വാടകവീട്ടിലെ വൈദ്യുതി വിച്ഛേദിക്കാനെത്തിയ KSEB ലൈന്മാന്റെ കാരുണ്യം കൊണ്ട് വൈദ്യുതി ബില്ലടച്ച ഒരു കുടുംബത്തിന്റെ വാര്‍ത്തകേട്ടാണ് കരുനാഗപ്പള്ളി കുലശേഖരപുരത്തെ ബിജുകുമാറിനെ വിളിക്കുന്നത്. കരുനാഗപ്പള്ളി സൗത്ത് സെക്ഷനിലെ സജ്ജാദ് എന്ന ലൈന്മാന് കണക്ഷന് കട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ് ആ വീടിന്റെയും ഗൃഹനാഥന്റെയും ദയനീയാവസ്ഥ മനസ്സിലാക്കിയത്. സജ്ജാദ് 2686 രൂപയുടെ ബില്ലടച്ച് കുടുംബത്തിന്റെ കൂടെ നിന്നു. എന്തിനാണ് സജ്ജാദ് ഇത്രയും തുക ആ കുടുംബത്തിന്റെ കറണ്ടുബില്ലടയ്ക്കാന്‍ കൊടുത്തത് ?. ഈ മാസത്തെ ബില്ലടയ്ക്കാന്‍ സജ്ജാദിനു കഴിഞ്ഞു, അടുത്ത ബില്ല് ആരടയ്ക്കും ?. എങ്ങനെ അടയ്ക്കും ?.
ഇങ്ങനെ ചോദ്യങ്ങളേറെ മനസ്സിലുയര്‍ന്നപ്പോള്‍, എന്താണ് ബിജുവിന്റെയും കുടുംബത്തിന്റെയും പ്രശ്നം എന്ന് തിരക്കാന്‍ തോന്നി. ബിജുവിനെത്തന്നെ വിളിച്ചു ചോദിക്കാമെന്നു തീരുമാനിച്ചു. ബിജു പറഞ്ഞ വേദനകള്‍, ഒരു മനുഷ്യന് താങ്ങാനാകുന്നതാണോ എന്ന് സംശയമായിരുന്നു എനിക്ക്. കാരണം, അത്രയും വേദയൊന്നും അനുഭവിച്ചിട്ടില്ല എന്നതു കൊണ്ടുതന്നെ. എന്നാല്‍, ബിജുവിന്റെ വിഷമവും വേദനയും തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നതാണ് വലിയ കാര്യം. അതാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.
ബിജുവിന്റെ വേദന നിറഞ്ഞ കഥ ഇങ്ങനെ;
രണ്ടു കിഡ്നിയും റിമൂവ് ചെയ്തു. ഇപ്പോള്‍ ആഴ്ചയില്‍ നാലു ദിവസവും ഡയാലിസിസ്സ് ചെയ്യുന്നു. ഒരു ഡയാലിസിസ് നടത്താന്‍ കുറഞ്ഞത് 14,000 രൂപയോളം വേണ്ടി വരും. ഒരു മാസം അരലക്ഷം രൂപയോളം ചെയവു വരും. ഭാര്യ ഷീജ മുനിസിപ്പാലിറ്റിയില്‍ ദിവസ വേതനക്കാരി. രണ്ടു മക്കള്‍ ആറാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്നു. താമസം കുലശേഖരപുരത്ത് വാടക വീട്ടില്‍. 2010 മുതല്‍ KSRTC എം.പാനല്‍ ജീവനക്കാരനായിരുന്നു ബിജു. മാവേലിക്കര-സുല്‍ത്താന്‍ ബത്തേരി-സീതാ മൗണ്ട് റൂട്ടിലെ ഡ്രൈവര്‍. 2018 അവസാനമോ 2019 ലോ എം.പാനലുകാരെ കൂട്ടത്തോടെ പിരിച്ചു വിട്ടതില്‍ ബിജുവുമുണ്ട്. അതോടെ സര്‍ക്കാരിന്റെ പിന്‍ബലം എന്നത് നഷ്ടപ്പെട്ടു. സ്ഥിരമാക്കാനുള്ള നീക്കത്തിനു പിന്നാലെ പോകാനും സാധിച്ചില്ല.
