Health

എത്രനാൾ കൂടുമ്പോൾ ടൂത്ത് ബ്രഷ് മാറ്റണം? അറിയാം ഈ കാര്യങ്ങൾ- Importace of toothbrush

ശരീരത്തിന്‍റെ ആരോഗ്യത്തിന് കൃത്യമായ ദന്തസംരക്ഷണം അത്യന്താപേക്ഷിതമാണ്

ആരോഗ്യമുള്ള പല്ലുകള്‍ എന്നത് ആത്മവിശ്വാസത്തിന്റെ മാത്രമല്ല, ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിന്‍റെയും കൂടിയുള്ള അടയാളമാണ്. അതുപോലെ തന്നെ ദന്താരോഗ്യം നിലനിര്‍ത്തുന്ന കാര്യത്തില്‍ നിര്‍ണ്ണായ പങ്ക്‌ വഹിക്കുന്ന ഒന്നാണ്‌ ടൂത്ത്‌ബ്രഷ്‌. എന്നാല്‍ ഇത്‌ ഇടയ്‌ക്കിടെ മാറ്റുന്ന കാര്യം പലരും മറന്ന്‌ പോകാറുണ്ട്‌. ദൈനം ദിന കാര്യത്തിൽ ഒഴിച്ചുനിർത്താൻ ആവാത്ത സ്ഥാനമാണ് ടൂത്ത് ബ്രഷിനുള്ളത്. കാലപ്പഴക്കം ചെല്ലുമ്പോള്‍ ടൂത്ത്‌ ബ്രഷിലെ ബ്രിസലുകള്‍ അകന്ന്‌ പോകുകയോ പൊഴിഞ്ഞു പോകുകയോ ചെയ്യാം. ഇത്‌ പല്ലുകളില്‍ നിന്ന്‌ ഭക്ഷണാവശിഷ്ടങ്ങളും അഴുക്കും ശരിയായി നീക്കം ചെയ്യാനുള്ള ടൂത്ത്‌ബ്രഷിന്റെ ശേഷിയെ കാര്യമായി തന്നെ ബാധിക്കുന്നു. പഴക്കം ചെന്ന ബ്രഷിന്റെ ഉപയോഗം വായില്‍ അണുക്കള്‍ പെരുകി അണുബാധയിലേക്കും മറ്റ്‌ ദന്താരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കും.

പല്ല് ദ്രവിക്കലും മോണരോഗങ്ങളും ഉണ്ടാകാനുള്ള കാരണം, കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തതുകൊണ്ടും ബ്രഷ് ചെയ്യാത്തതുകൊണ്ടുമാണ്. അതിനാല്‍ രണ്ട് നേരവും പല്ല് തേക്കേണ്ടത് പ്രധാനമാണ്. ടൂത്ത്ബ്രഷിന്‍റെ നാരുകൾ വളയാൻ തുടങ്ങിക്കഴിയുമ്പോഴാകും പുതിയ ബ്രഷ് വാങ്ങുന്നതിന് പറ്റി എല്ലാവരും ചിന്തിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല, മൂന്നുമാസം കൂടുമ്പോൾ ടൂത്ത്ബ്രഷ് മാറ്റണം. നാരുകൾ വളയാൻ തുടങ്ങിക്കഴിഞ്ഞാൽ ആ ബ്രഷ് ഉപയോഗിക്കാതിരിക്കുക. വളഞ്ഞതോ ഒടിഞ്ഞതോ നിറവ്യത്യാസമുള്ള കുറ്റിരോമങ്ങൾ ഉള്ളതോ ആയ ബ്രഷിന്റെ മാറ്റങ്ങളെ നിരീക്ഷിക്കുക.

ഓരോ മൂന്നോ നാലോ മാസത്തിലൊരിക്കൽ ടൂത്ത് ബ്രഷ് മാറ്റണം എന്നാണ് ദന്തഡോക്ടർമാരും ശുപാർശ ചെയ്യുന്നത്. അല്ലെങ്കിൽ കാലക്രമേണ, പല്ലുകളിൽ നിന്നും മോണകളിൽ നിന്നും ബാക്റ്റീരിയ നീക്കം ചെയ്യാന്‍ ബ്രഷിന് കഴിയാതെ വരുകയും ദന്തസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യും.

