പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് കൊലക്കേസ് പ്രതിയായ തടവുകാരന്‍ ചാടി രക്ഷപ്പെട്ടു. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഇടുക്കി വണ്ടന്‍മേട് സ്വദേശി മണികണ്ഠന്‍(39) ആണ് ജയില്‍ചാടിയത്. ഇന്ന് പുലര്‍ച്ചെയാണ് ജയില്‍ ചാടി ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ചപ്പാത്തി ഉണ്ടാക്കുന്ന യൂണിറ്റില്‍ ജോലി ചെയ്യുകയായിരുന്ന മണികണ്ഠന്‍ പുലര്‍ച്ചേ രണ്ടു മണിയോടെ രക്ഷപ്പെടുകയായിരുന്നു. പുറത്ത് സ്ഥാപിച്ചിരിക്കുന്ന ഗ്യാസ് കണക്ഷന്‍ മാറ്റാന്‍ വേണ്ടി അനുവാദം ചോദിച്ച് ഇറങ്ങിയ മണികണ്ഠന്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. അടുക്കളയില്‍ നിന്നും മണികണ്ഠന്‍ കത്തി കൈവശപ്പെടുത്തിയിരുന്നു. ആ കത്തി ജയില്‍ കോമ്പൗണ്ടിലെ റോഡ് സൈഡില്‍ നിന്നും കിട്ടി. പൂജപ്പുര പോലീസ് ജയില്‍ ചാടിയ മണികണ്ഠനായിട്ടുള്ള അന്വേഷണം ആരംഭിച്ചിരുന്നു.
പൂജപ്പുര ജയിലില്‍ നിന്നും രക്ഷപ്പെടാന്‍ തടവുകാര്‍ മുന്‍പും ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒരു ജയില്‍പുള്ളി മതില്‍ ചാടിയെത്തിയത് മറ്റൊരു ബ്ലോക്കിലാണ്. അബദ്ധം മനസ്സിലായതോടെ തിരികെ ചാടി പഴയ ബ്ലോക്കിലെത്തി. മാവേലിക്കര കോടതി റിമാന്‍ഡ് ചെയ്ത മോഷണക്കേസില്‍ പ്രതിയായ യുവാവാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്. വാര്‍ഡന്മാര്‍ അന്വേഷിച്ച് ഇറങ്ങിയപ്പോള്‍ ഇയാള്‍ മറ്റൊരു ബ്ലോക്കില്‍ ഇരിക്കുകയായിരുന്നു. സംഭവം മനസിലായതോടെ ഇയാളെ അതീവ സുരക്ഷയുള്ള ബ്ലോക്കിലേക്ക് മാറ്റിയിരുന്നു.