ലോകത്താകമാനമുള്ള കന്നുകാലികളിൽ 10 ശതമാനത്തോളം എരുമകളാണ്. അതുപോലെ ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന പാലിൽ 6% സംഭാവന ചെയ്യുന്നതും എരുമകളാണ്. ഏത് കാലാവസ്ഥയിലും ജീവിക്കാനുള്ള കഴിവ്, ഇറച്ചിയിലെ കുറഞ്ഞ അളവിലുള്ള കൊളസ്‌ട്രോൾ, കുറഞ്ഞ സംരക്ഷണ മുറകൾ, കൂടിയ രോഗപ്രതിരോധശക്തി എന്നിവ എരുമ വളർത്തലിന്റെ മേന്മകളാണ്.
എരുമകളെ മൂന്ന് രീതിയിൽ വളർത്താം. ഒന്ന് തൊഴുത്തിൽ പാർപ്പിച്ച് തീറ്റ നൽകുന്ന രീതി. മറ്റൊന്ന് പകൽ സമയം മേയാൻ വിടുകയും രാത്രി കാലങ്ങളിൽ പാർപ്പിക്കുകയും ചെയ്യുന്ന രീതി, അവസാനമായി പൂർണമായും മേയാൻ വിടുന്ന സമ്പ്രദായം. ദിവസേന 3 മുതൽ 6 മണിക്കൂർ നേരം വരെ മേയാൻ വേണ്ടി അഴിച്ചു വിടാറുണ്ട്. ചില സന്ദർഭങ്ങളിൽ എരുമകളെ വെള്ളത്തിലും വിടാറുണ്ട്. ഇത് വാലോയിങ് എന്ന പേരിലറിയപ്പെടുന്നു.
ഇവയുടെ കട്ടിയുള്ള കറുത്ത പുറന്തൊലി വേനൽക്കാലത്തെ ഉത്പാദനതിനെ പ്രതികൂലമായി ബാധിക്കാറുണ്ട്. അതിനാൽ തന്നെ ഇവയുടെ വേനൽക്കാല പരിചരണത്തിന് കൂടുതൽ ഊന്നൽ നൽകണം. പശുവളർത്തലിനെ അപേക്ഷിച്ച് എരുമകൾക്ക് കുറഞ്ഞ ചിലവിൽ തൊഴുത്ത് നിർമ്മിക്കാം. ഒരു ടാർപോളിൻ ഷീറ്റ് വലിച്ചു കെട്ടി അതിലും എരുമകളെ വളർത്താനാവുന്നതാണ്. പിണ്ണാക്ക്, തവിട്, സമീകൃത കാലിത്തീറ്റ എന്നിവ എരുമകൾക്ക് നൽകി വരുന്നു. വേനൽക്കാലത്ത് പോഷകന്യൂനത പരിഹരിക്കാൻ വിറ്റാമിൻ-എ അടങ്ങിയ മീനെണ്ണ, വിറ്റാമിൻ – ധാതുലവണ മിശ്രിതം, പച്ചപ്പുല്ല് എന്നിവ തീറ്റയിൽ ഉൾപ്പെടുത്തണം.
സാധാരണക്കാരന് വളരെ ചെലവ് കുറഞ്ഞ രീതിയിൽ വളർത്താനാവുന്നതാണ് എരുമകൾ. ഇവയുടെ മാംസത്തിന്റെ ഉപയോഗം കൂടുതലായതുകൊണ്ടു ആ നിലയിലുള്ള വരുമാനവും ലഭിക്കും. എരുമ വളർത്തലിനെപ്പറ്റിയുള്ള കൃത്യമായ മാർഗ്ഗനിർദേശങ്ങൾ കർഷകർക്ക് നൽകുകയാണെങ്കിൽ നാലൊരു കന്നുകാലിസമ്പത്തു ഉണ്ടാക്കാനും അതുവഴി നല്ല വരുമാനം നേടാനും കഴിയും.
STORY HIGHLIGHT : Buffalo