ശ്രീനഗറിലേക്ക് ആംബുലന്‍സില്‍ കൊണ്ടുവരുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ഡോക്ടര്‍ നിരാശയോടെ തന്നെ നോക്കുന്നതായി ഋഷിക്കു തോന്നി. സംസാരിക്കാന്‍ ഋഷിക്കു കഴിയുമായിരുന്നില്ല. കൈകള്‍ ഉയര്‍ത്തി ഡോക്ടറോട് ഋഷി ആംഗ്യം കാട്ടി.

എനിക്ക് ഒന്നും സംഭവിക്കില്ല, ഞാന്‍ അതിശക്തനായി തിരികെ വരുമെന്ന്. പക്ഷേ, ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് എത്തും മുന്‍പു ബോധം മറഞ്ഞു. ശ്രീനഗര്‍ ആശുപത്രിയില്‍ ഒരുദിവസത്തെ ചികിത്സയ്ക്കു ശേഷം ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ നിര്‍ദേശത്തെ തുടര്‍ന്നു ഋഷിയെ ന്യൂഡല്‍ഹിയിലെ ആര്‍മി റഫറല്‍ ആന്‍ഡ് റിസര്‍ച് ഹോസ്പിറ്റലിലേക്കു മാറ്റി. വിദഗ്ധ ചികിത്സയുടെ ഫലമായി ഋഷി പതിയെ പതിയെ ജീവിതത്തിലേക്കു തിരികെവന്നു. അതിനിടെ ഡല്‍ഹി പൊലീസിനു സംഭവിച്ച ഒരു പിഴവ് നാടിനെ നടുക്കി. ഋഷി മരിച്ചതായി അവര്‍ നാട്ടില്‍ വിവരം നല്‍കി. അന്വേഷണത്തിനൊടുവില്‍ വാര്‍ത്ത സത്യമല്ലെന്നു ബോധ്യപ്പെട്ടതോടെ ഋഷിയുടെ ചികിത്സ ഫലപ്രദമാകാനുള്ള പ്രാര്‍ഥനകളിലേക്കു നാടു മടങ്ങി.

വെടിയേറ്റു തകര്‍ന്ന മുഖം നേരെയാക്കാന്‍ ഏതാനും ശസ്ത്രക്രിയകള്‍ കഴിഞ്ഞു. ഇനിയും ഒട്ടേറെ ശസ്ത്രക്രിയകള്‍ വേണ്ടിവരുമെന്നാണു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ചികിത്സയുടെ നാളുകളില്‍ ശരീരഭാരം 15 കിലോയോളം ഒറ്റയടിക്കു കുറഞ്ഞുപോയി. അതു വീണ്ടെടുത്തു വരുന്നു. താടിയെല്ലു തകര്‍ന്നതിനാല്‍ ദ്രവ രൂപത്തിലുള്ള ആഹാരം മാത്രമേ ഇപ്പോഴും കഴിക്കാന്‍ കഴിയൂ. കൈത്താങ്ങായി പിതാവ് ബി. വേണുപ്രസാദും മാതാവ് രാജലക്ഷ്മിയും സഹോദരന്‍ വിനായകും പിന്നെ സദാസമയവും നിഴല്‍ പോലെ ഭാര്യ അനുപമയും കൂടെയുള്ളപ്പോള്‍ തിരിച്ചുവരവ് ഒട്ടും വൈകില്ലെന്നതില്‍ ഋഷി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ പിന്തുണയും ഏറെ ആശ്വാസകരമായി. പരുക്കില്‍നിന്നു മോചിതനായാല്‍ വീണ്ടും പോരാട്ടമുന്നണിയിലേക്കു പോകണമെന്ന് തന്നെയായിരുന്നു ഋഷിയുടെ ആഗ്രഹം. രാജ്യസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച മേജര്‍ ഋഷി വൈകാതെ സൈന്യത്തില്‍ കൂടുതല്‍ ചുമതലകള്‍ ഏറ്റെടുത്തു.

