ഓടിക്കളിക്കുമ്പോൾ വീണ് മുറിവ് പറ്റിയാൽ നാട്ടിൻപുറങ്ങളിലുള്ളവർ ചെയ്യുന്ന ഒരു സൂത്രമുണ്ട്. പറമ്പിൽ കാണുന്ന തൊട്ടാവാടിയുടെയോ കമ്മ്യൂണിസ്റ്റ് പച്ച എന്ന ചെടിയുടെയോ ഇല പറിച്ച് തിരുമ്മി മുറിവിൽ വെയ്ക്കും. രണ്ടുദിവത്തിനുള്ളിൽ മുറിവ് കരിയുമെന്ന് ഉറപ്പായിരുന്നു. എന്നാൽ ഇന്ന് അങ്ങനെ ചെയ്‌താൽ ഇൻഫെക്ഷൻ ആകുമോ എന്നുള്ള പേടിയായിരിക്കും ഏറെയും. അന്നത്തെ നാട്ടുവൈദ്യത്തിന്റെ രസികൻ വഴികളിലൊന്നാണ് ഈ മുറിവുണക്കുന്ന പച്ചിലസൂത്രം.
വളരെ സങ്കീർണഘടനയുള്ള രാസ സംയുക്തങ്ങൾ ഉൽപാദിപ്പിക്കുന്നവരാണ് ചെടികൾ. കാർബോഹൈഡ്രേറ്റ്, ലിപിഡുകൾ, ഫിനോളിക് സംയുക്തങ്ങൾ, അമിനോ ആസിഡുകൾ, ടർപീനുകൾ, ആൽക്കലോയ്ഡുകൾ, സ്‌റ്റിറോയ്ഡുകൾ എന്നിവയെല്ലാം നാടൻ ചെടികളിൽ ഒളിഞ്ഞിരിക്കുന്നുണ്ട്. നാട്ടുവൈദ്യന്മാർ ഈ വക ചെടികൾ സംഭരിച്ച് ഇതിൽ നിന്നും കഷായം, ലേഹ്യം തുടങ്ങിയ മരുന്നുകളാക്കിയെടുക്കും.
പണ്ട് കുട്ടികൾക്ക് വിളർച്ച വന്നാൽ അമ്മൂമ്മമാർ ചെയ്തിരുന്നത് ഇരുമ്പുചട്ടിയിൽ തിളപ്പിച്ച പുളിവെള്ളം കുടിപ്പിയ്ക്കുക എന്നതായിരുന്നു. രക്തത്തിൽ ഇരുമ്പിന്റെ അംശം കുറയുന്നതുമൂലമാണ് വിളർച്ച ഉണ്ടാകുന്നത്. പുളിയിലെ ടാർട്ടാറിക് ആസിഡും ഇരുമ്പും തമ്മിൽ പ്രവർത്തിച്ച് ഫെറിക് ടാർട്ടാറേറ്റ് എന്ന സംയുക്തം ഉണ്ടാകുന്നു. വിളർച്ച മാറ്റുന്ന ആധുനിക ടോണിക്കുകളിൽ പലതിലും ഈ സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നത് കാണാം.
ആടലോടകം, വില്ലോമരം, അത്തിമരം തുടങ്ങിയ ചെടികളിൽ നിന്നാണ് ആസ്പിരിൻ എന്ന സംയുക്തം വേർതിരിച്ചെടുക്കുന്നത്. മുന്തിരി, ചെറിഎന്നിവയിൽ കാണപ്പെടുന്ന ചില ഫിനോളിക് സംയുക്തങ്ങളും മാതളം മാമ്പഴം എന്നിവയിലുള്ള ഗാലിക് ആസിഡുമൊക്കെ പലതരം ക്യാൻസറുകളെ തടയാൻ കെൽപ്പുള്ളവയാണ്. മുക്കുറ്റിപ്പൂവിലുള്ള അല്ലൻറോയിൻ എന്ന ആൽക്കലോയ്ഡ് കോശങ്ങളുടെ പുനർനിർമാണത്തിനു സഹായിക്കുന്നു.
തൊടിയിൽ നിൽക്കുന്ന തുളസി, മുക്കുറ്റി, ആടലോടകം, തഴുതാമ, കല്ലുരുക്കി, കീഴാർനെല്ലി, പനിക്കൂർക്ക, തൊട്ടാവാടി തുടങ്ങി എല്ലാ ചെടികളിലും ഔഷധ ഗുണങ്ങളാൽ സമ്പന്നമാണ് ഇതിൽ നിന്നും ഔഷധക്കൂട്ടുകളെ തിരിച്ചറിഞ്ഞ് അവയെ ഉപയോഗപ്രദമായ മരുന്നുകളാക്കി മാറ്റുകയാണ് നാട്ടുവൈദ്യം ചെയുന്നത്.
STORY HIGHLIGHT: Traditional Medicines