ജലദോഷം, പനി, വൈറൽ അണുബാധ പോലുള്ള പകർച്ചവ്യാധികള്‍ വന്നുപോയതിന് ശേഷവും നിങ്ങളുടെ ടൂത്ത് ബ്രഷ് മാറ്റേണ്ടത് ആവശ്യമാണ് കാരണം ടൂത്ത് ബ്രഷില്‍ ബാക്ടീരിയകളും വൈറസുകളും നീണ്ടുനിൽക്കും. ഇത് വീണ്ടും അണുബാധയിലേക്കോ മറ്റുള്ളവരിലേക്ക് പകരുന്നതിനോ കാരണമാകാം. കൂടാതെ ഓറൽ സർജറി, റൂട്ട് കനാൽ തെറാപ്പി, അല്ലെങ്കിൽ മോണരോഗത്തിനുള്ള ചികിത്സ തുടങ്ങിയ ചില ദന്ത ചികിത്സകള്‍ക്ക് ശേഷവും ടൂത്ത് ബ്രഷ് മാറ്റേണ്ടത് വളരെ പ്രധാനമാണ്.

ബ്രഷ് മാറ്റുന്നത് പോലെത്തന്നെ പുതിയ ബ്രഷ്‌ തിരഞ്ഞെടുക്കുന്ന കാര്യത്തിലും പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. സോഫ്‌ട്‌, അള്‍ട്രാസോഫ്‌ട്‌, മീഡിയം, ഹാര്‍ഡ്‌ എന്നിങ്ങനെ നാല്‌ തരത്തില്‍ ടൂത്ത്‌ ബ്രഷുകള്‍ നമ്മുടെ നാട്ടില്‍ ലഭ്യമാണ്‌. നല്ല നിരയൊത്ത പല്ലുകള്‍ ഉള്ളവര്‍ക്കും കറയോ അഴുക്കോ കാര്യമായി അടിയാത്തവര്‍ക്കും സോഫ്‌ട്‌, അള്‍ട്രാസോഫ്‌ട്‌ ബ്രഷുകള്‍ ഉപയോഗിക്കാവുന്നതാണ്‌. എന്നാല്‍ പല്ലില്‍ കറയടിഞ്ഞിട്ടുള്ളവരും നിരന്തരമായ ഭക്ഷണം കഴിപ്പ്‌ മൂലം അഴുക്ക്‌ അടിയുന്നവരും മീഡിയം, ഹാര്‍ഡ്‌ ബ്രഷ്‌ ഉപയോഗിക്കുന്നതാകും ഉത്തമം. മുതിർന്നവരെ പോലെ കുട്ടികൾക്കും പ്രത്യേകം ബ്രഷുകൾ വിപണിയിൽ ലഭ്യമാണ്. രണ്ടു വയസ്സുവരെ അമ്മയുടെ കൈയിൽ ഘടിപ്പിക്കാവുന്ന വിരൽ ബ്രഷുകൾ ഉപയോഗിക്കാം. ചവച്ചിട്ടു തുപ്പാവുന്ന തരം നൂതനമായ ച്യൂയബിൾ ബ്രഷുകളും വിപണിയിൽ ലഭ്യമാണ്.

ടോയ്‌ലറ്റിൽനിന്ന് കഴിവതും ആറടിയെങ്കിലും ദൂരെ ബ്രഷ് മാറ്റിവെക്കണം. ഉപയോഗത്തിനു ശേഷം കഴുകി വെള്ളം നന്നായി കുടഞ്ഞ് ഹോൾഡറിലോ കപ്പിലോ നിവർത്തി വെയ്ക്കാൻ ശ്രദ്ധിക്കണം പരന്ന പ്രതലത്തിൽ വയ്ക്കരുത്. ദിവസവും രണ്ടുനേരം ദന്ത ശുചീകരണം നടത്തണം. ടൂത്ത് ബ്രഷുകൾ നമ്മുടെ നിത്യജീവിതത്തിൻ്റെ ഭാഗമാണ് അതിനാൽ പരസ്യങ്ങൾ മാത്രം കണ്ട്, അവയുടെ ഭംഗി മാത്രം നോക്കി ബ്രഷുകൾ തിരഞ്ഞെടുക്കാതെ ഓരോ വ്യക്തികളുടെ പല്ലിനും മുൻ‌തൂക്കം നൽകിവേണം ബ്രഷ് തിരഞ്ഞെടുക്കാൻ.