തിരുവനന്തപുരം: സിനിമാ രംഗത്തെ സ്ത്രീകൾക്ക് പരാതി നൽകാൻ സംവിധാനവുമായി പൊലീസ്. ഇ മെയിൽ വഴിയും ഫോൺ നമ്പർ വഴിയം പരാതികൾ അറിയിക്കാം.
[email protected] എന്ന മെയിൽ ഐഡിയിൽ പരാതി നൽകാം. അന്വേഷണ സംഘത്തിലെ ഡി.ഐ.ജി അജീത ബീഗത്തിന്റെ ഇ-മെയിൽ ഐ.ഡിയാണിത്. 0471-2330747 എന്ന നമ്പറിലും പരാതികൾ അറിയിക്കാം.
ഇതുവഴി പരാതി ഉന്നയിക്കുന്നവരുടെ മൊഴിയടക്കം ശേഖരിക്കുന്ന നടപടികളിലേക്ക് പൊലീസിന് കടക്കാൻ സാധിക്കും. പരാതികളിൽ സ്വകാര്യത മാനിച്ചുള്ള നടപടികളായിരിക്കും പൊലീസ് സ്വീകരിക്കുക. ഇതുവഴി ലഭിക്കുന്ന പരാതികൾ ക്രൈംബ്രാഞ്ച് ആസ്ഥാനത്തായിരിക്കും രജിസ്റ്റർ ചെയ്യുക.
അതേസമയം, സിനിമാ മേഖലയിലെ സ്ത്രീകളുടെ വെളിപ്പെടുത്തലുകളും പരാതികളും അന്വേഷിക്കാൻ നാല് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് മേഖല തിരിച്ച് ചുമതല. വെളിപ്പെടുത്തലുകൾ നടത്തിയ എല്ലാവരുടെയും മൊഴികൾ വിശദമായി രേഖപ്പെടുത്താനും അതിന് പട്ടിക തയ്യാറാക്കാനും തീരുമാനമായി. പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ചേർന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് തീരുമാനം. വിവിധ സ്റ്റേഷനുകളിലായി സിനിമാ മേഖലയിലെ സ്ത്രീകൾ നൽകിയ പരാതികളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പ്രത്യേക സംഘത്തിന് കൈമാറണം. എല്ലാ ലോക്കൽ പൊലീസ് സ്റ്റേഷനുകൾക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. ഏഴംഗ അന്വേഷണ സംഘത്തിലുള്ള നാല് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരാണ് വെളിപ്പെടുത്തലുകളും പരാതികളും അന്വേഷിക്കുക.
ഉത്തര കേരളത്തിലെയും മധ്യ കേരളത്തിലെയും പരാതികൾ അന്വേഷിക്കുക ജി പൂങ്കുഴലിയും ഐശ്വര്യ ഡോങ്ക്റെയുമായിരിക്കും. തെക്കൻ കേരളത്തിലെ ചുമതല അജീത ബീഗത്തിനും മെറിൻ ജോസഫിനും നൽകി. ഇവർക്ക് ആവശ്യമുള്ള വനിതാ അംഗങ്ങളെ കൂടുതലായി ഉൾപ്പെടുത്തി സംഘത്തെ വിപുലീകരിക്കാം. സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.