വീട് പട്ടിണിയാകാതെ നോക്കാന്‍ ടോറസില്‍ ഡ്രൈവറായി. 2021ല്‍ കഴക്കൂട്ടം ഇംഗ്ലീഷ് ക്ലേ ഫാക്ടറിയില്‍ ഒരു ലോഡ് എടുക്കാന്‍ വരുമ്പോള്‍ ടോറസിന്റെ ക്ലച്ച് പാഡില്‍ തട്ടി കാല്‍പാദത്തിലെ തൊലി മുറിഞ്ഞു. കാര്യമാക്കാതെ തിരികെ ലോഡുമായി ലോറി ഓടിക്കുമ്പോള്‍ ശരീരം വല്ലാതെ തണുക്കുന്നതായി തോന്നി. കുറച്ചു സമയം കഴിഞ്ഞതോടെ തണുപ്പ് സഹിക്കാന്‍ കഴിയാത്ത വിധം കൂടി. പനിയായിരിക്കുമെന്നു കരുതി. മുറിവുണ്ടായ കാല് നീരാകാനും തുടങ്ങിയിരുന്നു. മെഡിക്കല്‍ സ്റ്റോറില്‍ നിന്നും പനിയുടെ ഗുളികവാങ്ങി കഴിച്ചെങ്കിലും ശരീരത്തിലെ തണുപ്പിനും കാലിലെ നീരിനും കുറവില്ല. വീട്ടിലെത്തി അടുത്തുള്ള ആശുപത്രിയില്‍ പോയി. നീരില്‍ ഇടാനുള്ള മരുന്നുതന്നു. എന്നാല്‍, പിറ്റേ ദിവസം കാല് ചുവന്നു തുടുത്തു.
ഇതോടെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പോയി. അവിടെ അഡ്മിറ്റ് ചെയ്തു. അപ്പോഴേക്കും കാലില്‍ ചെറിയ മുഴകള്‍പോലെ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. അവിടുത്തെ ജൂനിയര്‍ ഡോകടര്‍മാര്‍ എല്ലാദിവസവും വന്ന് ഈ മുഴകളെ പൊട്ടിച്ചു നോക്കിയെങ്കിലും എന്താണ് രോഗമെന്ന് കണ്ടുപിടിക്കാനായില്ല. നാലു ദിവസത്തിനു ശേഷം കിഡ്നി സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ വന്ന് ബ്ലഡ് ടെസ്റ്റ് ചെയ്യാന്‍ പറഞ്ഞു. അതിന്റെ റിസള്‍ട്ട് പരിശോധിച്ച ഡോക്ടര്‍ പറഞ്ഞതു കേട്ട് ഞെട്ടിപ്പോയി. ഒരു വൃക്ക പൂര്‍ണ്ണമായും പ്രവര്‍ത്തന രഹിതമായി. രണ്ടാമത്തേതിന്റെ പകുതി പ്രവര്‍ത്തനമേ ഇപ്പോഴുള്ളൂ. ചികിത്സ വേഗം തുടങ്ങണമെന്നും ഡോക്ടര്‍ പറഞ്ഞു.
ലക്ഷങ്ങള്‍ ചിലവു വരുന്ന ചികിത്സ എവിടെ, എങ്ങനെ തുടങ്ങണമെന്നറിയാതെ ഞങ്ങള്‍ കുഴങ്ങി. കൈയ്യിലുള്ളതും, മക്കളുടെ കാതിലും കഴുത്തിലുമുണ്ടായിരുന്ന സ്വര്‍ണ്ണത്തിന്റെ പൊട്ടും പൊടിയുമെല്ലാം വിറ്റ് ചികിത്സ തുടങ്ങി. അങ്ങനെ ഒരു വര്‍ഷം വരെ ജനനേന്ദ്രിയത്തിലൂടെ കുഴല്‍ കടത്തി കിഡ്നിയിലെ കല്ല് പൊട്ടിക്കുന്ന പ്രക്രിയ നടത്തി. അല്‍പ്പം ആശ്വാസം ആയതോടെ മക്കള്‍ പഠിക്കുന്ന സ്കൂള്‍ബസ് ഓടിക്കാന്‍ കയറി. കുറച്ചു നാള് കഴിഞ്ഞപ്പോള്‍ വീണ്ടും ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായി. ഇതോടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റി് ഹോസ്പിറ്റലിലേക്ക് ചികിത്സയ്ക്കായി പോയി. ഡോക്ടര്‍ ഗോമതിയുടെ കീഴിലായിരുന്നു ചികിത്സ. അപ്പഴേക്കും രണ്ടാമത്തെ കിഡ്നിയും പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. അങ്ങനെ രണ്ടു കിഡ്നിയും റിമൂവ് ചെയ്തു.
