കാഠ്മണ്ഡുവിനും ശ്രീനഗറിനും ശേഷം ഹിമാലയ പ്രദേശത്തെ മൂന്നാമത്തെ വലിയ നഗരമായ ഡെറാഡൂണില്‍ കാണാനും അറിയാനും ഒത്തിരി കാര്യങ്ങളുണ്ട്. മനോഹരമായ ഭൂപ്രകൃതിയും സുഖകരമായ കാലാവസ്ഥയും കൂടാതെ ട്രെക്കിങ് മുതലായ സാഹസിക വിനോദങ്ങള്‍ക്ക് ഇവിടം അനുയോജ്യമാണ്. മുസ്സൂറി, ധനോൽതി, ചക്രത, ന്യൂ തെഹ്‌രി, ഉത്തരകാശി, ഹർസിൽ, ചോപ്‌ത – തുംഗനാഥ്, ഔലി തുടങ്ങിയ ഹിമാലയൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ് എന്നീ പുണ്യക്ഷേത്രങ്ങളിലെക്കുമെല്ലാം ഇതുവഴിയാണ് പോകുന്നത്. സാധാരണയായി കണ്ടുപഴകിയ കാഴ്ചകള്‍ക്ക് പുറമേ വേറെയും നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്. ഡെറാഡൂൺ സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവം ഒരുക്കുന്ന ഒരിടമാണ് റോബേഴ്‌സ് കേവ്.
നഗരത്തിലെ ഇരമ്പങ്ങളില്‍ നിന്നും തിരക്കുകളില്‍ നിന്നുമെല്ലാം അകന്ന്, ശാന്തമായും സ്വസ്ഥമായും ഇരിക്കാന്‍ സഞ്ചാരികള്‍ക്ക് അവസരമൊരുക്കുന്ന റോബേഴ്‌സ് കേവ് നഗരത്തിൽ നിന്ന് 6 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഗുച്ചുപാനി എന്നാണ് പ്രദേശവാസികള്‍ റോബേഴ്സ് കേവിനെ വിളിക്കുന്നത്. ഡൂൺ വാലിയുടെ ഡെഹ്‌റ പീഠഭൂമിയിലെ ഒരു ചുണ്ണാമ്പുകല്ല് പ്രദേശത്ത് രൂപപ്പെട്ട വളരെ ഇടുങ്ങിയ മലയിടുക്കാണ് ഇത്. ഏകദേശം 600 മീറ്റർ നീളമുള്ള ഒരു ഗുഹയാണ് ഇവിടുത്തെ പ്രധാന കാഴ്ച. ഗുഹയ്ക്ക് രണ്ട് പ്രധാന ഭാഗങ്ങളുണ്ട്. ഏകദേശം 10 മീറ്റര്‍ ഉയരമുള്ള ഒരു വെള്ളച്ചാട്ടമുണ്ട് ഇവിടെ. മധ്യഭാഗത്ത് പാതി തകര്‍ന്ന നിലയിലുള്ള ഒരു കോട്ടമതില്‍ കാണാം. പ്രകൃതിദത്തമായ ഈ ഗുഹക്കുള്ളിലൂടെ നദികൾ ഒഴുകുന്നു. ആമസോണ്‍ വനത്തിലൂടെ സഞ്ചരിക്കുന്ന ഒരു അനുഭൂതിയാണ് ഈ സ്ഥലം നല്‍കുന്നതെന്ന് ഇവിടം സന്ദര്‍ശിച്ച സഞ്ചാരികള്‍ സാക്ഷ്യപ്പെടുത്തുന്നു.
കൊള്ളക്കാരുടെ ഗുഹ എന്നാണ് ഗുച്ചു പാനി എന്ന വാക്കിനര്‍ത്ഥം. 1800 കളുടെ അവസാനത്തിൽ, ബ്രിട്ടീഷുകാരിൽ നിന്ന് ഒളിക്കാൻ കൊള്ളക്കാർ ഇവിടം ഉപയോഗിച്ചിരുന്നു. അത്ര പെട്ടെന്നൊന്നും ആളുകള്‍ക്ക് എത്തിച്ചേരാന്‍ പറ്റാത്ത ഒരിടമായിരുന്നു അന്ന് ഈ പ്രദേശം. കൂടാതെ, കവർച്ചക്കാർ തങ്ങളുടെ കവർച്ചമുതലുകൾ ഒളിപ്പിക്കാനും ഈ സ്ഥലം ഉപയോഗിച്ചിരുന്നതായി പ്രദേശവാസികൾ വിശ്വസിക്കുന്നു.
ഡെറാഡൂണിലെ വളരെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ഇവിടം ഇപ്പോള്‍. ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്‍റെ ടൂറിസം വകുപ്പാണ് ഇവിടം പരിപാലിക്കുന്നത്. ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഗുഹ സഞ്ചാരികള്‍ക്കായി തുറന്നിരിക്കും. വര്‍ഷം മുഴുവനും ഇവിടെ സഞ്ചാരികള്‍ എത്തുന്നു. മഴക്കാലത്ത് ഗുഹയും പരിസരപ്രദേശങ്ങളും പതിവില്‍ കൂടുതല്‍ മനോഹരമായിരിക്കും.
ഗുഹകൾ സന്ദർശിക്കാൻ സഞ്ചാരികള്‍ പ്രവേശന ചാർജായി 35 രൂപ നൽകണം. പാദരക്ഷകള്‍ നനയെണ്ടെങ്കില്‍ 10 രൂപയ്ക്ക് സ്ലിപ്പറുകൾ വാടകയ്‌ക്കെടുക്കാം. സുഹൃത്തുക്കളുമൊത്തുള്ള പിക്നിക്കിന് ഏറെ അനുയോജ്യമാണ് റോബേഴ്സ് ഗുഹ. നിറയെ പാറകളും മറ്റും ആയതിനാല്‍ നടക്കുമ്പോള്‍ അല്‍പ്പം ശ്രദ്ധിക്കണമെന്ന് മാത്രം.ഡെറാഡൂണിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ സഹസ്രധാരയ്ക്ക് സമീപമാണ് ഗുച്ചുപാനി സ്ഥിതിചെയ്യുന്നത്. സൾഫർ വാട്ടർ സ്പ്രിംഗ്സ്, ദ്രോണ ഗുഹ (ഗുരു ദ്രോണാചാര്യരുടെ ഗുഹ) ഉള്ള പുരാതനമായ തപകേശ്വര് മഹാദേവ ക്ഷേത്രം, സായി ക്ഷേത്രം, ജോയ്‌ലാൻഡ് വാട്ടർ പാർക്ക്, എരിയൽ ട്രാംവേ തുടങ്ങി നിരവധി ആകര്‍ഷണങ്ങള്‍ ഇവിടെയുമുണ്ട്.