ഷയോക്ക് നദിക്കരയെ ലേ നഗരവുമായി ബന്ധിപ്പിക്കുന്ന ചുരമാണ് ചാംങ്ങല പാസ്.
17688 ഓളം ഉയരത്തിലാണ് ഈ പാസ്. ഈ മല മുകളിലുള്ള എല്ലാ റോഡുകളും അത്യന്തം അപകടം നിറഞ്ഞതാണ്. ചാംങ്ങ്ല ബാബയുടെ ഒരു ക്ഷേത്രം തൊട്ടടുത്തുണ്ട്. മണാലി റോഡിലൂടെ മുന്നോട്ട് പോയി ഖാറു എന്ന സ്ഥലം എത്തുന്നതിനുമുമ്പ്
ഒരു ചെറിയ റോഡിലൂടെ സഞ്ചരിക്കുമ്പോൾ വിജനമായിരുന്നു വഴികൾ . ഒരു പുൽക്കൊടിയുടെ പച്ചപ്പ് പോലുമില്ലാത്ത വരണ്ട ഇടം. അവിടെ ഒരു ജംഗ്ഷനിൽ നദിക്കരികെനിന്നാണ് ഗ്രാമം ആരംഭിക്കുന്നത്. ബാർലിയും ഗോതമ്പും വിളഞ്ഞു നിൽക്കുന്ന പാടങ്ങൾ . അതിനപ്പുറം കുറേ മരങ്ങൾ. അവക്കിടയിൽ ഒന്നോ രണ്ടോ പ്രയർ വിലുകളും ഒഴികെ മനുഷ്യവാസ സൂചനകൾ ഒന്നുമില്ലായിരുന്നു. പിന്നെ നദിക്കു കുറുകെയുളള ഒരു ഇരുമ്പുപാലം കടന്ന ശേഷമാണ് മലയോട് ചേർന്ന കുറച്ചു വീടുകൾ കാണാൻ സാധിക്കുന്നത്.
അങ്ങനെ സഞ്ചരിക്കുമ്പോൾ ഒരു താഴ്വാരം കാണാം. അവിടെ യാക്കുകളും ആടുകളും മേഞ്ഞു കൊണ്ടിരിക്കുന്നു. പുഴയിൽ വെള്ളം കുറവാണ്. മലകളിൽ നിന്നും അടർന്നു വീണ കല്ലുകൾ പുഴയിൽ വെട്ടി തിളങ്ങും. കാലങ്ങളായുള്ള ഒഴുക്കിന്റെ ശക്തിയിലായിരിക്കാം അവ ഇങ്ങനെ മിനുസപ്പെട്ടിട്ടുണ്ടാവുക. ഒരേ സമ്പ്രദായത്തിലുള്ള വീടുകൾ ആണ്. താഴെ വളർത്തു മൃഗങ്ങളുടെ വാസസ്ഥലമാണ്. സൈഡിൽ വിറകുകളും ശേഖരിച്ചു വെച്ചിട്ടുണ്ട്.
മുകളിലാണ് വീട്ടുകാർ . പക്ഷേ കയറാൻ കോണികൾ കണ്ടില്ല. തറയിൽ നിന്നു തന്നെ നേരിട്ട് കയറാൻ കഴിയുന്ന രീതിയിലാണ് വീടുകളുടെ നിർമിതി . അതായിരിക്കാം ഒരു ലഡാക്കി തനിമ .
ബുദ്ധമതത്തിന്റെ പല ചിഹ്നങ്ങളും പാരമ്പര്യ പ്രതിമകളും നിറഞ്ഞതായിരുന്നു ആ വീടുകളിലെ സ്വീകരണ മുറി . ജനലിലൂടെ പർവ്വത ശീഖരങ്ങളുടെ കാഴ്ചകൾ ആസ്വദിക്കാം. കുത്തിയൊഴുകുന്ന പുഴയുടെ ശബ്ദവും കേൾക്കാം. പുഴ ആ ഗ്രാമത്തിന് ഒരു അനുഗ്രഹം എന്നപോലെ ഒരു ശാപവും ആയിരുന്നത്രേ. ചിലപ്പോൾ നോക്കിയിരിക്കെ അത് നിറഞ്ഞൊഴുകി ഈ ഗ്രാമത്തെ പലപ്പോഴും ദുരിതത്തിലാക്കും. അതിനെക്കുറിച്ച് പറയുമ്പോൾ അവരുടെ കണ്ണുകളിൽ ഭയത്തിന്റെ നിഴലുകളായിരുന്നു. അങ്ങനെ ഒരുപാട് പ്രളയങ്ങൾ കണ്ടിരിക്കുന്നു.
ഈ പ്രകൃതിയുമായി അവരൊക്കെ ഏറെ ഇണങ്ങിക്കഴിഞ്ഞിരിക്കുന്നു .
പ്രതികൂലമായ ഏതൊന്നിനേയും ഉൾക്കൊള്ളാനും പ്രതിരോധിക്കാനുമുള്ള കഴിവ് അവർക്ക് പാരമ്പര്യമായി ലഭിച്ചിട്ടുണ്ട്. അവിടെ പ്രഭാതഭക്ഷണം റൊട്ടിയും ധാരാളം പാൽ ചേർത്ത ചായയും ആണ് .
story highlights; himalaya village