ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 21 സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. ജുലാനയിൽ കോൺഗ്രസ് സ്ഥാനാർഥി ഗുസ്തി താരം വിനേഷ് ഫോഗട്ടിന് എതിരായി ഗുസ്തി താരമായ കവിത ദലാൽ മത്സരിക്കും. യോഗേഷ് ബൈരാഗിയാണ് ജുലാനയിലെ ബി.ജെ.പി സ്ഥാനാർഥി.
രാജ് കൗർ ഗില്ലിനെ അംബാല കന്‍റോൺമെന്‍റ് സീറ്റിൽ നിന്നും സുനിൽ ബിന്ദാൽ കർണാലിൽ നിന്നും മത്സരിക്കും. നിശാന്ത് ആനന്ദാണ് ഗുരുഗ്രാമിൽ നിന്ന് മത്സരിക്കുക.
കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ തിങ്കളാഴ്ച ഹരിയാന തെരഞ്ഞെടുപ്പിനുള്ള 20 സ്ഥാനാർഥികളുടെ ആദ്യ പട്ടിക എ.എ.പി പുറത്തുവിട്ടു. ഇതുവരെ 61 സ്ഥാനാർഥികളെയാണ് പാർട്ടി പ്രഖ്യാപിച്ചത്.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയാണ്. 90 അംഗ ഹരിയാന നിയമസഭയിലേക്ക് ഒക്ടോബർ 5ന് വോട്ടെടുപ്പ് നടക്കും.