സാഹസികമായി ഒരു നാടുകാണുന്നതിനൊപ്പം ക്ഷീരപഥം കൂടി കാണണമെന്ന് ആഗ്രഹമുണ്ടോ… എങ്കിൽ നേരെ ലഡാക്കിലേക്ക് വിട്ടോളൂ. ലഡാക്കിലെ ഹാന്‍ലേയിലാണ് ഇത്തരത്തിൽ ഒരു അത്ഭുത കാഴ്ച കാണാൻ സാധിക്കുന്നത്. പ്രകാശ മലിനീകരണം ഒട്ടുമില്ലാത്ത രാത്രികളിലെ തെളിഞ്ഞ ആകാശക്കാഴ്ചകളാണ് ഹാന്‍ലേയുടെ പ്രധാന സവിശേഷതകളിലൊന്ന്. ഇതു തിരിച്ചറിഞ്ഞ് ഹാന്‍ലേയെ ഇന്ത്യയിലെ ആദ്യത്തെ ഡാര്‍ക്ക് സ്‌കൈ റിസര്‍വായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടേക്കുള്ള യാത്രയും രാത്രിയിലെ ആകാശവും യാത്രികര്‍ക്ക് മറക്കാനാവാത്ത അനുഭവങ്ങളായിരിക്കും നല്‍കുക.ഇപ്പോഴാണ് ഡാര്‍ക്ക് സ്‌കൈ റിസര്‍വായി ഹാന്‍ലേയെ പ്രഖ്യാപിച്ചതെങ്കിലും നേരത്തേ മുതല്‍ ഈ പ്രദേശത്തിന്റെ പ്രാധാന്യം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സ് അടക്കമുള്ളവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇതിന്റെ ഭാഗമായാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സ് ഇവിടെ ഒരു വാന നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്. ‘‘വാന നിരീക്ഷണ കേന്ദ്രം ഹാന്‍ലേയില്‍ സ്ഥാപിച്ചതിനു പല കാരണങ്ങളുമുണ്ട്. വളരെയധികം തണുപ്പുള്ളതും വരണ്ടതുമാണ് ഈ പ്രദേശമെന്നതാണ് അതില്‍ പ്രധാനം. അന്തരീക്ഷത്തിലെ ഈര്‍പ്പം വളരെ കുറവായതിനാല്‍ പ്രകാശം അന്തരീക്ഷത്തില്‍ വച്ച് തട്ടിത്തെറിച്ചു പോവുന്നില്ല. ഈര്‍പ്പം കൂടും തോറും വിദൂരപ്രപഞ്ചത്തിലെ നക്ഷത്രങ്ങളില്‍ നിന്നുള്ള പ്രകാശം നമ്മളിലേക്ക് എത്തുന്നതില്‍ കുറവുണ്ടാവും. വരണ്ട കാലാവസ്ഥയായതിനാല്‍ ഭൂമിയില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും ലഭിക്കുന്നതിനേക്കാള്‍ മികച്ച രാത്രികാഴ്ച ഹാന്‍ലേയില്‍ ലഭിക്കും’’ കഴിഞ്ഞ 25 വര്‍ഷമായി ഹാന്‍ലേയിലെ വാന നിരീക്ഷണ കേന്ദ്രത്തിലുള്ള ശാസ്ത്രജ്ഞനായ ഡോര്‍ജെ ആങ്ചുക് പറയുന്നു. നിലവില്‍ ഹാന്‍ലേ വാന നിരീക്ഷണ കേന്ദ്രത്തിന്റ ചുമതല ഡോര്‍ജെ ആങ്ചുകിനാണ്.
ഇന്ത്യയിലെ ആദ്യ ഡാര്‍ക് സ്‌കൈ റിസര്‍വ് എന്ന പദവിക്കുവേണ്ടി പല നിയന്ത്രണങ്ങളും ഹാന്‍ലേയില്‍ വരുത്തിയിട്ടുണ്ട്. ഇവിടുത്തെ കെട്ടിടങ്ങളിലെ ജനലുകളിലും വാതിലുകളിലും കര്‍ട്ടനുകള്‍ സ്ഥാപിക്കണമെന്നത് നിര്‍ബന്ധമാക്കി. വീടുകളിലും വാഹനങ്ങളിലും കൃത്രിമ വെളിച്ചം ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വാന നിരീക്ഷണ കേന്ദ്രത്തിന് ചുറ്റുമുള്ള 1073 കിലോമീറ്റര്‍ പ്രദേശമാണ് ഹാന്‍ലേ ഡാര്‍ക് സ്‌കൈ റിസര്‍വായി പ്രഖ്യാപിച്ചിരിക്കുന്നത്. ഹിമാലയത്തിലെ മഴനിഴല്‍ പ്രദേശത്താണ് ഹാന്‍ലേ സ്ഥിതി ചെയ്യുന്നത്. ഇതും വര്‍ഷത്തില്‍ കൂടുതല്‍ ദിവസങ്ങള്‍ തെളിഞ്ഞ ആകാശം ഉറപ്പുവരുത്താന്‍ സഹായകമായി. ഏതാണ്ട് 4500 മീറ്റര്‍ ഉയരത്തില്‍ സരസ്വതി കൊടുമുടിയിലാണ് ഹാന്‍ലേയിലെ വാന നിരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇത് ലോകത്തെ തന്നെ ഏറ്റവും ഉയരത്തിലുള്ള വാന നിരീക്ഷണ കേന്ദ്രങ്ങളിലൊന്നാണ്.
