ഒരു നൂറ്റാണ്ടു മുന്‍പ് സ്വപ്ന സുന്ദരമായിരുന്ന നഗരം. ഒട്ടേറെ കടകളും താമസക്കാരും ഖനനവ്യവസായവുമായി ബന്ധപ്പെട്ട തിരക്കേറിയ തെരുവുകളുമുള്ള ഒരു നഗരമായിരുന്നു പെൻസിൽവാനിയയിലെ സെന്‍ട്രലിയ. പ്രാദേശിക ഖനികളിൽ നിന്നും കുഴിച്ചെടുക്കുന്ന കൽക്കരി നഗരത്തെ സമ്പന്നമാക്കി. ആളുകള്‍ പൊതുവേ ശാന്തിയോടെയും സമാധാനത്തോടെയും കഴിഞ്ഞിരുന്ന ഈ നഗരത്തിന്‍റെ ഇന്നത്തെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. നൂറുകണക്കിന് ആളുകള്‍ കളിച്ചും ചിരിച്ചും നടന്നിരുന്ന തെരുവുകള്‍ ഇന്ന് തീര്‍ത്തും വിജനമാണ്. വിസ്മയിപ്പിക്കുന്ന സംസ്‌കാരമോ കൗതുകകരമായ ചരിത്ര സ്ഥലങ്ങളോ അല്ല, ഇന്ന് ഈ നഗരത്തിലേക്ക് ആളുകളെ ആകർഷിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട തെരുവുകളും ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടങ്ങളും പുക വമിക്കുന്ന നഗരഭാഗങ്ങളുമെല്ലാമായി ഇവിടം ഒരു പ്രേതനഗരമായി മാറിക്കഴിഞ്ഞു. സെൻട്രലിയയിലെ ശൂന്യമായ തെരുവുകൾക്ക് താഴെ ഒരിക്കലും നാടുവിട്ടോടിപ്പോകാത്ത ഒരു കാര്യമുണ്ട്; ജ്വലിക്കുന്ന തീ. 50 വർഷത്തിലേറെയായി കത്തിക്കൊണ്ടിരിക്കുന്ന ഈ തീയാണ് സെൻട്രലിയയുടെ നാശത്തിന്‍റെ മുഖ്യഹേതു.
കല്‍ക്കരി ഖനികള്‍ ഉള്ള പ്രദേശങ്ങളില്‍ തീപിടിത്തം ഉണ്ടാകുന്നത് അസാധാരണമല്ല. എന്നാല്‍, ചരിത്രത്തിലെ അത്തരത്തിലുള്ള ഏറ്റവും വിനാശകരമായ ഒരു സംഭവമായിരുന്നു സെൻട്രലിയയിലേത്. ആന്ത്രാസൈറ്റ് കൽക്കരിയുടെ സമ്പന്നമായ നിക്ഷേപമുള്ള ഈ നഗരം 1850 കളിൽ ഖനനം ആരംഭിച്ചതിന് ശേഷം സജീവമായി. 1962 ലെ തീപിടുത്തത്തിന് മുമ്പ്, ഒരു നൂറ്റാണ്ടിലേറെക്കാലം തിരക്കേറിയ ഖനന കേന്ദ്രമായിരുന്നു സെൻട്രലിയ. 1860 കളിൽ, അയർലണ്ടിൽ നിന്ന്, അമേരിക്കൻ കൽക്കരി ഖനികളിലേക്ക് കുടിയേറിയ ‘മോളി മഗ്വേഴ്‌സ്’ എന്ന രഹസ്യ സൊസൈറ്റിയിലെ അംഗങ്ങളുടെ ആവാസ കേന്ദ്രമായിരുന്നു ഈ നഗരം. 1860 കളുടെ അവസാനത്തില്‍ ഇവര്‍ സെൻട്രലിയയിൽ അക്രമം അഴിച്ചുവിട്ടതായി പറയപ്പെടുന്നു. ഇതായിരുന്നു നഗരത്തിന്‍റെ ആദ്യ ദുരിതകാലം. എന്നാല്‍, ഖനികളുടെ കുത്തക കൈയടക്കാനും യൂണിയന്‍ രൂപീകരിച്ച് തങ്ങള്‍ക്കെതിരെ തിരിയാതിരിക്കാനുമായി വന്‍കിട മുതലാളിമാര്‍ കെട്ടിച്ചമച്ച കഥയാണിതെന്നും പറയപ്പെടുന്നു. 1890 ആയപ്പോഴേക്കും, ഇവിടെ 2,700- ലധികം ആളുകൾ താമസിച്ചിരുന്നു , അവരിൽ ഭൂരിഭാഗവും ഖനിത്തൊഴിലാളികളോ അവരുടെ കുടുംബാംഗങ്ങളോ ആയിരുന്നു.
