Travel

ആറു നൂറ്റാണ്ടിന്റെ സമ്പന്ന പാരമ്പര്യം; ജപ്പാനിലെ വിവാഹ മോചിതരുടെ ക്ഷേത്രം | Tokeiji Temple, also known as the Divorce Temple, is a Buddhist temple in Kamakura, Japan

ടൊകെയ് ജി ക്ഷേത്രത്തിലെത്തുന്നവരെ കല്ലുപാകിയ വഴിയാണ് ആദ്യം സ്വാഗതം ചെയ്യുക

വിവാഹത്തിനു പറ്റിയ ക്ഷേത്രങ്ങളെക്കുറിച്ച് കേട്ടിരിക്കും. എന്നാല്‍ വിവാഹ മോചിതരുടെ ക്ഷേത്രങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെയൊരു ക്ഷേത്രമുണ്ട്, അങ്ങു ജപ്പാനില്‍. ആറു നൂറ്റാണ്ടിന്റെ സമ്പന്നമായ പാരമ്പര്യമുള്ള ഈ ക്ഷേത്രം ആ നാടിന്റെ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമായാണ് ഇന്നത് അറിയപ്പെടുന്നുണ്ട്. ടൊകെയ് ജി ക്ഷേത്രത്തിലെത്തുന്നവരെ കല്ലുപാകിയ വഴിയാണ് ആദ്യം സ്വാഗതം ചെയ്യുക. ഇത് ചെന്നെത്തുന്നത് പ്രധാന വാതിലായ സന്‍മണ്‍ ഗേറ്റിലേക്കാണ്. ചെറി മരങ്ങളുടെ തോട്ടങ്ങള്‍ക്കു നടുവിലാണ് ഈ മനോഹര ക്ഷേത്രമുള്ളത്. ഇവിടുത്തെ കെട്ടിട നിര്‍മാണത്തില്‍ സെന്‍ ശൈലിയുടെ സ്വാധീനം കാണാനാവും. ഇന്ന് ഒരു വിവാഹ മോചിത പോലും ഈ പൗരാണിക ബുദ്ധ ക്ഷേത്രത്തിലില്ല.

പോയകാലത്തിലെ ചില യാഥാര്‍ഥ്യങ്ങളെ ഓര്‍മപ്പെടുത്താന്‍ പറ്റിയ ചരിത്ര നിര്‍മിതിയായി ഇന്നും ജപ്പാനിലെ വിവാഹമോചിതരുടെ ക്ഷേത്രം നില്‍ക്കുന്നു. ജപ്പാനിലെ കനഗാവ പ്രവിശ്യയിലെ കമാകുറയിലാണു മറ്റ്‌ സുഗാവോക ടൊകെയ് ജി എന്ന ക്ഷേത്രമുള്ളത്. 1285ല്‍ ബുദ്ധ സന്യാസിനിയായ കകുസന്‍ ഷിഡോ നിയാണ് ഈ ബുദ്ധ ക്ഷേത്രം സ്ഥാപിക്കുന്നത്. ആദ്യകാലത്ത് സ്ത്രീകള്‍ക്ക് വേണ്ട ആത്മീയ നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു ഈ ബുദ്ധ ആരാധനാലയത്തിന്റെ ലക്ഷ്യം. എന്നാല്‍ പിന്നീട് മോശം വിവാഹ ബന്ധങ്ങളില്‍ പെട്ടുപോയ സ്ത്രീകളുടെ അഭയസ്ഥാനമെന്ന നിലയില്‍ പ്രസിദ്ധമാകുകയായിരുന്നു. അക്കാലത്ത് ജപ്പാനില്‍ സ്ത്രീകള്‍ക്ക് വിവാഹമോചനത്തിനുള്ള അവകാശമില്ലായിരുന്നു. അതുകൊണ്ടുതന്നെ ധാരാളം സ്ത്രീകള്‍ പലതരം പീ‍ഡനങ്ങള്‍ സഹിച്ചും ജീവിതം മുന്നോട്ടു നയിക്കാന്‍ നിര്‍ബന്ധിതരായി.

ഇതിനിടെ കാലഘട്ടത്തിന്റെ ആവശ്യമായി ടൊകെയ് ജി ക്ഷേത്രം അവതരിക്കുകയായിരുന്നു. ദുഷിച്ച ബന്ധങ്ങളില്‍ നിന്നും രക്ഷപ്പെട്ടെത്തുന്ന സ്ത്രീകള്‍ക്ക് അഭയവും സമാധാനവും ജീവിതമാര്‍ഗവും നല്‍കാന്‍ സാധിച്ചതോടെ ടൊകെയ് ജി വിവാഹ മോചിതരുടെ സ്വന്തം ക്ഷേത്രമായി മാറി. വിവാഹ മോചനത്തിന്റെ രേഖകള്‍ ടൊകെയ് ജി ക്ഷേത്രത്തില്‍ നിന്നു തന്നെ നല്‍കുന്ന പതിവും അക്കാലത്ത് ഉണ്ടായിരുന്നു. ഇത്തരത്തില്‍ വിവാഹ ബന്ധം വേര്‍പെടുത്തിയ സ്ത്രീകളെ സുയ്ഫുകു-ജി എന്നാണ് ജപ്പാനില്‍ അറിയപ്പെട്ടിരുന്നത്. ടൊകെയ് ജി ക്ഷേത്രത്തിലെ വിവാഹമോചന സര്‍ട്ടിഫിക്കറ്റ് സ്ത്രീകള്‍ക്ക് മോശം വിവാഹത്തില്‍ നിന്നുള്ള വിമോചന പത്രമായും മാറി.

STORY HIGHLLIGHTS: Tokeiji Temple, also known as the Divorce Temple, is a Buddhist temple in Kamakura, Japan