അന്നും ഇന്നും എന്നും എല്ലാവരും നല്ല ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവരാണ്. അത് രുചികരമായിരിക്കുന്നതിനോടൊപ്പം തന്നെ പോഷക സമൃദ്ധവും ആരോഗ്യകരവും ആയിരിക്കണം. ഒരിക്കലും നാം പിന്തുടരുന്ന ഭക്ഷണ ക്രമത്തിലൂടെ ജീവിതശൈലി രോഗങ്ങളായ അമിതവണ്ണം, പ്രമേഹം, മാനസിക സമ്മർദ്ദം, ഹൃദ്രോഗം എന്നിവയിലേക്ക് നയിക്കുന്നവയും ആകരുത്. ഇതിനെല്ലാം പ്രധാനകാരണമായി പറയുന്നത് ചിട്ടയില്ലാത്ത ഭക്ഷണക്രമവും വ്യായാമ കുറവുമാണ്.
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒഴിച്ചുനിർത്താൻ സാധിക്കാത്ത ഒരു ഘടകമാണ് ആഹാരം. നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണം സമീകൃതാഹാരമാണോ എന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ? ശരീരത്തിന് വേണ്ട എല്ലാ പോഷക ഘടകങ്ങളും ആവശ്യമായ അളവിൽ അടങ്ങിയിരിക്കുന്ന ആഹാരമാണ് സമീകൃതാഹാരം. ശരീരത്തിന്റെ സാധാരണ വളർച്ചയ്ക്ക് ആവശ്യമായ ധാന്യകം, കൊഴുപ്പ്, ധാതുക്കൾ, വൈറ്റമിനുകൾ, കാർബോഹൈഡ്രേറ്റ്, മാംസ്യം എന്നിവ അടങ്ങിയ ആഹാരത്തെയാണ് സമീകൃതാഹാരം എന്ന് വിശേഷിപ്പിക്കുന്നത്. ഇതിനുപുറമെ ഈ ആഹാരക്രമത്തിൽ നാരുകളും വെള്ളവും ഉൾപ്പെടുത്തണം.
കുട്ടികൾ വളരെ വേഗം വളരുന്ന കൂട്ടത്തിലാണ്, അതുകൊണ്ട് തന്നെ സമീകൃതാഹാരം ഏറ്റവും കൂടുതൽ ആവശ്യമുള്ളത് കുട്ടികൾക്ക് തന്നെയാണ്. കുട്ടികളുടെ ആഹാരക്രമത്തിൽ കൂടുതൽ മാംസ്യം ഉൾപ്പെടുത്തുന്നത് അവരുടെ വളർച്ചയെ സഹായിക്കും. നമ്മുടെ അവയവങ്ങൾക്കും ശരിയായ പ്രവർത്തനം ആവശ്യമായതിനാൽ സമീകൃതാഹാരവും അത്രയധികം പ്രാധാന്യം അർഹിക്കുന്നു. നല്ല പോഷകാഹാരം ഇല്ലെങ്കിൽ ശരീരത്തിൽ അണുബാധ, രോഗം, ക്ഷീണം എന്നിവ കൂടുതലായി കാണും.
സമീകൃതാഹാര രീതി പാലിക്കുന്നതിലൂടെ അമിതഭാരമുള്ളവരില്‍ ശരീരഭാരം നിയന്ത്രിക്കാനും, അധിക കലോറികളില്ലാതെ വിശപ്പിനെ നിയന്ത്രിക്കുന്നതിനും, ഉയര്‍ന്ന കലോറി ഉള്ള ഭക്ഷണങ്ങള്‍ ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കാനുമുള്ള ഊര്‍ജ്ജം തരുകയും, പ്രതിരോധശേഷി വളർത്തുന്നതിനായി വിറ്റാമിൻ എ, സി, ഇ, സെലിനിയം, പൊട്ടാസ്യം തുടങ്ങിയവയാൽ സമ്പന്നമായ ഭക്ഷണം ശീലിക്കുന്നതിലൂടെ മികച്ച ആരോഗ്യം വീണ്ടെടുക്കാനും കൂടാതെ; മത്സ്യം, മാംസം, ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ അടങ്ങിയ സമീകൃതാഹാരം മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
ഇലക്കറികള്‍, അന്നജം അടങ്ങിയ പച്ചക്കറികള്‍, ബീന്‍സ്, കടല തുടങ്ങിയ പയറുവര്‍ഗ്ഗങ്ങള്‍, ചുവപ്പ്, ഓറഞ്ച് നിറത്തിലുള്ള പച്ചക്കറികള്‍, വഴുതന പോലെയുള്ള പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, ക്വിനോവ, ഓട്‌സ്, തവിട്ട് അരി, ബാര്‍ലി, ലീന്‍ മീറ്റ്, പന്നിയിറച്ചി, ചിക്കന്‍, മത്സ്യം, ബീന്‍സ്, കടല, പയര്‍വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ പ്രോട്ടീന്‍ ഭക്ഷണങ്ങള്‍, കൊഴുപ്പ് കുറഞ്ഞ പാല്‍, തൈര്, കോട്ടേജ് ചീസ്, സോയ പാല്‍ തുടങ്ങിയ പാലുല്‍പ്പന്നങ്ങള്‍. എന്നിവ പ്രത്യേക അളവിൽ കഴിക്കണം. സമീകൃതാഹാരം നിലനിർത്തുക എന്നതിനർത്ഥം നാം കഴിക്കുന്ന ഭക്ഷണങ്ങളും നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യവും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധം മികച്ചതായി നിലനിർത്തുക എന്നതാണ്.