പ്രമേഹ രോഗികളിൽ പാദ പരിചരണം അനിവാര്യമാണ്. ദീർഘ നാളത്തെ നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹം ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുന്നതു പോലെ പാദങ്ങളെയും ബാധിക്കുന്നു. ആയതിനാൽ പാദത്തിന്റെ സ്ഥിരമായ നിരീക്ഷണം പ്രമേഹരോഗികൾക്ക് അത്യന്തം നിർണായകമാണ്. പ്രമേഹ രോഗികളുടെ പാദങ്ങളിൽ പലവിധ പ്രശ്നങ്ങളും ഉണ്ടാകുന്നു. ഹൃദയാഘാതം, പക്ഷാഘാതം, അന്ധത, വൃക്കരോഗം എന്നിവയേക്കാൾ ഇരട്ടിയാണ് പാദങ്ങൾക്ക് സ്പർശനശേഷി കുറയ്ക്കുന്ന അവസ്ഥ. അതായത് ന്യുറോപ്പതി, കാലുകളിലേക്കുള്ള രക്തയോട്ടക്കുറവ്, വൃണങ്ങൾ പോലെയുള്ള ചെറിയ മുറിവ്, അടിക്കടി ഉണ്ടാകുന്ന അണുബാധ തുടങ്ങിയവ മൂലം ചിലപ്പോഴെങ്കിലും പാദരോഗം മൂർച്ചിക്കുന്നതിനും കാലുകൾ മുറിച്ചു മാറ്റേണ്ട അവസ്ഥ വരെ സംജാതമാകുന്നു.
മോണൊഫിലമെന്റ് പരിശോധന
പാദങ്ങളിലെ പ്രഷർ പോയിന്റുകളിൽ മോണൊഫിലമെന്റിന്റെ അഗ്രം ചെറിയ സമ്മർദം കൊടുക്കുന്നു. ഇത് സ്പർശനം അറിയാൻ രോഗിക്ക് സാധിക്കുന്നുണ്ടൊയെന്ന് നോക്കുന്നു.
ബയൊതെസിയോമീറ്റർ
വൈബ്രെഷർ സെൻസ് മനസ്സിലാക്കാൻ ഈ ഉപകരണം സഹായിക്കുന്നു. 0-50 വാൾട്ട് വൈബ്രേഷൻ വർധിപ്പിക്കാൻ ഈ ഉപകരണത്തിന് കഴിയും. വോൾട്ടിനുള്ളിൽ രോഗിക്ക് വൈബ്രേഷൻ കിട്ടിയാൽ നോർമൽ ആണ്. > 15 ആണെങ്കിൽ ചെറിയതോതിൽ ന്യൂറോപ്പതി ആരംഭിച്ചു എന്ന മനസിലാക്കാം. >25 ആണെങ്കിൽ ന്യൂറോപ്പതി ചികിത്സ അർഹിക്കുന്നു.
ഡോപ്ലർ പരിശോധന
കാലുകളിലേക്കുള്ള രക്തയോട്ടത്തിന്റെ തോത് ശരിയാണോ എന്നറിയാൻഈ ഉപകരണം സഹായിക്കുന്നു. നടക്കുമ്പോൾ കാലിന്റെ കണ്ണയ്ക്കുള്ള കഴപ്പ്, വേദന, അൽപ്പം നിൽക്കുമ്പോൾ മാറുന്ന അവസ്ഥ ഈ പ്രശ്നത്തിന്റെ സൂചനയാവാം. പരിശോധിച്ച് ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകളും മറ്റുംകൊണ്ട് ഗണ്യമായ ഗുണമുണ്ടാകും.