25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹാന്‍ലേയിലേക്ക് വാന നിരീക്ഷണ കേന്ദ്രം സ്ഥാപിക്കാന്‍ വന്നപ്പോള്‍ നാട്ടുകാര്‍ സംശയത്തോടെയായിരുന്നു കണ്ടിരുന്നതെന്ന് ഡോര്‍ജെ ആങ്ചുക് പറയുന്നു. എന്നാല്‍ പിന്നീട് വാന നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അവരെക്കൂടി ഉള്‍പ്പെടുത്തി. കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുകയും പ്രദേശത്തേക്ക് കൂടുതല്‍ സഞ്ചാരികള്‍ വരികയും ചെയ്തതോടെ നാട്ടുകാരുടെ മനോഭാവത്തിലും മാറ്റങ്ങളുണ്ടായി. തിരഞ്ഞെടുത്ത 24 നാട്ടുകാരെ ദൂരദര്‍ശിനിയുടെ പ്രവര്‍ത്തനം പഠിപ്പിച്ചു. പിന്നീട് ഇവര്‍ ഹാന്‍ലേയിലെത്തുന്ന യാത്രികരുടെ ഗൈഡുകളായി. ഹാന്‍ലേയുടേയും അവിടുത്തെ ആകാശത്തിന്റേയും സവിശേഷതകള്‍ നാട്ടുകാരെ കൂടി ബോധ്യപ്പെടുത്താനായതിന്റെ അടുത്ത ചുവടാണ് ഡാര്‍ക്ക് സ്‌കൈ റിസര്‍വ് പ്രഖ്യാപനം.
ലേയില്‍നിന്നു തെക്കുകിഴക്ക് ദിശയില്‍ 270 കിലോമീറ്റര്‍ അകലെയാണ് ഹാന്‍ലേ. ഏഴ് മുതല്‍ എട്ട് വരെ മണിക്കൂര്‍ റോഡ് യാത്രക്കൊടുവിലേ ഹാന്‍ലേയിലേക്കെത്താനാവൂ. സമുദ്രനിരപ്പില്‍നിന്ന് 11,480 അടി ഉയരത്തിലുള്ള പ്രദേശമാണ് ലേ. ഇതിലും ഉയരത്തില്‍ 14,700 അടി ഉയരത്തിലാണ് ഹാന്‍ലേ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് ആദ്യം ലേയിലെത്തി രണ്ട് ദിവസമെങ്കിലും കാലാവസ്ഥയുമായി ഇണങ്ങിയതിന് ശേഷം മാത്രം ഹാന്‍ലേയിലേക്ക് തിരിക്കുന്നതാണ് ഉചിതം. വിദൂര ഹിമാലയന്‍ ഗ്രാമമായതിനാല്‍ താമസസൗകര്യം പരിമിതമാണ്. വാന നിരീക്ഷണ കേന്ദ്രത്തിലേക്ക് ഗൈഡുകളായി വരുന്നവരോടുതന്നെ താമസത്തിന്റെ കാര്യവും ചോദിച്ചുറപ്പിക്കുന്നതാവും നല്ലത്. വര്‍ഷത്തില്‍ ഏതാണ്ട് എല്ലാ ദിവസവും തെളിഞ്ഞ ആകാശം കാണാനാവുന്ന പ്രദേശമാണ് ഹാന്‍ലേ. ഹിമാലയന്‍ ഗ്രാമമായതിനാല്‍ മഞ്ഞുകാലത്ത് കൊടും തണുപ്പായിരിക്കും. രാത്രികളില്‍ -20 വരെയൊക്കെ താപനില താഴാറുണ്ട്. എങ്കിലും മഞ്ഞു പെയ്യുക സാധാരണമല്ല. സഹിക്കാവുന്ന കാലാവസ്ഥയും തെളിഞ്ഞ ആകാശവും പ്രതീക്ഷിക്കാവുന്ന മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് യാത്രികര്‍ക്ക് പറ്റിയ സമയം. സാധ്യമെങ്കില്‍ പൂര്‍ണ ചന്ദ്രനുള്ള ദിവസം തന്നെ ഹാന്‍ലേയില്‍ തങ്ങുക. അങ്ങനെയെങ്കില്‍ ഹാന്‍ലേ നിങ്ങള്‍ക്ക് കാഴ്ചകളുടെ സ്വര്‍ഗീയ വിരുന്നൊരുക്കും.
STORY HIGHLLIGHTS: hanle-ladakh-is-now-officially-your-window-to-the-universe