തിരുവനന്തപുരം: വിജിലന്‍സ് മേധാവിയായി ചുമതലയേറ്റ എഡിജിപി യോഗേഷ് ഗുപ്തക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നൽകി. വിജിലൻസ് ഡയറക്ടറായിരുന്ന ടി.കെ.വിനോദ് കുമാർ സ്വയം വിരമിച്ചതിനെ തുടർന്നാണ് യോഗേഷ് ഗുപ്‌തയെ വിജിലൻസ് ഡയറക്ടറാക്കിയത്.
ബിഎസ്എഫ് ഡയറക്ടർ സ്ഥാനത്തു നിന്ന് കേന്ദ്ര സർക്കാർ മാറ്റിയ നിധിൻ അഗർവാൾ കേരളത്തിലേക്ക് എത്താത്ത സാഹചര്യത്തിലാണ് സ്ഥാന കയറ്റം നൽകിയത്. സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്ന ആകെ നാല് ഡിജിപി പദവിയിൽ ഒന്ന് ഇതോടെ യോഗേഷ് ഗുപ്തയ്ക്ക് ലഭിച്ചു. എന്നാൽ നിധിൻ അഗർവാൾ അവധി കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങിയെത്തിയാൽ യോഗേഷിൻ്റെ സ്ഥാനക്കയറ്റം നിയമ പ്രശ്നമായി മാറാൻ സാധ്യതയുണ്ട്.
കഴിഞ്ഞ തവണ സംസ്ഥാന പൊലീസ് മേധാവി നിയമനത്തിനുള്ള പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു നിതിൻ അഗര്‍വാള്‍. എന്നാല്‍ കേരള കേഡറിലേക്ക് മടക്കമില്ലെന്ന് അറിയിച്ച് അദ്ദേഹം ബിഎസ്എഫ് മേധാവി സ്ഥാനത്ത് തുടർന്നു. എന്നാൽ ജമ്മുകാഷ്മീരിൽ നുഴഞ്ഞു കയറ്റം രൂക്ഷമായതിനെ തുടർന്ന് കേന്ദ്രസർക്കാർ അദ്ദേഹത്തെ സ്ഥാനത്തു നിന്ന് മാറ്റുകയായിരുന്നു.