വൈബ്രേഷൻ പെർസെപ്ഷൻ ടെസ്റ്റ്
ടൂണീംഗ് ഫോക്ക് എന്ന ഉപകരണം ഉപയോഗിച്ചാണ് ഈ പരിശോധന നടത്തുന്നത്. ഇത് ചെയ്യുന്നതുമൂലം രോഗിയുടെ പാദങ്ങളിലെ പ്രഷർ പോയിന്റുകളിൽ വൈബ്രേഷൻ അനുഭവപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നു. ന്യൂറോപ്പതി ഉണ്ടെങ്കിൽ അതിന്റെ അളവ് നിർണ്ണയിക്കുന്നതിനും ചികിത്സിക്കുന്നതിനും സഹായകമാണ്.
പാദ സംരക്ഷണത്തിൽ പ്രമേഹികൾ ശ്രദ്ധിക്കേണ്ട വസ്തുതകൾ :
- പാദങ്ങൾ മിതോഷ്ണമുള്ള ജലവും സോപ്പും കൊണ്ട് ദിവസേന കഴുകുക.
- പാദം നന്നായി ഉണക്കുക, പ്രത്യേകിച്ചും കാൽ വിരലുകൾക്കിടയിലുള്ള ഭാഗം.
- മോയിസ്‌ചറൈസിംഗ് ലോഷൻ കൊണ്ട് ചർമ്മം മയപ്പെടുത്തുക, എന്നാൽ കാൽ വിരലുകൾക്ക് ഇടയിൽ പുരട്ടരുത്.
- കാലിൽ കുമിളകൾ, മുറിവുകൾ, പോറലുകൾ, നീര്, ചുവന്ന നിറം എന്നിവയുണ്ടോ എന്ന് പരിശോധിക്കുക. എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ ഉടൻതന്നെ ഡോക്ടറിനെ സമീപിക്കുക.
- കാൽ വിരൽ നഖങ്ങളും വിരലറ്റങ്ങളും ഷേപ്പ് ചെയ്യാൻ നെയിൽ കട്ടർ ഉപയോഗിക്കുക.
- വൃത്തിയുള്ള, മൃദുവായ,വളരെ വലുതോ ചെറുതോ അല്ലാത്ത സോക്സ് അല്ലെങ്കിൽ സ്റ്റോക്കിഗ്സ് ദിവസവും മാറി ഉപയോഗിക്കുക.
- വീടിനുള്ളിലും പുറത്തും നഗ്നപാദരായി ഒരിക്കലും നടക്കരുത്.
പാദരക്ഷകൾ
പ്രമേഹ രോഗികളെ സംബന്ധിച്ചിടത്തോളം പാദസംരക്ഷണത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് പാദരക്ഷകൾ. വീടിനകത്തും പുറത്തും ഒരുപോലെ പാദരക്ഷകൾ ഉപയോഗിക്കണം.കാൽ വിരലുകൾക്ക് പരമാവധി വലുപ്പം അനുഭവപ്പെടുന്ന സമയത്ത് മാത്രമേ പാദരക്ഷകൾ വാങ്ങാവൂ. മുൻഭാഗം വിസ്തൃതമായതും പുറകുവശം മൂടിയതും പുറകിൽ വള്ളിയുള്ളതുമായ ചെരുപ്പുകൾ തിരഞ്ഞെടുക്കുക.
കേരളത്തിൽ നടത്തിയ പഠനങ്ങളിൽ പ്രമേഹരോഗികളിൽ 40% പേരിലും പെരിഫറൽ ന്യൂറോപ്പതി കണ്ടുപിടിച്ചതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ, നമ്മുടെ ശരീരഭാരത്തെ വഹിച്ചുകൊണ്ട് മൈലുകൾ താണ്ടുന്ന പാദങ്ങൾക്ക് രോഗസാധ്യത കൂടുതലാണ്. അതുകൊണ്ട് പ്രമേഹരോഗികൾ പാദത്തിലെ ക്രമക്കേടുകൾ മനസ്സിലാക്കി അനുയോജ്യമായ പരിരക്ഷ ചെയ്യുന്നെങ്കിൽ മാത്രമേ കൂടുതൽ സങ്കീർണ്ണതകൾ തടയുവാൻ സാധിക്കുകയുള്ളു.
STORY HIGHLIGHT: Diabetic foot problem