സ്ത്രീ സുരക്ഷയ്ക്കും നിയമപരിപക്ഷ നല്‍കുന്നതിനും കേരളം നടപ്പാക്കിയിട്ടുള്ള പദ്ധതികളെപ്പോലെ രാജ്യത്ത് മറ്റൊരു സംസ്ഥാനവും നടപ്പാക്കിയിട്ടില്ല. സ്ത്രീ സംരക്ഷണം ഉറപ്പാക്കാന്‍ ഇത്രയും നിയമങ്ങളും കമ്മിഷനുകളും സെമിനാറുകളും നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ റിപ്പോര്‍ട്ടുകളും വനിതാ സെല്ലുകളും ഉണ്ടായിട്ടും, ഇതിനെല്ലാം മുകളിലൂടെ സ്ത്രീ പീഡിപ്പിക്കപ്പെടുക തന്നെയാണ്. ഇതാണ് സിനിമാ മേഖലയിലെ നടിമാരുടെ പീഡന പരാതികള്‍ കാണിക്കുന്നത്. ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ട് പോലും കോടതിയുടെ ഇടപെടലിലാണ് വെളിച്ചം കണ്ടത്. എന്നിട്ടോ, അതിലെ പ്രധാന ഭാഗങ്ങള്‍ മാറ്റിയിട്ടാണ് പ്രസിദ്ധീകരിച്ചതും.
ഈ ഭാഗങ്ങള്‍ മാറ്റിയത്, സ്ത്രീ സംരക്ഷണത്തിനാണോ അതോ സ്ത്രീ വിരുദ്ധതയ്‌ക്കോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ‘കേരള വനിതാ കമ്മിഷന്റെ 1996-2021ലെ സ്ത്രീ സംരക്ഷണത്തിനുള്ള പ്രധാന നിയമങ്ങളില്‍’ ആദ്യം പറയുന്ന വിഷയം തന്നെ പാര്‍ലമെന്റ് 2013ല്‍ പാസാക്കിയ ‘തൊഴില്‍ സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗിക പീഡനം (തടയുന്നതിനും നിരോധിക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള) ആക്ടിനെ കുറിച്ചാണ്.’ അതില്‍ ലൈംഗിക പീഡനം എന്നതില്‍ 5 പ്രവൃത്തികള്‍ ഉള്‍പ്പെടുന്നുവെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
1) നേരിട്ടോ അല്ലാതെയോ ഉള്ള സ്പര്‍ശവും പ്രവൃത്തികളും
2) ലൈംഗിക സേവനത്തിനുള്ള ആവശ്യമോ അപേക്ഷയോ
3) ലൈംഗിക ചുവയുള്ള പരാമര്‍ശം
4) അശ്ലീല ചിത്ര പ്രദര്‍ശനം
5) വാക്കും നോട്ടവും പ്രവൃത്തികളും
ഇവ കൂടാതെ, ലൈംഗിക പീഡനവുമായി ബന്ധപ്പെടുത്തി പ്രത്യക്ഷമായോ പരോകഷമായോ തൊഴിലില്‍ പ്രത്യേക പരിഗണന നല്‍കാമെന്നു വാഗ്ദാനം നല്‍കുകയോ ഹാനി വരുത്തുമെന്നു ഭീഷണിപ്പെടുത്തുകയോ ജോലിക്കു മനപ്പൂര്‍വ്വമായ തടസ്സങ്ങള്‍ വരുത്തുകയോ ചെയ്യുന്നതും പീഡനമായി കരുതുന്നതാണ്.
ഇത്രയും വ്യക്തമായി എഴുതി വെച്ചിട്ടും, നടിമാര്‍ വെളിപ്പെടുത്തല്‍ നടത്തിയിട്ട് വനിതാ കമ്മിഷന്‍ പരാതിക്കാരെ കേള്‍ക്കാനോ, മൊഴി എടുക്കാനോ, സ്വമേധയാ കേസെടുക്കാനോ തയ്യാറായില്ല എന്നത് ഗുരുതര വീഴ്ചയാണ്. ഇന്നലെയും ഇന്നുമായാണ് നടിമാരുടെ പരാതിയിന്‍മേല്‍ പോലീസ് എഫ്.ഐ.ആര്‍ ഇട്ടത്. മാത്രമല്ല, നിരവധി സീരിയല്‍ നടിമാരും പരാതിയുമായി രംഗത്തു വന്നിട്ടുണ്ട്. വനിതാ കമ്മിഷന് ഇതില്‍ ഇടപെടാന്‍ എന്താണ് ഇത്ര മടി എന്നതാണ് ചോദ്യമായി ഉയരുന്നത്. സ്ത്രീ പീഡനങ്ങളുടെ ഒരു ഹബ്ബാണ് മലയാള സിനിമാ മേഖലയെന്നാണ് ഇപ്പോള്‍ തെളിയുന്നത്.
