ഒരു വളവുമിടാതെ നമ്മുടെ പറമ്പിൽ ധാരാളം കായ്ക്കുന്ന ഒരു മഹാ ഔഷധമാണ് കപ്പളങ്ങ, കറമൂസ, ഓമക്ക എന്നെല്ലാം പല ദേശങ്ങളിൽ വിളിപ്പേരുള്ള പപ്പായ. അരോഗ്യപ്രദമായ രാസവസ്തുക്കളുടെ കലവറയാണ് പപ്പായമരം. പപ്പായയുടെ ഇല, തണ്ട്, കായ ഏതെടുത്താലും മനുഷ്യന് ഉപകാരം മാത്രമേയുള്ളൂ.
പപൈൻ എന്ന പ്രോട്ടിയസ് എൻസൈമിനാൽ സമൃദ്ധമാണ് പച്ച പപ്പായ. പഴുക്കുമ്പോൾ പപൈനിനു രാസമാറ്റം സംഭവിച്ച് ഇല്ലാതാക്കുന്നു. ദഹനപ്രശ്നങ്ങൾക്കു പരിഹാരമായി പപ്പൈൻ അടങ്ങിയ ഔഷധങ്ങൾ ഉപയോഗിക്കാറുണ്ട്. പച്ചക്കയായിൽ കാണപ്പെടുന്ന വെള്ളനിറത്തിലുള്ള കറയിലാണ് പപ്പൈൻ കൂടുതലായി കാണപ്പെടുന്നത്.
ഫോളിക് ആസിഡുകൾ, ആൽക്കലോയിഡുകൾ, ഗ്ലൈക്കോസ്റ്റൈഡുകൾ, വൈറ്റമിൻ സി, വൈറ്റമിൻ എ, ഇരുമ്പ്, കാൽസ്യം, തയാമിൻ, നിയാസിൻ, പൊട്ടാസ്യം തുടങ്ങിയവ പപ്പായയിൽ ധാരാളമുണ്ട്. കരോട്ടിൻ, ബീറ്റാ കരോട്ടിൻ എന്നിവ ഉള്ളതിനാൽ അർബുദത്തെ പ്രതിരോധിക്കുവാനും പപ്പായയ്ക്ക് കഴിയും. കൂടാതെ ആന്റി ഓസിക്സിഡന്റുകളാൽ സമ്പുഷ്ടവുമാണ് പപ്പായ.
പപ്പായയുടെ ഇലയിൽ ടാനിൻ, ആന്ത്രാകുനോൺ, കാർഡിനോലൈഡ്സ്, സ്റ്റിറോയിഡുകൾ, ഗ്ലൈക്കോസൈഡുകൾ, തുടങ്ങിയവയുണ്ട്. കൂടാതെ പെക്റ്റിൻ, സിട്രിക് ആസിഡ്, മാലിക് ആസിഡ് എന്നിവയും ഉണ്ട്. നാരുകൾ അധികം അടങ്ങിയിട്ടുള്ളതിനാൽ ദഹനപ്രക്രിയയ്ക്ക് വളരെ സഹായകരമാണ് പപ്പായ. എന്നാൽ പപ്പായ അധികം കഴിക്കുന്നത് കരോട്ടീനീമിയ എന്ന രോഗത്തിന് കാരണമാകും. സൗന്ദര്യ വർധക വസ്തുവായും, രോഗമുക്തി നേടാനുള്ള ഔഷധമായും പ്രാചീന കാലം മുതൽ ഉപയോഗിച്ചു വരുന്ന ഒരു ഫലമാണ് പപ്പായ.
വളരെ അധികം ആരോഗ്യ ഗുണങ്ങൾ ഉള്ള പപ്പായക്കും പാർശ്വ ഫലങ്ങൾ ഉണ്ട്. രക്ത സമ്മർദത്തിന് മരുന്ന് കഴിക്കുന്നവർ ഒരു കാരണ വശാലും പപ്പായ അതിനൊപ്പം കഴിക്കരുത്. കാരണം രക്ത സമ്മർദം ക്രമാതീതമായി കുറച്ചു ആരോഗ്യത്തിനെ സാരമായി ബാധിച്ച് മരണം വരെ സംഭവിക്കാവുന്ന ഒരു അവസ്ഥ ഉണ്ടാകും.
story highlight: papaya