കൽപ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ താത്കാലിക പുനരധിവാസം ഉടൻ പൂർത്തിയാകുമെന്ന് മന്ത്രി കെ.രാജൻ. നിലവില്‍ നാലു ക്യാമ്പുകളിലായി 35 കുടുംബങ്ങള്‍ മാത്രാണ് കഴിയുന്നത്. 19 കുടുംബങ്ങള്‍ നാളെ ക്യാമ്പുകളില്‍ നിന്ന് മാറും.
രണ്ട് കുടുംബങ്ങള്‍ പഞ്ചായത്ത് ക്വാര്‍ട്ടേഴ്സ് ശരിയായാൽ മാറും. 14 കുടുംബങ്ങള്‍ക്ക് മാറാനുള്ള സൗകര്യം ഉടൻ ഒരുക്കും. ഈ മാസം 27,28 ഓടെ എല്ലാവരുടെയും പുനരധിവാസം പൂര്‍ത്തിയാകുമെന്ന് മന്ത്രി പറഞ്ഞു. ക്യാമ്പിൽ നിന്ന് താത്കാലിക പുനരധിവാസ സ്ഥലത്തേക്ക് പോയവര്‍ക്ക് ആവശ്യങ്ങള്‍ അറിയിക്കാൻ 04936203456 എന്ന നമ്പരിലേക്ക് വിളിക്കാം.
ദുരന്തം സംബന്ധിച്ച് കേന്ദ്രത്തിന് നൽകാനുള്ള വിശദമായ മെമ്മോറാണ്ടം തയാറാണ് ഈയാഴ്ച തന്നെ കേന്ദ്രത്തിന് സമര്‍പ്പിക്കും. സൂചിപ്പാറയിൽ സന്നദ്ധ പ്രവർത്തകരെ തെരച്ചിലിന് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
119 പേരാണ് കാണാതായവരുടെ പട്ടികയിലുള്ളത്. ദുരന്തത്തിൽ 17 കുടുംബങ്ങളില്‍ ആരുമില്ലാതെ എല്ലാവരും മരിച്ചു. 17 കുടുംബങ്ങളിലായുള്ള 62 പേരാണ് മരിച്ചത്. ദുരന്ത ബാധിതരുടെ സ്ഥിരമായ പുനരധിവാസത്തിന് പത്ത് സ്ഥലങ്ങളാണ് പരിഗണനയിലുള്ളത്. എള്ലാവരെയും വിശ്വാസത്തിലെടുത്ത് പുനരധിവാസം പൂര്‍ത്തിയാക്കും. സര്‍വകക്ഷിയുമായും ആലോചിക്കുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.