Travel

12000 ഏക്കറിൽ പരന്നുകിടക്കുന്ന അത്ഭുതം; സഞ്ചാരികളെ ആകർഷിച്ച് തമിഴ്നാട്ടിലെ ചുവന്ന മരുഭൂമി | Theri Kaadu The Red Desert in Tamil Nadu

തേരികുടിയിരിപ്പ്, കുതിരമൊളി തേരി എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ പ്രദേശം കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്

യുഎസ് സംസ്ഥാനമായ വ്യോമിങ്ങിലുള്ള ചുവന്ന മരുഭൂമി വളരെ പ്രശസ്തമാണ്. 12,000 വർഷം പഴക്കമുള്ള ഈ മരുഭൂമിയിലെ പ്രത്യേകതരം ജൈവവൈവിധ്യവും മനോഹരമായ കാഴ്ചകളുമെല്ലാം ഒട്ടേറെ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. ഇതേപോലൊരു കാഴ്ച നമ്മുടെ ഇന്ത്യയിലുമുണ്ട്, അതാണ്‌ തമിഴ്നാട്ടിലെ തേരികാട്.12000 ഏക്കറിൽ പരന്നുകിടക്കുന്ന ഒരു ചുവന്ന മരുഭൂമിയാണ് തേരികാട്, ചുവന്ന മണലും ചെളിമണ്ണും നിറഞ്ഞ ഈ തീരപ്രദേശം, ആയിരക്കണക്കിന് വർഷങ്ങള്‍ കൊണ്ടാണ് രൂപപ്പെട്ടത്. തേരികുടിയിരിപ്പ്, കുതിരമൊളി തേരി എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ പ്രദേശം കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്.

കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ചുവന്ന കടല്‍ പോലെയാണ് തേരികാട്. ചുവന്ന മരുഭൂമി എന്നൊക്കെയാണ് വിളിപ്പേരെങ്കിലും ഇവിടം ജൈവസമൃദ്ധമാണ്. മണല്‍ ഒലിച്ചുപോകുന്നത് തടയാനായി നട്ടുവളര്‍ത്തിയ മരങ്ങള്‍ പടര്‍ന്നുപന്തലിച്ച് പൂങ്കാവനം തീര്‍ക്കുന്നു. അതുകൊണ്ടുതന്നെ, ധാരാളം പക്ഷികളും ഇഴജന്തുക്കളും ചെറിയ സസ്തനികളും ഇവിടെയുണ്ട്. അയണ്‍ ഓക്സൈഡ് അടങ്ങിയ മണ്ണാണ് ഈ പ്രദേശത്തിന്‍റെ ചുവപ്പ് നിറത്തിന് കാരണം. ദശലക്ഷക്കണക്കിന് വർഷങ്ങളായി, കാലാവസ്ഥയും മണ്ണൊലിപ്പും മൂലം, ചുറ്റുമുള്ള ശിലാരൂപങ്ങള്‍ ക്രമേണ വിഘടിച്ച്, അയണ്‍ ഓക്സൈഡ് കണികകൾ നിക്ഷേപിച്ചാണ് ഇന്ന് കാണുന്ന ചുവന്ന മണൽക്കാടുണ്ടായത്.

തേരിക്കാടിനുള്ളിൽ അരുഞ്ചുനൈ കാത അയ്യനാർ ക്ഷേത്രം, കർക്കുവേൽ അയ്യനാർ ക്ഷേത്രം എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങളുണ്ട്. മാത്രമല്ല, മരുഭൂമിയില്‍ എത്തുന്ന സഞ്ചാരികള്‍ക്കായി ഒട്ടേറെ സാഹസിക പ്രവര്‍ത്തനങ്ങളും ഉണ്ട്. മരുഭൂമിയിലെ കായിക വിനോദമായ സാൻഡ്ബോർഡിങ് ആണ് ഏറ്റവും ജനപ്രിയം. കൂടാത്ത മരുഭൂമിയുടെ കാണാപ്പുറങ്ങള്‍ തേടിപ്പോകാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായി ഗൈഡഡ് ഡെസേർട്ട് ട്രെക്കുകളും ഒരുക്കുന്നു. ഇവിടുത്തെ സൂര്യോദയവും അസ്തമയവും വളരെ മനോഹരമാണ്. മരുഭൂമിക്കരികില്‍ കാണാന്‍ വേറെയും കാഴ്ചകളുണ്ട്. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാല മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം. ചുട്ടുപൊള്ളുന്ന വേനൽ മാസങ്ങളിൽ സന്ദർശനം ഒഴിവാക്കുക.

STORY HIGHLLIGHTS : Theri Kaadu The Red Desert in Tamil Nadu