സംവരണം അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ച് ദലിത് ആദിവാസി ബഹുജൻ സ്ത്രീ പൗരാവകാശ കൂട്ടായ്മ പ്രഖ്യാപിച്ച സംസ്ഥാന ഹർത്താൽ ബുധനാഴ്ച. പട്ടികജാതി/വർഗ ലിസ്റ്റിനെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനും ഈ വിഭാഗങ്ങളിൽ ക്രീമിലെയർ നടപ്പാക്കാനും ആഗസ്റ്റ് ഒന്നിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിൽ പ്രതിഷേധിച്ചാണ് ഹർത്താലാചരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രകൃതി ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഒഴിവാക്കിയിട്ടുണ്ട്. ദലിത്- ബഹുജൻ പ്രസ്ഥാനങ്ങൾ ദേശീയതലത്തിൽ പ്രഖ്യാപിച്ച ഭാരത് ബന്ദിന്‍റെ ഭാഗമായാണ് സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തത്. സുപ്രീംകോടതി വിധി മറികടക്കാൻ പാർലമെന്‍റിൽ നിയമനിർമാണം നടത്തണമെന്നാണ് പ്രധാന ആവശ്യം.
ശങ്കരൻ മടവൂർ (വി.സി.കെ), ലിജുകുമാർ കെ.പി (ഐ.എൽ.പി-ഡി), എ.എം. അകിൽകുമാർ (സി.പി.ഐ.എം.എൽ റെഡ് സ്റ്റാർ), ബാബു നെല്ലിക്കുന്ന് (എസ്.എസി/എസ്.ടി ഫെഡറേഷൻ), രാമദാസ് വേങ്ങേരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.