ആലപ്പുഴ ജില്ലയില്‍ കായംകുളം-പുനലൂര്‍ പാതയില്‍ കറ്റാനത്തിനടുത്താണ് വെട്ടിക്കോട്ട് ആദിമൂലം നാഗരാജക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ പുരാതന നാഗരാജ ക്ഷേത്രങ്ങളിലൊന്നാണ് ആദിമൂലം വെട്ടിക്കോട് ശ്രീനാഗരാജ സ്വാമി ക്ഷേത്രം. പരശുരാമന്‍ മഴു കൊണ്ട് മണ്ണ് വെട്ടിക്കൂട്ടി അതിനു മുകളില്‍ നാഗപ്രതിഷ്ഠ നടത്തിയതിനാലാണ് വെട്ടിക്കോട് എന്ന പേര് ലഭിച്ചത് എന്നാണ് പറയപ്പെടുന്നത്. ആദ്യമായി പ്രതിഷ്ഠ നടന്നത് വെട്ടികോട് ആയതിനാല്‍ ആദിമൂലം വെട്ടിക്കോട് എന്നാണു വിശേഷണം.
ക്ഷേത്രത്തിലെത്തി പ്രദക്ഷിണം ചെയ്യുമ്പോള്‍ ഒരു വശത്തായി കാവും കാണാന്‍ സാധിക്കും. വര്‍ഷങ്ങള്‍ പഴക്കമുള്ള മരങ്ങളാണ് ഇവിടെയെത്തുന്നവര്‍ക്ക് തണല്‍ നല്‍കുന്നത്. ഈ മരച്ചുവട്ടില്‍ ഇരുന്ന് ഭക്തര്‍ നാമജപം നടത്തുന്നത് പതിവാണ് ഇവിടെ. ക്ഷേത്രത്തിന് വലം വച്ചു വരുമ്പോള്‍ മഞ്ഞള്‍ പ്രസാദം ഭക്തര്‍ക്ക് ഇവിടെ നിന്നും ലഭിക്കും. ക്ഷേത്രത്തിനോട് ചേര്‍ന്ന് തന്നെ ഒരു കുളവും കാണാം. ഇവിടെയെത്തി കാല്‍ കഴുകിയശേഷം ഭക്തര്‍ അമ്പലത്തിലേക്ക് പ്രവേശിക്കുകയാണ് പതിവ്. ഇനി ക്ഷേത്രത്തിന്റെ സമീപത്ത് ഒരു പഴയ ഇല്ലവും അവിടെ ചെറിയ ക്ഷേത്രങ്ങളും കാണാന്‍ സാധിക്കും. വെട്ടിക്കോട്ട് ക്ഷേത്രത്തില്‍ എത്തുന്നവര്‍ ഇവിടെയും ദര്‍ശനം നടത്താറുണ്ട്.
ഇടവമാസത്തിലെ ആയില്യം മുതല്‍ കന്നിമാസത്തിലെ ആയില്യം വരെ സര്‍പ്പങ്ങള്‍ക്ക് പുറ്റടവ് കാലമായതിനാല്‍ ഈ സമയത്ത് ക്ഷേത്രത്തില്‍ സര്‍പ്പബലി നടത്താറില്ല. ക്ഷേത്രത്തില്‍ എത്തിയാല്‍ ചുറ്റും ധാരാളം നാഗ പ്രതിമകളും ശില്‍പ്പങ്ങളും കാണാം. നാഗലിംഗ പൂക്കളാണ് ഇവിടെ പൂജയ്ക്ക് പ്രധാനമായി ഉപയോഗിക്കുന്നത്. വിശേഷാല്‍ ദിവസങ്ങളില്‍ ക്ഷേത്രത്തിന്റെ അങ്കണത്തില്‍ പുള്ളുവന്‍ പാട്ടുകളും നാഗരാജ സൂക്തങ്ങളും കേള്‍ക്കാന്‍ സാധിക്കും. ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ വെട്ടിക്കോട്ട് ആയില്യം കണ്ടു തൊഴാന്‍ സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും നിരവധി ഭക്തജനങ്ങളാണ് ഇവിടെ എത്തുന്നത്. ആയില്യം എഴുന്നള്ളത്ത് ദര്‍ശിച്ചാല്‍ അടുത്ത ഒരു വര്‍ഷത്തേക്ക് സര്‍പ്പഭയം ഉണ്ടാകില്ലെന്നാണ് വിശ്വാസം.
STORY HIGHLIGHTS: Aadimoolam Vetticode Sree Nagaraja Swami Temple