കേരള രാഷ്ട്രീയത്തില്‍ ഇതുവരെ കാണാത്ത ഒരു സാഹചര്യം ഉരുത്തിരിയുകയാണ്. ഇടതു സ്വതന്ത്രര്‍ എന്ന ലേബലില്‍ എത്തിയവരുടെ ഏകീകരണമാണത്. പി.വി അന്‍വര്‍ എം.എല്‍.എ, കെ.ടി. ജലീല്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ കാരാട്ട് റസാഖ് എന്നിവരാണവര്‍. കാരാട്ട് റസാഖ് തുടങ്ങിവെച്ച ഇടതുപക്ഷ സര്‍ക്കാരിനെതിരായുള്ള നീക്കങ്ങള്‍ക്ക് അടിവരയിട്ടു കൊണ്ടാണ് പി.വി അന്‍വറിന്റെ തുറുപ്പുചീട്ടിറക്കിയുള്ള പോരാട്ടം. പോലീസിനെയും അതുവഴി സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും കണക്കിന് പ്രഹരിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് കെ.ടി. ജലീലിന്റെ പോരാട്ട പ്രഖ്യാപനം വന്നിരിക്കുന്നത്. ഇനി ഒരു മത്സരത്തിനോ, സ്ഥാനമാനങ്ങള്‍ക്കോ ഇല്ലെന്നും, പകരം ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള യുദ്ധം ആംഭിക്കുകയാണെന്നുമാണ് കെ.ടി. ജലീലിന്റെ പ്രഖ്യാപനം.
ഇതേ രീതിയില്‍ തന്നെയാണ് കാരാട്ട് റസാഖിന്റെ നിലപാട്. ഈ ഇടത് സ്വതന്ത്രര്‍ എടുക്കുന്ന നിലപാടിനോട് സി.പി.എമ്മിന് അനുകൂല തീരുമാനമുണ്ടാകാന്‍ വഴിയില്ല. ഇടതുസര്‍ക്കാര്‍ ഭരണത്തില്‍ ഉദ്യോഗസ്ഥരുടെ കുറ്റങ്ങള്‍ വിളിച്ചു പറയുമ്പോള്‍ അത്, ഇടതു സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കാണ് കോട്ടം തട്ടുന്നത്. അല്ലാതെ തെറ്റ് കണ്ടുപിടിച്ച് വിളിച്ചു പറയുന്നവന് ക്രെഡിറ്റ് കിട്ടില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷത്തെ സ്വതന്ത്രര്‍ സര്‍ക്കാരിനെതിരേ പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. കെ.ടി. ജലീല്‍ ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്നതാണ്. അദ്ദേഹത്തിന്റെ പ്രഖ്യാപനം ഇങ്ങനെയാണ്.
‘ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. അവസാന ശ്വാസം വരെ സി.പി.എം സഹയാത്രികനായി തുടരുമെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ ജലീല്‍ വ്യക്തമാക്കി. സി.പി.എം നല്‍കിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ലെന്നും ജലീല്‍ കുറിച്ചിട്ടുണ്ട്. ഇനി ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകും’എന്നാണ് എം.എല്‍.എയുടെ പ്രഖ്യാപനം. സി.പി.എമ്മിന് വലിയ സ്വാധീനമില്ലാതിരുന്ന മലപ്പുറം ജില്ലയില്‍ പല മണ്ഡലങ്ങളും ചുവന്നത് ഇത്തരം സഹയാത്രികരിലൂടെയായിരുന്നു. കെ.ടി ജലീല്‍, പി.വി അന്‍വര്‍, വി. അബ്ദുറഹ്‌മാന്‍, കാരാട്ട് റസാഖ് എന്നിവരായിരുന്നു ഈ സഹയാത്രികരില്‍ പ്രമുഖര്‍. ഇതില്‍ മന്ത്രിയായ അബ്ദുറഹ്‌മാന്‍ സി.പി.എമ്മില്‍ അംഗത്വമെടുത്തിട്ടുണ്ട്.
