പ്രകൃതി സൗന്ദര്യത്തിൽ കുളിച്ചുനിൽക്കുന്ന രാമക്കൽമേടിന് പ്രത്യേകതകൾ ഏറെയാണ്. രാമക്കൽമേടിന്റെ ഉച്ചിയിൽ എത്തിയാൽ തമിഴ്നാടിന്റെ സൗന്ദര്യം കാണാം. രാമക്കൽമേട്ടിൽ നിന്ന് നോക്കിയാൽ കാണുന്ന തമിഴ്‌നാട്ടിലെ ചുവന്ന മണ്ണും ,കൃഷിയിടങ്ങളും, കാട്ടുപാതയുമെല്ലാം പ്രകൃതി കനിഞ്ഞു നൽകിയ സുന്ദര ദൃശ്യങ്ങളാണ്.
കേരളത്തിലെ ഇടുക്കി ജില്ലയിലാണ് പ്രധാന ട്യൂറിസ്റ്റ് കേന്ദ്രമായ രാമക്കൽമേട് സ്ഥിതി ചെയുന്നത്. കേരളം തമിഴ്‌നാട് അതിർത്തിയിലാണ് ഈ രാമക്കൽമേട്. ഇന്ത്യയിലേറ്റവും അധികം കാറ്റ് വീശുന്ന സ്ഥലം കൂടിയാണിത്. ഒരു മണിക്കൂറിൽ 32 .5 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ് പലപ്പോഴും 100 കിലോമീറ്റർ വേഗതയിൽ വരെ എത്താറുണ്ട്. കാറ്റാടി ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കേരളത്തിലെ രണ്ടാമത്തെ സ്ഥലംകൂടിയാണ് രാമക്കൽമേട്. അതിനാൽ തന്നെ ഇവിടെ എത്തുന്ന യാത്രികർക്ക് കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന വിൻഡ് മിൽ ഫാമിന്റെ മനോഹാര്യതയും ആസ്വദിക്കാം.
ധാരാളം ഐതിഹ്യങ്ങൾ ഉറങ്ങിക്കിടക്കുന്ന സ്ഥലം കൂടിയാണിത്, അതിലൊന്ന് സീതയെ അന്വേഷിച്ച് ശ്രീലങ്കയ്ക്കുള്ള യാത്രാമധ്യേ ശ്രീരാമൻ ഈ മേടിൽ ഇറങ്ങിയെന്നാണ്. അങ്ങനെ ശ്രീരാമന്റെ പാദങ്ങൾ പതിഞ്ഞതിനാലാണ് ഈ സ്ഥലത്തിന് രാമക്കൽമേട് എന്ന പേര് വന്നത്. മാത്രമല്ല ഇവിടെയൊരു കല്ലിന്മേൽ മറ്റൊരു കല്ല് കയറ്റിവെച്ചതുപ്പോലെയൊരു പാറയുണ്ട്. ആഞ്ഞൊന്ന് തള്ളിയാൽ താഴേക്ക് പതിക്കും എന്ന തോന്നുന്ന വിധമുള്ള ആ പാറയെ ‘കല്ലുമ്മേൽ കല്ല്’ എന്നാണ് വിളിക്കുന്നത്. ഈ കല്ലിനുപിന്നിലും രസകരമായ ഐതിഹ്യമുണ്ട്.
നിലക്കാത്ത കാറ്റിനൊപ്പമുള്ള കോടയും രാമക്കൽമേടിന്റെ മാറ്റ് കൂടുന്നു. വർഷങ്ങൾക്കു മുൻപു നിർമ്മിച്ച കുറവൻ, കുറവത്തി പ്രതിമകളും ഇവിടുത്തെ മറ്റൊരു ആകർഷണം കൂടിയാണ്. കേരളത്തിലെ ഏറ്റവും വലിയ ട്വിൻ സ്റ്റാച്യു എന്ന ബഹുമതിയും ഈ ശില്പത്തിനുണ്ട്. തമിഴ്‌നാട് അതിര്‍ത്തിയില്‍ കമ്പം താഴ്‌വരയെ നോക്കി നില്‍ക്കുന്ന വലിയൊരു പാറക്കെട്ടാണ് യഥാര്‍ത്ഥത്തില്‍ രാമക്കല്‍മേട്.
സെപ്റ്റംബർ മുതൽ മെയ് വരെയാണ് രാമക്കൽമേട് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സീസൺ. മഴക്കാലം ഒഴിവാക്കാം. വ്യത്യസ്തമായ യാത്രകൾ ആഗ്രഹിക്കുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് ഇടുക്കി ജില്ലയിലെ രാമക്കൽമേട്.
STORY HIGHLIGHT: Ramakkalmedu