സ്റ്റോക്ക് മാർക്കറ്റ് തകർച്ചയും ഗ്രേറ്റ് ഡിപ്രഷനും സെൻട്രലിയയിലെ കൽക്കരി വ്യവസായത്തിന് ശക്തമായ തിരിച്ചടി നൽകിയെങ്കിലും നഗരം പഴയതുപോലെത്തന്നെ തുടര്‍ന്നു. എന്നാല്‍, ആ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. സെന്‍ട്രലിയയില്‍ മാലിന്യങ്ങള്‍ ഒരു വലിയ പ്രശ്നമായിരുന്നു. എലികളും പാറ്റകളും നിറഞ്ഞ മാലിന്യക്കൂമ്പാരങ്ങള്‍ എന്നെന്നേക്കുമായി ഒഴിവാക്കാന്‍ സിറ്റി കൗൺസിൽ ആഗ്രഹിച്ചു. അങ്ങനെ 1962 മെയ് മാസത്തിൽ, സെൻട്രലിയയുടെ മെമ്മോറിയൽ ഡേ ആഘോഷങ്ങൾക്കായി നഗരത്തിലെ മാലിന്യങ്ങള്‍ മുഴുവനും നീക്കംചെയ്യാന്‍ തീരുമാനിച്ചു. മാലിന്യക്കൂമ്പാരത്തിന് അവര്‍ തീയിട്ടു. താമസിയാതെ, സെൻട്രലിയയ്ക്ക് താഴെയുള്ള ഒരു കൽക്കരി നിക്ഷേപത്തില്‍ തീ പടര്‍ന്നു. ഇത് നഗരത്തിലെ തെരുവുകൾക്ക് താഴെയുള്ള ഖനി തുരങ്കങ്ങളിലേക്ക് അനിയന്ത്രിതമായി വ്യാപിക്കാന്‍ അധികം സമയം വേണ്ടിവന്നില്ല. അന്തരീക്ഷത്തില്‍ പടര്‍ന്ന കാർബൺ മോണോക്സൈഡ് കാരണം പ്രാദേശിക ഖനികൾ അടച്ചുപൂട്ടേണ്ടി വന്നു. പലതവണ കുഴിയെടുത്ത് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും എല്ലാം പരാജയപ്പെട്ടു. ഒട്ടേറെ തുരങ്കങ്ങള്‍ ഉള്ളതിനാല്‍ ഏതു തുരങ്കത്തിനുള്ളിലാണ് തീ ഉള്ളതെന്ന് കണ്ടുപിടിക്കാനായില്ല.
ഇന്നും കത്തുന്ന നഗരം വര്‍ഷങ്ങള്‍ കടന്നുപോകുന്തോറും സെന്‍ട്രലിയയുടെ ചൂട് വര്‍ദ്ധിച്ചു. ചില സ്ഥലങ്ങളിൽ 900 ഡിഗ്രി ഫാരൻഹീറ്റിലെത്തി. മരിച്ചവര്‍ക്ക് പോലും സമാധാനത്തോടെ വിശ്രമിക്കാന്‍ പറ്റാത്ത അവസ്ഥയായി, നഗരത്തിലെ സെമിത്തേരികള്‍ പോലും അഗ്നി മൂലമുണ്ടായ അഗാധഗര്‍ത്തങ്ങളിലേക്ക് താഴ്ന്നു പോയി. 1992 ൽ, ഇവിടം താമസയോഗ്യമല്ല എന്ന് അധികൃതര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പിൻ കോഡ് ഇല്ലാതാക്കി. എന്നിരുന്നാലും ഏഴു താമസക്കാർ കോടതി ഉത്തരവ് പ്രകാരം തുടർന്നു ; അവരുടെ സ്വത്ത് കൈമാറുന്നതിനോ വിൽക്കുന്നതിനോ വിലക്കപ്പെട്ടിരിക്കുന്നു. ഇന്ന്, പെൻസിൽവാനിയയിലെ അറിയപ്പെടുന്ന 38 സജീവ ഖനന തീപിടുത്തങ്ങളിൽ ഒന്നായി സെൻട്രലിയ ഇപ്പോഴും കത്തുന്നു. നിയന്ത്രണവിധേയമായില്ലെങ്കിൽ മറ്റൊരു നൂറ്റാണ്ടോളം തീ ആളിപ്പടരുമെന്നാണ് സംസ്ഥാന പരിസ്ഥിതി സംരക്ഷണ വകുപ്പിന്‍റെ വിലയിരുത്തൽ. കാണാന്‍ ആകര്‍ഷണങ്ങള്‍ ഒന്നുമില്ലെങ്കിലും സെന്‍ട്രലിയയെക്കുറിച്ച് കേട്ടറിഞ്ഞ് ഒട്ടേറെ സഞ്ചാരികള്‍ ഇവിടെയെത്തുന്നു.
STORY HIGHLLIGHTS: This Mine Fire Has Been Burning For Over 50 Years