തുടര്‍ന്ന് ആഴ്ചയില്‍ നാല് ഡയാലിസിസ്സ് ചെയ്യാന്‍ തുടങ്ങി. അത് ഇപ്പോഴും തുടരുകയാണ്. ഭാര്യ ഷുഗര്‍ പേഷ്യന്റായതിനാല്‍ കിഡ്നി ദാനം ചെയ്യാനാകില്ല. പത്തോളം ഡോണര്‍മാരെ കണ്ടെത്തിയെങ്കിലും പിന്നീട്, അവര്‍ക്ക് അസുഖം പിടിപെട്ടതിനാല്‍ ഒഴിവായി. ഇപ്പോള്‍ ഒരു ഡോണര്‍ വന്നിട്ടുണ്ട്. അതിന്റെ ടെസ്റ്റുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, ഓപ്പറേഷനുള്ള ചിലവുകള്‍ എങ്ങെയാണ് കണ്ടെത്താനാവുകയെന്ന് ഒരു പിടിയുമില്ല. എല്ലാം ദൈവത്തിന്റെ കൈയ്യില്‍.
ഭാര്യയും മക്കളും ?
ആകെയുള്ള വിഷമം മക്കളുടെ കാര്യമോര്‍ക്കുമ്പോഴാണ്. അവര്‍ കുഞ്ഞുകുട്ടികളല്ലേ. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അവരുടെ ജീവിതം എന്താകുംമെന്ന ആശങ്കയുണ്ട്. സ്വന്തമായി ഒരു വീടുപോലുമില്ല. വാടക വീട്ടില്‍ കഴിയുമ്പോഴും ചികിത്സയ്ക്കും, ദൈനംദിന ചിലവുകള്‍ക്കും, മക്കളുടെ പഠിത്തതിനുമൊക്കെ പണം കണ്ടെത്താന്‍ ഏക മാര്‍ഗം ഭാര്യയുടെ മുനിസിപ്പാലിറ്റിയിലുള്ള ദിവസ വേതന ജോലിയാണ്. അത് എത്രയായിരിക്കുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ. അതുകൊണ്ടാണ് പറഞ്ഞത്, ദൈവം നടത്തുന്നുവെന്ന്. ഈ നാടും, നാട്ടിലെ നല്ല മനുഷ്യരും ഒരുപാട് സഹായിച്ചിട്ടുണ്ട്. സഹായിക്കുന്നുണ്ട്. എന്തിന്, വൈദ്യുതി ബില്ലുപോലും അടയ്ക്കാന്‍ സഹായിച്ചത് നല്ലവനായ KSEB ലൈന്മാനാണ്.
സഹായങ്ങള്‍ കിട്ടുന്നുണ്ടോ ?
നാട്ടില്‍ ബിജു ചികിത്സാ സാഹ സമിതി രൂപീകരിച്ചിട്ടുണ്ട്. അവര്‍ പിരിവെടുക്കും. കൂടാതെ, അമ്പലങ്ങള്‍, പള്ളികള്‍ എന്നിവിടങ്ങളില്‍ നിന്നും പണം കണ്ടെത്തുന്നുണ്ട്. കിട്ടുന്നത്, ചെറിയ തുകയാണ്. എങ്കിലും അത്രയെങ്കിലും സഹായിക്കാന്‍ കഴിയുന്നുണ്ടല്ലോ എന്നതാണ് ആശ്വാസം. ഇതിനെല്ലാമുപരി ബിജുവിന്റെകൂടെ പത്താംക്ലാസ്സില്‍ പഠിച്ച സഹപാഠികളുടെ സഹായം വലിയ ആശ്വാസമാണ്. അവരാണ് ഡയാലിസിസ് കിറ്റും മറ്റു ചിലവുകളും നോക്കിക്കൊണ്ടിരിക്കുന്നത്. കണ്ടാല്‍ ഒരു രോഗിയാണെന്നു പോലും തോന്നില്ല. എന്നാല്‍, പെട്ടെന്ന് എന്തും സംഭവിക്കാവുന്ന അവസ്ഥയിലാണ് ഇപ്പോഴും. അച്ഛനെയും ചേര്‍ത്തു പിടിച്ച് എന്നും ആ രണ്ടു കുഞ്ഞുപെണ് മക്കളും പ്രാര്‍ത്ഥിക്കാറുണ്ട്. അച്ഛന് ഒന്നും സംഭവിക്കരുതേയെന്നും, അച്ഛനെ തിരിച്ചു തരണേയെന്നും.
വൈദ്യുതി വിച്ഛേദിക്കാനെത്തിയ ലൈന്മാന് ബില്ലടച്ച് സ്റ്റാറായി ?