മറ്റുള്ളവരെല്ലാം ഇപ്പോഴും ഇടത് സഹയാത്രികരായി തന്നെ മുന്നോട്ടു പോവുകയാണ്. പ്രതിപക്ഷം പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് പി.വി അന്‍വറും കാരാട്ട് റസാഖും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാറിന് സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് പി. ശശി സഹായം നല്‍കിയെന്ന് ആരോപണം അതീവ ഗുരുതരമാണ്. ശശിക്കെതിരായ ആരോപണമായി ഉന്നയിക്കുന്നതെങ്കിലും പ്രതികൂട്ടിലാകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. പി. ശശിയേയും എ.ഡി.ജി.പിയേയും ആരോപണ നിഴലിലാക്കുക മാത്രമാണോ ഈ ഇടത് സഹയാത്രികരുടെ പടനീക്കം എന്നതില്‍ ചര്‍ച്ച നടക്കുകയാണ്. ഇതിനു പിന്നില്‍ മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടോയെന്നും സി.പി.എം സംശയിക്കുന്നണ്ട്.
നിലവിലെ ഇടതു രാഷ്ട്രീയത്തില്‍ നടക്കുന്ന ഉള്‍പാര്‍ട്ടീ പോരും സര്‍ക്കാരിനുള്ളിലെ പടലപ്പിണക്കങ്ങളും ഇടതുപക്ഷത്തെ സ്വതന്ത്രരുമെല്ലാം ഇതില്‍ പങ്കാളികളായിരിക്കുകയാണ്. സര്‍വ്വശക്തനായ മുഖ്യമന്ത്രി പിണറായി വിജയനാണ് എല്ലാവര്‍ക്കും ഒരേ സമയം എതിരാളിയും സംരക്ഷകനും. അദ്ദേഹത്തിന്റെ അഭിപ്രായത്തിന് അനുസരിച്ച് നീങ്ങുന്ന പായ്ക്കപ്പല്‍പോലെ സി.പി.എം സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ആകെയുണ്ടായിരുന്ന ഒരേയൊരു എതിര്‍ ശബ്ദം വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദനായിരുന്നു. അദ്ദേഹം സജീവ പാര്‍ട്ടി പ്രവര്‍ത്തനം വിട്ടതിനു ശേഷം പിണറായി വിജയന് പാര്‍ട്ടിയില്‍ എതിരാളികള്‍ ഇല്ലാതായെന്നതും വസ്തുതയാണ്.
എന്നാല്‍, പാര്‍ട്ടിയിലെ എല്ലാ തട്ടിലും എത്തുകയും, കേരളത്തിന്റെ മുഖ്യമന്ത്രി പദം രണ്ടുതവണ അലങ്കരിക്കുകയും ചെയ്തിട്ടും, മറ്റൊരാള്‍ക്കും ശബ്ദമില്ലെന്ന സ്ഥിതി തുടര്‍ന്നതോടെ പാര്‍ട്ടിക്കുള്ളില്‍ പല ചേരികള്‍ രൂപപ്പെടാന്‍ തുടങ്ങി. പരസ്യമായി എതിര്‍ക്കാന്‍ പാങ്ങില്ലാത്തവര്‍ രഹസ്യമായും, പരോക്ഷമായുമൊക്കെ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ ശ്രമിച്ചു. സംഘമായും, പഴയ വിഭാഗീയതയെ സജാവമാക്കാന്‍ ശ്രമിച്ചുമൊക്കെ കാര്യങ്ങള്‍ നീക്കി. എന്നാല്‍, അവിടെയെല്ലാം കൃത്യമായി ഇടപെട്ട് മുഖ്യമന്ത്രി തടയിട്ടാണ് മുന്നോട്ടു പോകുന്നത്. ഇതിനിടെ ന്യൂനപക്ഷങ്ങളെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ടുള്ള രാഷ്ട്രീയ അടവിനും മുഖ്യമന്ത്രി മുന്‍കൈയെടുത്തു. പലരീതികളും പയറ്റി. അതിനു വേണ്ടി ശ്രമിച്ചതിന്റെ ഭാഗമാണ് പി.എ മുഹമ്മദ് റിയാസ് മരുമകനായതും മന്ത്രിപദത്തില്‍ എത്തിയതെന്ന ആക്ഷേപം പ്രതിപക്ഷവും ഇടതുപാര്‍ട്ടീ പ്രവര്‍ത്തകരും ഉന്നയിക്കുന്നുണ്ട്.
