ഒരു പനിയെങ്കിലും വരാത്ത ആരും തന്നെ നമുക്കിടയിൽ ഉണ്ടാവില്ല. അതുപോലെ മരുന്ന് കഴിക്കാത്തവരും. ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിച്ചു കഴിയുന്ന ഇന്നത്തെ തലമുറയ്ക്ക് പനിയെന്നു കേട്ടാൽ ആദ്യം മനസിലേക്കെത്തുന്നത് പാരസെറ്റമോൾ, ഡോളോ എന്നീ ഗുളികകളായിരിക്കും. എല്ലാ മരുന്നുകൾക്കും പിന്നിൽ ഒരു ഗുട്ടൻസുണ്ട് ആ ഗുട്ടൻസ് രസതന്ത്രവുമായി ഇഴചേർന്നുകിടക്കുന്നു.
മരുന്നിൽ മാത്രമല്ല നാം കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവിലും ധരിക്കുന്ന വസ്ത്രത്തിലുമുൾപ്പെടെ എല്ലാത്തിലും ഒരു രസതന്ത്രം ഒളിഞ്ഞിരിക്കുന്നുണ്ട്. ചില അന്യവസ്തുക്കൾ ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ അവ ഒന്നുകിൽ രോഗത്തെ ഇല്ലാതാക്കുകയോ അല്ലെങ്കിൽ ഭാവിയിൽ രോഗമുണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യത തടയുകയോ ചെയ്യുന്നു. ഇത്തരത്തിലുള്ള രാസ പദാർഥങ്ങളെയാണ് മരുന്നുകൾ എന്ന് വിളിക്കുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ശരീരത്തിലെ സാധാരണ പ്രവർത്തനങ്ങളെ ഗുണകരമായ രീതിയിൽ മാറ്റുന്ന രാസവസ്തുവാണ് മരുന്ന്. അതുപോലെ ശരീരത്തിനെ ദോഷകരമായി ബാധിക്കുന്നവയാകട്ടെ വിഷവും.
ശരീരത്തിൽ ഉപയോഗിക്കുന്ന ഒരോ വസ്തുവും ഉപയോഗിക്കുന്നതിനനുസരിച്ച് ഉപയോഗിക്കുന്ന സാഹചര്യമനുസരിച്ച് മരുന്നായും വിഷമായും പ്രവർത്തിക്കാം.മരുന്നിന്റെ കൃത്യമായ ഉപയോഗം ആരോഗ്യം മെച്ചപ്പെടാനും, മരുന്നുകളുടെ അനാവശ്യ ഉപയോഗം ആരോഗ്യത്തെ പൂർണമായും ഇല്ലാതാക്കുകയും ചെയ്യും. ശരീരത്തിന് ഗുണവും ദോഷവും ഇടകലർന്ന് നിൽക്കുന്നതാണ് മരുന്നുകൾ.
ആയുർവേദം, അലോപ്പതി, ഹോമിയോ, സിദ്ധവൈദ്യം, യുനാനി തുടങ്ങി ഇന്ന് നിലവിലുള്ള ഏതുതരം ചികിത്സാരീതിയിലും ഉപയോഗിക്കുന്ന മരുന്നുകൾ പ്രത്യേകതരം രസക്കൂട്ടുകളാൽ നിർമ്മിതമാണ്. മരുന്നുകളുടെ സ്വഭാവം, അവയുടെ ഉപയോഗരീതി, ശരീരത്തിൽ പ്രവർത്തിക്കുന്ന വിധം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഇംഗ്ലീഷ് മരുന്നുകളെ പല വിഭാഗങ്ങളായി തിരിക്കാം. ഹോർമോൺ, ശ്വസനം, നാഡീ, ഹൃദയം, ദഹനം, വൃക്ക തുടങ്ങി ശരീരത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അനേകതരം മരുന്നുകൾ. വിവിധ രസതന്ത്ര പരീക്ഷണങ്ങൾക്കൊടുവിലാണ് ഇത്തരം വ്യത്യസ്തമായ മരുന്നുകൾ സൃഷ്ടിച്ചെടുക്കുന്നത്. ഇതിന്റെയൊക്കെ രസതന്ത്രമാകട്ടെ വ്യത്യസ്തവും.
story highlight: Medicine