വൈദ്യുതി വിച്ഛേദിക്കാനെത്തിയ ലൈന്മാന് ബില്ലടച്ച് സ്റ്റാറായതല്ല, അവരുടെ വിഷമത്തിലും വേദനയിലും ഒപ്പം നില്‍ക്കുകയാണ് ചെയ്തത്. ബില്ലടയ്ക്കാത്തതിന് വീട്ടിലെ കണക്ഷന് കട്ടു ചെയ്യാനാണ് KSEB കരുനാഗപ്പള്ളി സൗത്ത് സെക്ഷനിലെ ലൈന്മാന് സജ്ജാദ് കഴിഞ്ഞ വെള്ളിയാഴ്ച ബിജുവിന്റെ വീട്ടിലെത്തുന്നത്. ഫ്യൂസ് ഊരാന്‍ തുടങ്ങിയപ്പോള്‍, താനൊരു രോഗിയാണെന്നും പണം കണ്ടെത്തി നാളെ ഉറപ്പായി ബില്ലടയ്ക്കാമെന്നും കുറച്ചു കാശുകൂടെ കിട്ടാനുണ്ടെന്നും ബിജു പറഞ്ഞു. ഇതോടെ സജ്ജാദ് തിരികെ പോയെങ്കിലും ബിജു പറയുന്നത് സത്യമാണോ എന്നറിയാന്‍ സജ്ജാദ് സഹപ്രവര്‍ത്തകനായിരുന്ന മുരളിയോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സത്യം മനസിലാക്കിയ സജ്ജാദ് ബില്‍ത്തുക അടയ്ക്കുകയായിരുന്നു. ഇരു വൃക്കകളും തകര്‍ന്നു രണ്ടു വര്‍ഷമായി ചികിത്സയില്‍ കഴിയുന്ന ബിജു താമസിക്കുന്ന വാടക വീടിന്റെ വൈദ്യുതി ബില്ലായ 2686 രൂപയാണ് സജ്ജാദ് അടച്ചത്.
ഡയാലിസിസിന് പണം കണ്ടെത്താന്‍ വിഷമിക്കുന്നു
രണ്ടു മാസം കൂടുമ്പോഴാണ് KSEB ബില്ല് വരുന്നത്. ആഴ്ചയില്‍ നാലു ദിവസമാണ് ബിജുവിന് ഡയാലിസിസ് ചെയ്യാനുള്ളത്. ഡയാലിസിസ് ചെയ്യാന്‍ നല്ലൊരു തുക ചെലവാകുന്നുണ്ട്. ഒരു മാസം 16 ഡയലാസിസ്സ്. രണ്ടു മാസം ആകുമ്പോള്‍ 32 ഡയാലിസിസ്സ് ചെയ്യണം. ഇത്രയും ചെയ്യാന്‍ വരുന്ന തുകതന്നെ ഭീമമായിരിക്കും. ഈ രണ്ടുമാസം കഴിയുമ്പോള്‍ വീണ്ടും KSEB ബില്ല് വരും. അത് അടയ്ക്കാനായില്ലെങ്കില്‍ ബിജുവിന്റെ വീട്ടിലെ കറണ്ട് കട്ടാകും. മക്കളുടെ പഠിത്തം മുടങ്ങും. ബിജുവിന് ഡയാലിസിസ് കഴിഞ്ഞ് വിശ്രമിക്കാനും കഴിയാതെ വരും. അടത്ത ബില്ലും ഏകദേശം 2000 രൂപയ്ക്കു മുകളില്‍ വരും. ഇതേക്കുറിച്ച് KSEB കുരുനാഗപ്പള്ളി സൗത്ത് സെക്ഷനിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു.
ബിജുവിന്റെ വൈദ്യുതി ബില്ല് ഒഴിവാക്കാന്‍ കഴിയുമോ എന്നായിരുന്നു നോക്കിയത്. എന്നാല്‍. KSEBയുടെ റൂള്‍ അനുസരിച്ച് രണ്ടു മാസം 100 യൂണിറ്റു വരെ ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യമായി നല്‍കാനേ കഴിയൂ എന്നാണ്. ബിജു 100 യൂണിറ്റിലും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ്.
സഹായിക്കാന്‍ കഴിയുമോ ബിജുവിനെ ?
ബിജുവിന്റെയും കുടുംബത്തിന്റെയും അവസ്ഥയില്‍ ഇപ്പോള്‍ വേണ്ടത് സഹതാപമല്ല, സഹായമാണ്. സഹായിക്കാന്‍ മനസ്സുള്ളവര്‍ ബിജുവിനെ നേരിട്ടു വിളിച്ച് അദ്ദേഹത്തിന്റെ അവസ്ഥ മനസ്സിലാക്കിയ ശേഷം നല്ല ബോധ്യത്തോടെ സഹായിക്കണം. അദ്ദേഹത്തെ വിളിച്ച് ആശ്വസിപ്പിക്കാനും കഴിയുമെങ്കില്‍ വലിയ കാര്യമായിരിക്കും. ബിജുവിന്റെ മൊബൈല്‍ നമ്പര്‍ 7994246709 ഇതാണ്.
CONTENT HIGHLIGHTS; For Biju’s two daughters whose pain is unbearable: both kidneys are broken and need to be kept alive by dialysis; Can you help Viju’s family without pity? (Exclusive)