പക്ഷെ അതെല്ലാം ഒരു നോട്ടത്തിലോ, ഒരു വാക്കിലോ അതുമല്ലെങ്കില്‍ ഒരു തീരുമാനിത്തിലൂടെയോ ഇല്ലാതാക്കിക്കൊണ്ട് മുന്നോട്ടു പോവുകയാണ് മുഖ്യമന്ത്രി. ഇതിനെ പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് ചോദ്യം ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇടതു സ്വതന്ത്രര്‍ മുഖ്യമന്ത്രിയുടെ വകുപ്പിലെ പ്രശ്‌നങ്ങള്‍ ഉര്‍ത്തിക്കാട്ടി വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. അന്‍വറിന്റെ പരാതിക്കു മുമ്പില്‍ പോലീസും ആഭ്യന്തര വകുപ്പും വിയര്‍ത്തു നില്‍ക്കുകയാണ്. ഇതിനു പിന്നാലെ കെ.ടി. ജലീലിന്റെ വെല്ലുവിളിയും മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കുന്നതാണ്. ജലീല്‍ അടുത്ത് എന്തു നീക്കം നടത്തുമെന്നത് കണ്ടു തന്നെ അറിയേണ്ടതുണ്ട്.
ഇടതു സര്‍ക്കാരിന്റെ ഭരണത്തില്‍ ജനങ്ങള്‍ വല്ലാതെ മടുത്തിരിക്കുന്നുവെന്ന സത്യം മറച്ചു വെയ്ക്കാനാവില്ല എന്നതാണ് വസ്തുത. ക്ഷേമ പെന്‍ഷന്‍ വിതണത്തിലെ അലംഭാവം തൊട്ട് വിലക്കയറ്റം വരെയുള്ള പ്രശ്‌നങ്ങളും, കേന്ദ്ര സര്‍ക്കാരുമായി മുഖ്യമന്ത്രിയുടെ സന്ധി ചെയ്യലും, തൃശൂരില്‍ സുരേഷ്‌ഗോപിയുടെ ജയത്തില്‍ സി.പി.എമ്മിന്റെ പങ്കുമെല്ലാം മലപ്പുറത്തെ സ്വതന്ത്രരെ സ്വതന്ത്രമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. സ്വതന്ത്രരുടെ ചിന്തകളെ തടയിടാന്‍ സി.പി.എമ്മിനാകില്ല എന്നതാണ് സ്വതന്ത്രരെ സംബന്ധിച്ചുള്ള സ്വാതന്ത്ര്യം. തെരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷയുള്ള സ്ഥാനാര്‍ത്ഥിയാണോ എന്നല്ലാതെ മറ്റൊന്നും നോക്കാതെയാണ് സി.പി.എം സ്വതന്ത്രരെ കണ്ടെത്തുന്നത്. അതിന് ഉദാഹരണമാണ് പി.വി ശ്രീനിജന്റെ സ്ഥാനാര്‍ത്ഥിത്വം.
മലപ്പുറം ചുവപ്പിക്കാന്‍ സി.പി.എമ്മനെ സഹായിച്ച അന്‍വറും ജലീലും റസാഖും ഇപ്പോള്‍ എടുക്കുന്ന നിലപാടുകള്‍ ഇടതു സര്‍ക്കാരിന്റെ അവസാന കാലം ആയതു കൊണ്ടാണോ എന്നതും സംശയമുണ്ട്. ന്യൂനപക്ഷങ്ങളുടെ ഏകീകരണമെന്ന നിലയിലും, രാഷ്ട്രീയ മാറ്റത്തിനുള്ള നീക്കമായുമൊക്കെ ഇതിനെ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. എന്നാല്‍, ആത്യന്തികമായ തീരുമാനം ഈ ത്രിമൂര്‍ത്തികളുടേതാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി ഇതിന്റെ സത്യാവസ്ഥ പുറത്തു വരുമെന്നുറപ്പാണ്.
CONTENT HIGHLIGHTS; P.V. Anwar and K.T. Jalil and Karat Razzaq united: Triumvirate intent on minority bargaining?