കാരണം, സംസ്ഥാന മന്ത്രിക്കെതിരേ പോലും യൂത്തുകോണ്‍ഗ്രസ്സുകാര്‍ പരാതി നല്‍കിയിരിക്കുന്നത്, ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉള്ളതു കൊണ്ടാണ്. മന്ത്രിയെ അടക്കം സിനിമാ മേഖലയിലെ പലരെയും സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ അടവായാണ് പ്രതിപക്ഷം ഇടിനെ കാണുന്നതെന്നു വ്യക്തം. 2013ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ പിന്‍ബലമുണ്ടായിട്ടും വനിതാ കമ്മിഷന്‍ നിര്‍ജ്ജീവമായിപ്പോയത് കേരളത്തിലെ വനിതകളുടെ ഇനിയുള്ള സുരക്ഷയെപ്പോലും ചോദ്യം ചെയ്തിരിക്കുകയാണ്.
എന്തിനാണ് ഇങ്ങനെയൊരു വനിതാ കമ്മിഷനെന്നാണ് സ്ത്രീപക്ഷ വാദികള്‍ ചോദിക്കുന്നത്. ഇങ്ങനെ സ്ത്രീകളെ സംരക്ഷിക്കാനുള്ള സംവിധാനങ്ങള്‍ അനങ്ങാപ്പാറകളായി മാറിയാല്‍ സമൂഹത്തില്‍ സ്വാധീനമുള്ളവര്‍ സ്ത്രീകളെ വെറും ഭോഗവസ്തുക്കളാക്കി മാറ്റുക തന്നെ ചെയ്യും. അത് മനസ്സിലാക്കണമെങ്കില്‍ 2020 മുതല്‍ 2022 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മതിയാകും. 2020ല്‍ സ്ത്രീകള്‍ക്കെതിര 12,659 കുറ്റകൃത്യങ്ങളാണ് നടന്നിട്ടുള്ളത്. 2021 ഇത് 16,199 ആയി വര്‍ദ്ധിക്കുകയാണുണ്ടായത്. 2022ല്‍ വീണ്ടും ആ കണക്കുകള്‍ ഉയര്‍ന്ന് 18,943 കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഇതില്‍ ബലാത്സംഗ ക്കേസുകള്‍ പരിശോധിച്ചാല്‍ 2020- 1,880, 2021- 2,339 , 2022- 2,503 എണ്ണമാണ്. സ്ത്രീധനപീഡനത്തെ തുടര്‍ന്ന് മാത്രം 2020 ല്‍ ആറുപേരും 2021 ല്‍ ഒന്‍പത് പേരും 2022ല്‍ എട്ട് പേരുമാണ് കേരളത്തില്‍ മരിച്ചത്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഗാര്‍ഹികപീഡന പരാതികളില്‍ ഈ മൂന്ന് വര്‍ഷത്തില്‍ വലിയ വര്‍ദ്ധനവാണുണ്ടായത്. 2020- 2,707, 2021- 4997, 2022- 5019 ഗാര്‍ഹിക പീഡന പരാതികളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സ്ത്രീകളെ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് 2020 ല്‍ 3890 കേസുകളും 2021ല്‍ 4059 കേസുകളും 2022ല്‍ 5354 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സ്ത്രീകളെ ശല്യം ചെയ്തതിന് 2020ല്‍ 442 കേസുകളും 2021ല്‍ 504 കേസുകളും 2022ല്‍ 584 കേസുകളും സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട മറ്റ് വകുപ്പുകളെല്ലാം ചേര്‍ത്ത് 2020ല്‍ 3,583 കേസുകളും 2021ല്‍ 4,112 കേസുകളും 2022ല്‍ 5,265 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സാമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട് പീഡനത്തിന് ഇരയാകുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്. പോക്സോ കേസുകളില്‍ അടക്കം വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. സ്വതന്ത്ര്യം ലഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സ്ത്രീ സുരക്ഷയെ പിന്നോട്ട് വലിക്കുന്ന ഈ കണക്കുകള്‍ നിരാശാജനകമാണ്.
ലോകത്ത് ഒരു മിനിറ്റില്‍ ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നുണ്ടെന്നാണ് യു.എന്‍ റിപ്പോര്‍ട്ട്. യു.എന്‍ റിപ്പോര്‍ട്ട് പ്രകാരം 736 ദശലക്ഷം സ്ത്രീകള്‍ ശാരീരിക-മാനസിക പീഡനങ്ങള്‍ക്ക് ഇരയാകുന്നു. ലോകോരോഗ്യ സംഘടന പറയുന്നത് പ്രകാരം 15 വയസ്സ് മുതല്‍ 49 വയസ് വരെയുള്ള സ്ത്രീകളില്‍ 30 ശതമാനം സ്ത്രീകളും മാനസിക-ശാരീരിക പീഡനം നേരിടുന്നുണ്ട്. ഇന്ത്യയില്‍ ഒരു ലക്ഷം സ്ത്രീകളില്‍ 58 സ്ത്രീകള്‍ അതിക്രമങ്ങള്‍ക്ക് ഇരയാവുന്നു. ലിംഗ-സമത്വ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 156 ല്‍ 140-ാം സ്ഥാനത്താണ്.