മുണ്ടക്കൈയിലെ ‘മാസ്‌ക്ക് മാന്‍’

മെക്കാനിക്കല്‍ ഇന്‍ഫെന്‍ട്രിയുടെ ലഫ്റ്റനന്റ് കേണലായാണ് ഋഷി രാജലക്ഷ്മി വയനാട്ടിലെത്തിയത്. വെടിയുണ്ടകള്‍ സമ്മാനിച്ച വൈരൂപ്യം മറയ്ക്കാന്‍ തൂവാലകൊണ്ടു മുഖം മറച്ചാണ് ഋഷി ആളുകളെ കാണുന്നത്. രാജ്യത്തിന്റെ മുഖം കാക്കാന്‍ താന്‍ മുഖത്തണിയേണ്ടി വന്ന തൂവാല അഭിമാനമാണ് ഋഷിക്ക്. ഉരുള്‍പൊട്ടല്‍ മുറിപ്പെടുത്തിയ വയനാട്ടിലെ മുണ്ടക്കൈയിലും, ചൂരല്‍മലയിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മുഴുവന്‍ സമയവും ഒരു മുഖാവരണ വുമണിഞ്ഞ് അയാളുണ്ടായിരുന്നു. ‘ദി മോസ്റ്റ് ഫിയര്‍ലെസ് മാന്‍’ (ഏറ്റവും ഭയമില്ലാത്ത മനുഷ്യന്‍) എന്ന് ഇന്ത്യയുടെ മുന്‍ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്താണ് വിശേഷിപ്പിച്ചത്. 23 സര്‍ജറികള്‍ക്ക് ശേഷം മുഴുവന്‍ സമയവും മുഖാവരണം ധരിച്ചാണ് ഇപ്പോള്‍ ആ ധീര സൈനികന്റെ ജീവിതം. അമ്മ രാജലക്ഷ്മിയുടെ പേര് കൂടെ ചേര്‍ത്തത് കരുത്തിന്റെ പ്രതീകമായാണ്.

‘ഒരു ജോലിക്കാണെങ്കില്‍ മോന്‍ പട്ടാളത്തില്‍ പോവണ്ട, അത് രാജ്യസേവനം ആകണം’ അമ്മയുടെ ഈ വാക്കുകള്‍ എന്നും ഓര്‍ക്കുന്നുണ്ട് ഋഷി. ആ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തില്‍ ധീരതയ്ക്കുള്ള സേനാ മെഡല്‍ നല്‍കിയാണ് രാജ്യം അദ്ദേഹത്തെ ആദരിച്ചത്.’എന്റെ രാജ്യമാണ് എനിക്ക് പ്രധാനം, നമ്മള്‍ നമ്മുടെ കുറവുകള്‍ മറച്ചുവെക്കുകയും കഴിവുകള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്യണം. ആ ജോലിയാണ് തന്റെ മുഖാവരണം ചെയ്യുന്നത്. രാജ്യം ഹീറോയായി കാണുന്നുവെങ്കിലും തനിക്ക് അത്തരത്തി ലൊരു പ്രത്യേകതയുമില്ല.തങ്ങള്‍ ചെയ്യുന്നത് ദൈനംദിന കര്‍ത്തവ്യങ്ങള്‍ മാത്രമാണ്. ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് ലഭിച്ച കഠിനമായ പരിശീലനത്തില്‍ ആരും കരുത്തരാവും.

ശക്തമായ ചിന്താഗതി, ദൃഢനിശ്ചയം, ലക്ഷ്യബോധം, വ്യക്തിത്വം എന്നിവയെല്ലാമുള്ള യുവാക്കളെയാണ് സൈന്യത്തിന് ആവശ്യം. ഡോക്ടര്‍മാര്‍ മുതല്‍ എഞ്ചിനീയര്‍മാര്‍ വരെ എല്ലാവരും അവിടെയുണ്ട്. ആരായിക്കൊണ്ടും നിങ്ങള്‍ക്ക് സൈന്യത്തില്‍ ചേരാം. പുതുതല മുറയോട് ലെഫ്. കേണല്‍ ഋഷി രാജലക്ഷ്മി യുടെ വാക്കുകളാണിത്. തന്റെ രാജ്യത്തെ പൗരന്മാരെ ശത്രുക്കളില്‍ നിന്ന് സംരക്ഷിക്കുക മാത്രമല്ല, അവര്‍ക്കൊരാപത്ത് വരുമ്പോള്‍ കൈത്താങ്ങാവുകയും തന്റെ ചുമതലയാണ് എന്ന ഉറച്ച ബോധ്യമാണ് ലെഫ്. കേണല്‍ ഋഷിയെ വയനാട്ടിലെത്തിച്ചത്.

 

CONTENT HIGHLIGHTS;’Most fearless man’ Major Rishi?: The story told by that mask

Latest News