സ്ത്രീകള്‍ക്ക് ഏത് അര്‍ദ്ധരാത്രിയിലും വഴിനടക്കാന്‍ കഴിയുന്ന ഇന്ത്യയാണ് തന്റെ സ്വപ്നമെന്ന് മഹാത്മാഗാന്ധി പറഞ്ഞത് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പായിരുന്നു. ആ വലിയ സ്വപ്നം ഇന്നും സ്വപ്നമായിത്തന്നെ തുടരുന്നു. വീടിനുള്ളിലും തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ അതിക്രമത്തിനിരയാവുന്നത് സ്ഥിരമായി വായിക്കുന്ന വാര്‍ത്തകളായി കഴിഞ്ഞു. പ്രായഭേദമന്യേയാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നടക്കുന്നത്. കൊച്ചുകുട്ടികള്‍ മുതല്‍ വയോജനങ്ങള്‍ വരെ ആക്രമിക്കപ്പെടുന്നുണ്ട്.
ഗാര്‍ഹികാതിക്രമ നിയമവും തൊഴിലിടങ്ങളിലെ ലൈംഗികപീഡന വിരുദ്ധ നിയമവും നിലവിലുണ്ടെങ്കിലും അതെല്ലാം എത്രമാത്രം ഫലപ്രദമാകുന്നുവെന്ന പരിശോധന അനിവാര്യമാണ്. ഒരു കൃത്യം നടക്കുമ്പോള്‍ മാത്രം നീതിബോധം ഉണരുന്ന അധികൃതര്‍ കൃത്യം നടക്കാതിരിക്കാനുള്ള വഴികളാണ് തേടേണ്ടത്. രാത്രിയില്‍ പേടിച്ച് ജോലി ചെയ്യുന്ന, പേടിച്ച് യാത്ര ചെയ്യുന്ന, ഭക്ഷണം കഴിക്കാന്‍ ഹോട്ടലുകളില്‍ പേടിയോടെ കയറുന്ന സ്ത്രീകളാണ് ഇപ്പോഴുള്ളത്. സംസ്ഥാനത്തിന്റെ എല്ലാ മികവുകള്‍ക്കും മങ്ങലേല്‍പ്പിക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍.
സ്ത്രീകള്‍ക്കെതിരെ നടന്ന അക്രമ സംഭവങ്ങളില്ലാതെ ഒരു ദിവസവും കടന്ന് പോകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നിയമങ്ങളും കണ്ണടയ്ക്കുകയും നീതിബോധം പണത്തൂക്കത്തിനും പദവികള്‍ക്കുമൊപ്പം ചാഞ്ചാടുമ്പഴാണ് സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നത് എന്ന് സിനിമാ ലോകം കാട്ടിത്തരുന്നുണ്ട്. കാരണം, ഹേമാ കമ്മിഷന്‍ എന്തിനു വേണ്ടിയാണോ നിയമിതമായത്, അതിന്റെ സത്ത നഷ്ടപ്പെട്ടു പോയി. കോടതി ഇടപെടല്‍ വന്നതോടെ സര്‍ക്കാരിന് ഹേമാ കമ്മിഷനുമായി ഒരു ബന്ധവുമില്ലാതെ പോയി. ഇതാണോ സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്.
WCC യിലെ നടിമാര്‍ സര്‍ക്കാരിനു നല്‍കിയ പരാതിയിലാണ് ഹേമാ കമ്മിഷന്‍ നിയമിതമായതെങ്കില്‍, ഒരു നടിക്കേറ്റ ക്രൂരമായ പീഡനത്തിന്റെ ഭാഗമായുള്ള പോരാട്ടത്തിന്റെ ബാക്കി പത്രമായാണ് ഹേമാക്കമ്മിഷന്‍ നിയമിതമായതെങ്കില്‍ ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്ന ഓരോ വരികളും തെളിവുകളും മൊഴികളും പുറത്തു വിടണമായിരുന്നു. എന്നാല്‍, അതുണ്ടായില്ല. അതേ വഴിയിലൂടെ തന്നെ വനിതാ കമ്മിഷും നടന്നു. വനിതകളോട് എന്തു നീതി ബോധമാണ് വനിതാ കമ്മിഷന്‍ ഇക്കാര്യത്തില്‍ എടുത്തിരിക്കുന്നത്.
കെ.കെ. ശൈലജ വനിതാ വികസന മന്ത്രിയും എംസി ജോസഫൈന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷയും ആയിരുന്ന കാലഘട്ടത്തിലാണ് സ്ത്രീ സംരക്ഷണത്തിനുള്ള നിയമങ്ങള്‍ ഒരു പുസ്തകമായി പ്രസിദ്ധപ്പെടുത്തിയത്. അതിന്നും രേഖയായി തന്നെ തുടരുന്നുണ്ട്. എന്നാല്‍, വേട്ടക്കാരെ കണ്ടെത്താനോ ശിക്ഷിക്കാനോ ആ രേഖകള്‍ ഉപയോഗിക്കുന്നില്ല എന്നുമാത്രം.
CONTENT HIGHLIGHTS;It is not enough for the Women’s Commission to write “Women’s Safety”: There must also be the will to implement it (Special Story)